തിരുവനന്തപുരം: പി.എം-ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർവകലാശാലയ്ക്ക് 100കോടി രൂപയുടെ പദ്ധതി കേന്ദ്രം കഴിഞ്ഞമാസം അംഗീകരിച്ചെങ്കിലും ഭരണാനുമതി നൽകാതെ സംസ്ഥാനം. പദ്ധതിയിൽ 60% കേന്ദ്രം തരും. 40% സംസ്ഥാനവിഹിതമാണ്. അതിനാൽ സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പദ്ധതി മുന്നോട്ടുപോവില്ല. അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയടക്കം അമ്പതിലേറെ ഇനങ്ങളിൽ ഈ പണമുപയോഗിക്കാം.
ആദ്യമായാണ് ഇത്ര വലിയ സഹായം സർവകലാശാലയ്ക്ക് കിട്ടുന്നത്. 100കോടി രൂപ രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാവും. 40കോടി ചെലവിൽ രണ്ട് ഹോസ്റ്റലുകൾ, മൂന്നരക്കോടിക്ക് റസിഡൻഷ്യൽ കോംപ്ലക്സ്, മൂന്നു കോടിക്ക് ബിസിനസ് ഇനവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ, 20കോടിക്ക് നാലുവർഷ ബിരുദക്കാർക്കായി 35പുതിയ ക്ലാസ് മുറികളും ലബോറട്ടറികളും എന്നിവയാണ് കാര്യവട്ടത്ത് നിർമ്മിക്കുന്നത്. ട്രാൻസ്ലേഷൻ റിസർച്ച് ആൻഡ് ഇനവേഷൻ സെന്ററിന് നാലു കോടി രൂപയ്ക്ക് കെട്ടിടം നിർമ്മിക്കും. ലബോറട്ടി ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുകളും വാങ്ങാനും എല്ലാ വകുപ്പുകളിലും ശിൽപ്പശാലകളും അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്താനുമാണ് 25കോടി.
സംസ്ഥാനത്തിന്റെ ഭരണാനുമതിയില്ലാത്തതിനാൽ കേന്ദ്രം പണം അനുവദിച്ചിട്ടില്ല. ബിരുദ കോഴ്സുകൾക്ക് മാത്രമായി കാര്യവട്ടത്ത് അക്കാഡമിക് സമുച്ചയം നിർമ്മിക്കുന്നതും ഈ പണമുപയോഗിച്ചാണ്.
ബി.ഫാം: പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ ശുപാർശ
തിരുവനന്തപുരം: ഫാർമസി കോഴ്സിലേക്ക് (ബി.ഫാം) പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ പ്രോസ്പെക്ടസ് പരിഷ്ക്കരണത്തിനുള്ള റീവാമ്പിംഗ് കമ്മിറ്റി യോഗം ശുപാർശ ചെയ്തു. നിലവിൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കൊപ്പമാണ് ഫാർമസി പ്രവേശന പരീക്ഷയും. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി പാർട്ടിൽ ലഭിച്ച മാർക്ക് പരിഗണിച്ചാണ് ഫാർമസി റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. എൻജിനിയറിംഗ് പരീക്ഷയ്ക്ക് അപേക്ഷിക്കാതെ ഫാർമസിക്ക് മാത്രമായി അപേക്ഷിച്ചവർക്ക് പ്രത്യേക പരീക്ഷ നടത്തിയിരുന്നു. അടുത്ത തവണ എൻജിനിയറിംഗ് പരീക്ഷ എഴുതുന്നവരും ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ എഴുതണമെന്ന രീതിയിലാണ് മാറ്റം വരുന്നത്. ആയുർവേദം, ഹോമിയോ, സിദ്ധ, യൂനാനി എന്നിവ അടങ്ങിയ ആയുഷ് കോഴ്സുകളിലേക്ക് മൂന്ന് അലോട്ട്മെൻറുകൾക്ക് ശേഷം സ്ട്രേ വേക്കൻസി റൗണ്ട് മുതൽ പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തി അലോട്ട്മെന്റ് നടത്താനും ഇതിനനുസൃതമായി പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താനും യോഗം ശുപാർശ ചെയ്തു. ശുപാർശ സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങുന്ന മുറയ്ക്ക് പരിഷ്ക്കരിച്ച പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |