ന്യൂഡൽഹി:അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറിൽ എത്തി.25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ട്. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.സംഘത്തിലെ 45 പേർ 30വയസിന് താഴെയുള്ളവരാണ്.
യു.എസിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ വാങ്ങി ദുബായ് വഴി ആളെ കയറ്റിവിടുന്ന ഏജൻസികൾ പഞ്ചാബിൽ സജീവമാണ്. തിരിച്ചുവന്നവരിൽ പലരും ഇവരുടെ വലയിൽ വീണവരാണ്.
ടെക്‌സാസിലെ സാൻ അന്റോണിയോയിൽ നിന്ന് പുറപ്പെട്ട യു.എസ് സി-11 ഗ്ളോബ്‌മാസ്റ്റർ വിമാനം ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത്.കനത്ത സുരക്ഷയിലായിരുന്നു വിമാനത്താവളം.
മുപ്പതുപേർ പഞ്ചാബിൽ നിന്നുള്ളവരാണ്. എണ്ണത്തിൽ ഇവരാണ് കൂടുതൽ. മറ്റുള്ളവർ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ചണ്ഡീഗഡ് സ്വദേശികളും. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ തുടർന്നവരെയാണ് നാടുകടത്തിയതെന്ന് അറിയുന്നു. ഇന്ത്യൻ എംബസി അധികൃതർ പൗരത്വം പരിശോധിച്ചുറപ്പിച്ച ശേഷമാണ് ടെക്‌സാസിൽ നിന്ന് വിമാനത്തിൽ കയറ്റിയത്.
വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കുമെന്നാണ് സൂചന.
വിലങ്ങണിയിച്ച
ഫോട്ടോ വൈറൽ
വിമാനത്തിനുള്ളിൽ ക്രിമിനൽ കുറ്റവാളികളെപ്പോലെ കൈകാലുകൾ ചങ്ങലയാൽ ബന്ധിപ്പിച്ച് മാസ്‌ക് ധരിച്ച് നിരന്നിരിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. കോൺഗ്രസ് നേതാവ് പവൻ ഖേര ചിത്രം ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ദുഃഖിപ്പിക്കുന്നുവെന്ന് പറഞ്ഞു. 2013 ഡിസംബറിൽ അമേരിക്കയിൽ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ കൈകൾ ബന്ധിച്ച് പരിശോധിച്ച സംഭവം അദ്ദേഹം ഓർമിച്ചു. എന്നാൽ പ്രചരിച്ചത് ജനുവരി 30ന് യു.എസിൽ നിന്ന് ഗ്വാട്ടിമലയിലേക്ക് പോയ വിമാനത്തിലെ ഫോട്ടോയാണെന്ന് പിന്നീട് ബോധ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |