കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള റോഡുകളിലും വാഹനങ്ങൾക്ക് ടോൾ ചുമത്താൻ സർക്കാർ ആലോചിക്കുന്നതായ വാർത്ത വാഹന ഉടമകളിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. നിലവിൽ ദേശീയ പാതകളിലേ ടോൾ പിരിവുള്ളൂ. സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന വലിയ പാലങ്ങൾക്കും ചുങ്കം പിരിവുണ്ട്. മുടക്കുമുതൽ തിരികെ ലഭിക്കുമ്പോൾ ടോൾ പിൻവലിക്കാറുമുണ്ട്. എന്നാൽ ദേശീയപാതയിൽ ആ രീതിയല്ല കാണുന്നത്. അനന്തമായ ടോൾ പിരിവാണ് അവിടെ! രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ പാതകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഭീമമായ ടോൾ നിശ്ചയിച്ചിട്ടുള്ളത്. സുഗമമായ യാത്ര ഉറപ്പാക്കുന്ന ദേശീയ പാതകളിലൂടെ വണ്ടിയോടിച്ചു പോകാൻ വാഹന ഉടമകൾക്കും ഇഷ്ടമാണ്. സമയലാഭവും ഇന്ധന ലാഭവുമുള്ളതിനാൽ ടോൾ നൽകാൻ മടിയുമില്ല. എന്നാൽ, സംസ്ഥാന പാതകളിലും ടോൾ നൽകേണ്ട സ്ഥിതി വന്നാൽ അതു വലിയ കടുംകൈയാകുമെന്നതിൽ സംശയമില്ല.
കിഫ്‌ബിക്ക് പണം കണ്ടെത്താൻ, കഴുത്തറ്റം നികുതി നൽകിക്കൊണ്ടിരിക്കുന്നവരെത്തന്നെ വീണ്ടും പിടികൂടുന്നത് നീതീകരണമില്ലാത്ത നടപടിയാണ്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഉണ്ടാക്കാൻ സർക്കാർ പിന്നെ എവിടെപ്പോകും എന്നാണ് ചോദ്യമെങ്കിൽ മറ്റു മാർഗങ്ങൾ തേടണമെന്നാണ് പറയാനുള്ളത്. കിഫ്‌ബിക്ക് ഫണ്ട് ഉണ്ടാക്കാൻ നേരത്തേ തന്നെ ഇന്ധന സെസും വാഹന നികുതിയുടെ പകുതിയും കിഫ്‌ബി ഫണ്ടിലേക്കാണ് പോകുന്നത്. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന 50 കോടിയ്ക്കു മുകളിൽ ചെലവു വരുന്ന സംസ്ഥാന പാതകളിൽ ടോൾ ഏർപ്പെടുത്താനാണ് ആലോചന. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചുകഴിഞ്ഞാൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് സൂചന. ടോൾ സംബന്ധിച്ച് കിഫ്‌ബി പഠനം തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിലെ കുറവും കിഫ്‌ബിക്കു വേണ്ടിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പു പരിധിയിൽ പെടുത്തിയതും കാരണം സാമ്പത്തിക ഞെരുക്കം കടുത്ത പശ്ചാത്തലത്തിലാണ് കിഫ്‌ബി പദ്ധതികൾക്കാവശ്യമായ പണം കണ്ടെത്താൻ ടോൾ പോലുള്ള പുതിയ ധനാഗമ മാർഗം തേടുന്നത്. കിഫ്‌ബി പദ്ധതികൾ വഴി സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന വ്യവസ്ഥ കിഫ്‌ബി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്ന നിലപാട് സർക്കാർ വൃത്തങ്ങൾ എടുത്തുപറയുന്നുണ്ട്. വ്യവസ്ഥയുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ പുതിയൊരു നികുതിഭാരം കൂടി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് തിരിച്ചടിയാകുമെന്നു തീർച്ചയാണ്.
വാഹന നികുതി, ഇന്ധന സെസ്, ഇൻഷ്വറൻസ് പ്രീമിയം തുടങ്ങിയ ഇനങ്ങളിൽ ഓരോ വാഹന ഉടമയും വലിയതോതിൽ നികുതി അടച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെയാണ് ടോൾ ഇനത്തിലും വലിയ സംഖ്യ നൽകിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലാണെങ്കിൽ പൊലീസിന്റെ പെറ്റി പിടിത്തം കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. വാഹനപ്പെരുപ്പത്തിനനുസരിച്ച് ഒരിടത്തും പാർക്കിംഗ് കേന്ദ്രമില്ലാത്തതിനാൽ വാഹനങ്ങൾ ലഭ്യമായ സ്ഥലത്തെല്ലാം ഇടേണ്ടിവരുന്നു. ഉടമ വീട്ടിലെത്തും മുൻപേ പിഴ അറിയിപ്പ് ഫോണിൽ വരും. മുൻകൂറായി സകല നികുതികളും അടച്ച് വാഹനങ്ങൾ റോഡിലിറക്കുന്നവരോട് ഒരു കാരുണ്യവുമില്ലാത്ത രീതിയിലാണ് ട്രാഫിക് പൊലീസിന്റെ സമീപനം. പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തേണ്ടത് നഗരസഭയും വാഹന വകുപ്പുമൊക്കെയാണ്. ഗുരുതരമായ ഈ പ്രശ്നത്തിനു നേരെ എല്ലാവരും കണ്ണടയ്ക്കുന്നു. മുട്ടിനു മുട്ടിനുള്ള ചുങ്കം പിരിവ് യഥാർത്ഥത്തിൽ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള സർക്കാർ നിയന്ത്രണമായിക്കൂടാത്തതാണ്. റോഡുകളും പാലങ്ങളും നിർമ്മിക്കാൻ ബഡ്‌ജറ്റിൽ വക കണ്ടെത്തണം. വിഭവങ്ങൾ നീതിപൂർവകമായും ആവശ്യങ്ങൾ കണ്ടറിഞ്ഞും ചെലവിടുമ്പോഴാണ് ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നത്. വളരെ കരുതലോടെ മാത്രമേ കിഫ്‌ബി ടോൾ പ്രശ്നത്തിൽ അന്തിമ തീരുമാനമെടുക്കാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |