നടൻ മമ്മൂട്ടിയിൽ നിന്നും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടിയും അവതാരകയുമായ ജുവൽ മേരി. ഒരു സ്റ്റേജ് ഷോയ്ക്കിടെ മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചാണ് ജുവൽ മേരി പറഞ്ഞത്. പരിപാടിയിൽ എന്ത് സംസാരിക്കണം എന്നുപോലും അറിയാത്ത അവസ്ഥ ഉണ്ടായെന്ന് താരം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജുവൽ മേരി.
'സ്റ്റേജിൽ വച്ച് കണ്ണുനിറഞ്ഞ് വിറച്ചുപോയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. നടൻ മമ്മൂട്ടി എന്നോട് ദേഷ്യപ്പെട്ടിരുന്നു. സിനിമാതാരങ്ങൾക്ക് അവാർഡ് നൽകുന്ന ഒരു പരിപാടിയുടെ അവതാരക ഞാനായിരുന്നു. വേദിക്ക് മുൻപിൽ മമ്മൂക്കയും ഭാര്യ സുൽഫത്തും ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. മികച്ച നടന് അവാർഡ് നൽകുന്നതിനായി ഞാൻ സുൽഫത്ത് മാഡത്തെ വേദിയിലേക്ക് ക്ഷണിച്ചു. മമ്മൂക്ക അത് പറ്റില്ലെന്ന് പറഞ്ഞു. ഞാൻ വീണ്ടും നിർബന്ധിച്ചു. അതുകേട്ടതോടെ മമ്മൂക്കയുടെ മുഖം മാറി. നല്ല ദേഷ്യത്തിലായി. ദുൽഖർ, സുൽഫത്ത് മാഡത്തിന്റെ കൈപിടിച്ച് ഇരുന്നു.
ഒടുവിൽ സുൽഫത്ത് മാഡം വേദിയിലേക്ക് വന്നു. മികച്ച നടനായി തിരഞ്ഞെടുത്തത് ദുൽഖറിനെയായിരുന്നു. അത് കേട്ടതോടെ എല്ലാവർക്കും സന്തോഷമായി. എന്നോട് ദേഷ്യം കാണിച്ച മമ്മൂക്ക തന്നെ സുൽഫിത്ത് മാഡം, ദുൽഖറിന് അവാർഡ് കൊടുക്കുന്നത് ഫോണിൽ പകർത്തി. അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചെത്തി. ഞാനുമുണ്ടായിരുന്നു. ഞാൻ സുൽഫത്ത് മാഡത്തിനോട് സോറി പറയാൻ പോയി. അപ്പോൾ മാഡം എന്നെ മോളേ എന്നുവിളിച്ചാണ് സംസാരിച്ചത്. ടെൻഷൻ ഉളളതുകൊണ്ടാണ് വേദിയിലേക്ക് വരാൻ താമസിച്ചതെന്നും സുൽഫത്ത് മാഡം എന്നോട് പറഞ്ഞു'- ജുവൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |