തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള (എഐ) നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ സംവിധാനം വന്നാൽ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും 60 ശതമാനത്തിലധികം തൊഴിലില്ലായ്മ ഉണ്ടാവുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്നാണ് കണ്ണൂരിൽ എം വി ഗോവിന്ദൻ പറഞ്ഞത്.
എഐ തൊഴിൽ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് ഗോവിന്ദന്റെ നിലപാട് മാറ്റം. എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന മുൻനിലപാടിൽ നിന്ന് പിന്മാറിയോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'കേരളത്തിൽ പരിശോധിക്കുകയാണെങ്കിൽ 87ശതമാനം സമ്പത്ത് 10 ശതമാനം പേരിലാണ്. 50 ശതമാനം ജനങ്ങൾക്ക് മൂന്ന് ശതമാനവും. എഐ വരുന്നതോടെ വെെരുധ്യം കൂടും. അത് ഇന്നല്ലെങ്കിൽ നാളെ ചർച്ച ചെയ്യും. 60ശതമാനം തൊഴിലില്ലായ്മ വരുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം വന്നാൽ തന്നെ ഗുരുതരമായ പ്രതിസന്ധിയാണ്. ഈ എഐ സംവിധാനം മുഴുവൻ ആരുടെ കെെയിലാണ് വരിക? നമ്മുടെ നാട്ടിലെ കർഷകത്തൊഴിലാളിയുടെ കയ്യിലാണോ, കൃഷിക്കാരന്റെ കയ്യിലാണോ, ഇടത്തരക്കാരന്റെ കയ്യിലാണോ? എല്ലാം വരുന്നത് കുത്തക മുതലാളികളുടെ കയ്യിലായിരിക്കും. കുത്തക മുതലാളിത്തത്തിന്റെ ഭാഗമായി 60ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങൽ ശേഷി പൂർണമായും ഇല്ലാതാവുകയും ചെയ്താൽ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതി'- ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |