കൊച്ചി: സി.എസ്.ആർ ഫണ്ടുപയോഗിച്ച് പകുതിവിലയ്ക്ക് ഇരുചക്ര വാഹനമടക്കം നൽകാമെന്ന് പറഞ്ഞ് പ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ നടത്തിയത് 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. തട്ടിച്ച പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ മുഖ്യദൗത്യം. തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കും.
അനന്തുകൃഷ്ണന്റെ നാലുകോടിയുടെ അക്കൗണ്ടുകൾ മാത്രമാണ് മരവിപ്പിച്ചിട്ടുള്ളത്. പ്രതിയുടെ ഇന്നോവക്രിസ്റ്റയടക്കം മൂന്നു കാറുകൾ കസ്റ്റഡിയിലുണ്ട്. ഇവ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടി തുടങ്ങി.
അതിനിടെ പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മൂവാറ്റുപുഴ സബ്‌ജയിലിലുള്ള അനന്തുകൃഷ്ണനായി പൊലീസ് ഇന്നലെ കസ്റ്റഡി ഹാജരാക്കിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ നിരവധി കേസുകളുണ്ട്.
ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞു
തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ലാലിയുടെ മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സർക്കാരിന്റെ വിശദീകരണം തേടി. ലാലിയെ ഏഴാംപ്രതിയാക്കി കണ്ണൂർ ടൗൺ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടികാട്ടിയാണ് ലാലി മുൻകൂർ ജാമ്യഹർജി നൽകിയത്. അനന്തുകൃഷ്ണന്റെ ലീഗൽ അഡ്വൈസറായി പ്രവർത്തിച്ചിരുന്നു. വിവിധ കമ്പനികളുമായി കരാറുകൾ തയ്യാറാക്കാൻ നിയമോപദേശവും നൽകി. അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലാലിയുടെ മുൻകൂർ ജാമ്യഹർജി നൽകിയത്. അഭിഭാഷകർ ഇന്നലെ പ്രത്യേകം പരാമർശിച്ചാണ് ഹർജി കോടതിയുടെ പരിഗണനയ്ക്കെടുപ്പിച്ചത്.
തങ്ങളും ഇരയെന്ന് എ.എൻ. രാധാകൃഷ്ണൻ
അനന്തുകൃഷ്ണന്റെ തട്ടിപ്പിന് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നേഷനും (സൈൻ) ഇരയാണെന്ന് ചെയർമാൻ കൂടിയായ ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ള സാധനങ്ങൾ നൽകാമെന്നാണ് പറഞ്ഞത്. ജനസേവനത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപപോലും താൻ കൈപ്പറ്റിയിട്ടില്ല. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനുമായി സഹകരിക്കുന്നതിനു മുമ്പ് തങ്ങളുടെ സംഘടന 5,620 വാഹനം വിതരണം ചെയ്തിട്ടുണ്ട്. 400പേർക്ക് വാഹനം നൽകാനുമുണ്ട്. അവർ ആവശ്യപ്പെട്ടാൽ അടച്ച പണം തിരിച്ചു നൽകും. കുറച്ചുപേർ പണം കൈപ്പറ്റി. സൈനുമായി ബന്ധപ്പെട്ട് പണം നൽകിയവർക്കെല്ലാം വാഹനം നൽകും.
2024 മാർച്ച് 5നാണ് നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനുമായി സൈൻ കരാറിൽ ഏർപ്പെടുന്നത്. അതിനുശേഷം കുറേ പണം അക്കൗണ്ടിലൂടെ നൽകിയിട്ടുണ്ട്. സായിഗ്രാമം ചെയർമാൻ അനന്തകുമാറാണ് എൻ.ജി.ഒ കോൺഫെഡറേഷനെ പരിചയപ്പെടുത്തിയത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും വി. ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രം തന്നെ കാണിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തെക്കുറിച്ചും പറഞ്ഞു. പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിന് അനന്തുവിനെ കാണാൻ പല തവണ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |