കൊല്ലം: നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൽ നടന്ന സംഗീത നാടക അക്കാഡമി ദക്ഷിണ മേഖല അമച്വർ നാടക മത്സരത്തിൽ തിരുവനന്തപുരം കനൽ സാംസ്കാരിക വേദിയുടെ "മാക്ബത്ത് ദി ലാസ്റ്റ് ഷോ" ആലപ്പുഴ മരുതം തിയറ്റേഴ്സിൻ്റെ "മാടൻ മോക്ഷം" എന്നീ നാടകങ്ങൾ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഹസിം അമരവിളയാണ് മാക്ബത്ത് ദി ലാസ്റ്റ് ഷോ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. രാജ്‌മോഹന്‍ നീലേശ്വരം രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ച നാടകമാണ് മാടൻ മോക്ഷം. ഡോ.ജെയിംസ് പോൾ, ബാബു കുരുവിള, കെ.എ.നന്ദജൻ എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്.16 മുതൽ 21 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിൽ നടക്കുന്ന സംസ്ഥാനതല അമേച്വർ നാടകമത്സരത്തിൽ രണ്ട് നാടകങ്ങളും മാറ്റുരയ്ക്കും.
സമാപന സമ്മേളനം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പവിത്ര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡി.സുകേശൻ അദ്ധ്യക്ഷനായി. അക്കാഡമി പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ, പ്രകാശ് കലാകേന്ദ്രം പ്രസിഡന്റ് ആർ.ബി.ഷജിത്ത്, ജനറൽ സെക്രട്ടറി എസ്.ശരത്ത്, കെ.ബി.ജോയ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |