കോഴിക്കോട്: രുചിയ്ക്കും മണത്തിനുമായി കൃത്രിമ നിറങ്ങൾ ചേർത്ത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയ ഹോട്ടലുകൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഹയാത്ത് ചെങ്കോട്ട്കാവ് കൊയിലാണ്ടി, ന്യൂ ബ്രോസ്റ്റ് റെസ്റ്റാറന്റ് കട്ടാങ്കൽ, അറേബ്യൻ പാലസ് മീഞ്ചന്ത, ആൺഡിസൻസ് കാറ്ററിങ്ങ് പേരാമ്പ്ര, അലങ്കാർ മാധവം ഹോട്ടൽ വില്യാപ്പളളി സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച കുഴിമന്തിയിലും ബിരിയാണിയിലുമാണ് കൃത്രിമ നിറം ഉപയോഗിച്ചതായി കണ്ടെത്തിയത്. റിപ്പോർട്ടിന്റ് അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളിലെ അത്തരം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം താത്ക്കാലികമായി നിരോധിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളിലായി കൃത്രിമ നിറം ഉപയോഗിക്കുന്നത് സംശയമുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. സ്ഥപനങ്ങൾക്കെതിരെ പ്രോസികൂഷൻ നടപടികളും ആരംഭിച്ചു.
" ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ മറ്റ് ചിക്കൻ വിഭവങ്ങൾ ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ കൃത്രിമ നിറം ചേർക്കാൻ പാടില്ല. ഭക്ഷണത്തിൽ കൃത്രിമ നിറം ചേർക്കുന്നത് മൂന്ന് മാസം വരെ തടവും 3 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭക്ഷണം കൂടുതൽ ആകർഷകമാക്കാനാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. 'നിറമല്ല രുചി' ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ കൃത്രിമ നിറങ്ങളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാൽ ചില ഹോട്ടലുകളിൽ ഇപ്പോഴും കൃത്രിമം നിറങ്ങൾ ഉപയോഗിക്കുന്നുണ്ട്. പരിശോധനയിൽ കൃത്രിമം നിറം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. "
എ. സക്കീർ ഹുസൈൻ, അസി.കമ്മിഷണർ ,ഭക്ഷ്യസുരക്ഷ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |