ഖൽബില് തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവ മനസുള്ളൊരീ കോയിക്കോട്
വേണേ കണ്ടോളീ...
ഈ പാട്ട് മതി അഭയ ഹിരൺമയി എന്ന ഗായികയെ മലയാളികൾക്ക് മനസിലാകാൻ. അലുവ പോലെ തേനൂറുന്ന ആ ശബ്ദത്തെയും പാട്ടുകാരിയെയും മലയാളികൾ നെഞ്ചേറ്റിയത് പെട്ടെന്നായിരുന്നു. വളരെ ബോൾഡും ബ്യൂട്ടിഫുളുമാണ് അഭയ. നെഞ്ചുറപ്പുള്ള തീരുമാനങ്ങളിലൂടെ, തളരാത്ത ഊർജത്തിലൂടെ ഓരോ നിമിഷവും അവർ വിസ്മയിപ്പിക്കും. വിവാദങ്ങൾ ചുറ്റിലും പുകഞ്ഞപ്പോഴും അഭയ അതിലൊന്നും കുലുങ്ങിയില്ല. സ്വന്തം വഴിയിലൂടെ ഉറച്ച ചിന്തകളിലൂടെ ജീവിക്കാനാണ് അവർക്കിഷ്ടം. അഭയ സംസാരിക്കുന്നു സംഗീതം, ജീവിതം അങ്ങനെ പ്രിയപ്പെട്ട കാര്യങ്ങൾ.
''സംഗീതമാണ് എന്റെ വഴിയെന്ന് തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. എൻജിനിയറിംഗ് മേഖലയിൽ നിന്നാണ് ഞാൻ വരുന്നത്. കുടുംബത്തിലെല്ലാവരും സംഗീതം ഉപജീവനമാർഗമാക്കിയവരാണ്. അതുകൊണ്ടു തന്നെ എന്നെ അതിലേക്ക് കൊണ്ടുവരാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു പ്രൊഫഷണൽ കോഴ്സ് പഠിക്കണമെന്നായിരുന്നു അവരുടെയൊക്കെ ആഗ്രഹം. അങ്ങനെയാണ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് പഠിക്കുന്നത്. എന്താണ് ആ നാലു വർഷം സംഭവിച്ചതെന്നു പോലും എനിക്കറിയില്ല. ഒടുവിൽ കോഴ്സ് കഴിഞ്ഞ് ഇറങ്ങിയെന്നെയുള്ളൂ, ചില പേപ്പറുകൾ പാസായിട്ട് കൂടിയില്ല. എന്തായാലും അതല്ല എന്റെ വഴിയെന്ന് മനസിലായതോടെയാണ് സംഗീതം മുന്നിൽ തെളിയുന്നതെന്ന് വേണേൽ പറയാം.
എൻജിനിയറിംഗ് കഴിഞ്ഞു നിന്ന സമയത്താണ് ഗോപി സുന്ദറിനെ ആദ്യമായി കാണുന്നത്. അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടമ്മായി... പാട്ട് കംപോസ് ചെയ്യുന്ന സമയം. അത് പാടിയ അന്ന കത്രീന എന്റെ റൂംമേറ്റായിരുന്നു. അവൾക്കൊപ്പം ഗോപിയുടെ സ്റ്റുഡിയോയിൽ ചെന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ സ്റ്റുഡിയോയിൽ ഇരുന്നപ്പോഴാണ് പാട്ട് പാടുന്നതും റെക്കോഡിംഗുമെല്ലാം ഇത്ര രസകരമായ കാര്യമാണെന്ന് മനസിലാകുന്നത്. പിന്നീട് ഗോപി വെറുതെ ഒരു രസത്തിന് എന്നെ കൊണ്ട് പാടിച്ചു നോക്കി. അന്ന് ഗോപിയാണ് എന്റെ വഴി സംഗീതമാണെന്ന് പറഞ്ഞു തരുന്നത്. ഇതാണ് നിന്റെ മാർഗം, നിന്റെ കുടുംബത്തിലുള്ളവരെല്ലാം തിരഞ്ഞെടുത്ത വഴി തന്നെയാണ് നിന്റേതും... അധികം പേർക്കും കിട്ടുന്ന ഭാഗ്യമല്ല ഇതെന്നൊക്കെ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. "
പാട്ട് പഠിച്ചില്ല, പക്ഷേ പാട്ടുകാരിയാണ്
വീട്ടിലെല്ലാവരും സംഗീതവുമായി ബന്ധപ്പെട്ടവരാണ്. അച്ഛൻ ദൂരദർശനിൽ പ്രൊഡ്യൂസറാണ്. അമ്മ സംഗീതജ്ഞയാണ്. അമ്മാവനും വല്യച്ഛനുമൊക്കെ സംഗീതവുമായി ബന്ധപ്പെട്ടവർ. രക്തത്തിൽ ഉണ്ടായിരുന്നെങ്കിലും അതിനെ സീരിയസായി കാണാൻ തുടങ്ങിയത് 24ാമത്തെ വയസിലാണെന്ന് പറയാം. ഇപ്പോൾ തോന്നുന്നുണ്ട് ഞാനെന്റെ ഒരുപാട് വർഷങ്ങൾ വെറുതേ കളഞ്ഞെന്ന്. ഒരുപക്ഷേ ആ സമയം സംഗീതത്തിന് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ ഇന്ന് അതിൽ എന്തെങ്കിലുമൊക്കെ ആകാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നെ എല്ലാം ഓരോ അനുഭവങ്ങളാണല്ലോ. കുട്ടിക്കാലത്തൊന്നും വീട്ടിൽ ആരും സംഗീതം പഠിക്കാൻ നിർബന്ധിച്ചിട്ടില്ല. സംഗീതം ഉപജീവനമാക്കരുതെന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് എനിക്കും വലിയ താത്പര്യം തോന്നിയിരുന്നില്ല. ഇപ്പോഴതിൽ കുറ്റബോധമുണ്ട്. അമ്മ കുട്ടികളെ സംഗീതം പഠിപ്പിക്കുമായിരുന്നു. ആകെ ആ കേൾവി ജ്ഞാനം മാത്രമേ എനിക്ക് സംഗീതവുമായിട്ടുണ്ടായിരുന്നുള്ളൂ. അമ്മ അവർക്ക് പഠിപ്പിച്ചിരുന്ന കീർത്തനങ്ങൾ മാത്രമാണ് എനിക്കറിയാവുന്നതും. ഗുരുമുഖത്ത് നിന്ന് സംഗീതം പഠിക്കുന്നത് 25ാമത്തെ വയസിലാണ്.
ഇത്രയും വർഷങ്ങൾ വെറുതേ പോയല്ലോ എന്നോർത്ത് ആദ്യമൊക്കെ ചെറുതായി വിഷമിച്ചിട്ടുണ്ട്. അനുഭവങ്ങളാണല്ലോ ഒരു ആർട്ടിസ്റ്റിന്റെ കൈ മുതൽ. അങ്ങനെ കരുതാനാണ് എനിക്കുമിപ്പോൾ ഇഷ്ടം. പാട്ട് പഠിക്കാനൊന്നും കുട്ടിക്കാലത്ത് താത്പര്യം കാട്ടിയിരുന്നില്ലെങ്കിലും സ്കൂളിലും കോളേജിലുമൊക്കെ പാട്ടിൽ സജീവമായിരുന്നു. ഞാനൊഴിച്ച് അന്ന് ബാക്കിയുള്ളവർക്കെല്ലാം എന്റെ സംഗീതത്തെ കുറിച്ച് ബോധമുണ്ടായിരുന്നുവെന്നതാണ് സത്യം. അദ്ധ്യാപകരെല്ലാം മത്സരങ്ങളിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചിരുന്നു. പക്ഷേ സ്വന്തം ഇഷ്ടം കൊണ്ട് ഞാനൊന്നിലും ഒന്നിലും പങ്കെടുത്തിരുന്നില്ല. അല്ലെങ്കിൽ എന്റെയുള്ളിൽ ഇങ്ങനെയൊരു കഴിവുണ്ടെന്ന കാര്യത്തിൽ ഞാൻ ബോധവതിയായിരുന്നില്ലെന്നും പറയാം.
കണിമലരേ...മുല്ലേ...
എഞ്ചിനിയറിംഗ് പഠിച്ചിറങ്ങിയപ്പോൾ തലയിലൂടെ പല ഐഡിയകളും കടന്നു പോയി. പക്ഷേ ഒന്നിലും എനിക്ക് വിജയിക്കാനും കഴിയുന്നില്ല, സന്തോഷം കണ്ടെത്താനും കഴിയുന്നില്ല. അങ്ങനെയാണ് സംഗീതം മതിയെന്ന് ഉറപ്പിക്കുന്നത്. ഇപ്പോൾ സംഗീതം മറ്റെന്തിനെക്കാളും വലുതാണ്. അതിൽ ഒരുപാട് ദൂരങ്ങൾ പിന്നിടണം. ഇപ്പോഴത്തെ സ്വപ്നം അതാണ്. പിന്നെ ശബ്ദം നല്ലതാണെന്ന് പലരും പറയുന്നുണ്ട്. അത് ദൈവാനുഗ്രഹമാണ്. വ്യത്യസ്തമായിട്ടുള്ള സ്വരം സമ്മാനിച്ചതിൽ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. അത് നല്ല രീതിയ്ക്ക് ഉപയോഗിക്കാനാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഞാൻ പൊതുവേ പോസിറ്റീവാണ്. അത് തന്നെയാണ് എന്റെ ശബ്ദത്തിലും ഫീൽ ചെയ്യുന്നത്. കണിമലരേ...മുല്ലേ എന്ന പാട്ട് ദു:ഖമായിട്ടുള്ള പാട്ടാണ്. പക്ഷേ ശബ്ദത്തിൽ എനർജി നല്ലതു പോലെ ഫീൽ ചെയ്യും. ഒത്തിരി അഭിനന്ദനങ്ങൾ കിട്ടിയ പാട്ടാണ്. അതുകൊണ്ടാകും എന്റെ സംഗീതവും ഹാപ്പിനസിന്റെ ഭാഗമായി തോന്നുന്നത്. വീണ കുട്ടിക്കാലം മുതലേ പഠിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും പഠിക്കുന്നുണ്ട്. അതുപോലെ കർണാടിക് സംഗീതവും വെസ്റ്റേണും ഇപ്പോൾ പഠിക്കുന്നുണ്ട്. ഒന്നും മാറ്റി നിറുത്തുന്നില്ല. രണ്ടും സംഗീതമാണല്ലോ.
വിവാദങ്ങളിൽ ഭയക്കുന്നില്ല
പ്രതീക്ഷിക്കാത്ത സമയത്ത് പല വിഷമങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. വിവാദങ്ങളെയെല്ലാം അതിജീവിക്കാൻ ഒരു പരിധി വരെ സംഗീതം സഹായിച്ചിട്ടുണ്ട്. എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ആൾക്കാർ ഇത്രയധികം തലയിടുന്നതെന്ന് എനിക്ക് മനസിലാകാറില്ല. പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ ഇരിക്കുന്നവർക്കാണ് ഈ പ്രശ്നം. ജോലിക്ക് പോകുന്നവർക്കാണെങ്കിൽ ഇതിനൊന്നും സമയമുണ്ടാകില്ലല്ലോ. പിന്നെ നാട്ടുകാർ എന്തു പറയുന്നുവെന്ന് കരുതി ജീവിക്കാനും നമുക്ക് പറ്റില്ല. പറയുന്നവർ പറഞ്ഞോട്ടെ എന്നു കരുതി മുന്നോട്ട് പോകാം. അവരാരുമല്ലല്ലോ നമ്മുടെ ജീവിതം ജീവിക്കുന്നത്. അതിന്റെ നിയന്ത്രണം നമ്മുടെ കൈകളിൽ തന്നെയാണ്. ആ ബോധ്യത്തോടെ ജീവിച്ചാൽ വിവാദങ്ങളെയൊന്നും ഭയക്കേണ്ടതില്ല. പിന്നെ ഇത്തരത്തിൽ ചീത്ത പറയുന്നവർക്കൊക്കെ ഇന്നൊരു വിഷയം, നാളെ പുതിയ വിഷയം കിട്ടുമ്പോൾ അവർ അതിന്റെ പിന്നാലെ പൊയ്ക്കോളും. ഞാനെപ്പോഴും പോസിറ്റീവാണ്. അതുകൊണ്ട് നെഗറ്റീവൊക്കെ കേട്ടാൽ പലതും മനസിലാകാറു കൂടിയില്ല.
അതൊക്കെ കൂടുതൽ ഉള്ളിലേക്ക് എടുത്താൽ നമ്മളും നെഗറ്റീവായി പോകും. അത് കൂടെയുള്ളവരെ ബാധിക്കും. നമ്മൾ ഹാപ്പിയായിട്ട് ഇരുന്നാലല്ലേ നമുക്ക് ചുറ്റുമുള്ളവരെ കൂടി ഹാപ്പിയാക്കാൻ പറ്റൂ. സെലിബ്രിറ്റിയായതിന്റെ പേരിലാകാം ഇത്തരം വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്. ഇപ്പോഴെത്തെ ഏറ്റവും പുതിയ കാര്യം നോക്കൂ... നടൻ ബിബിൻ ജോർജിന്റെ കുഞ്ഞിന്റെ പടം അദ്ദേഹമിട്ടപ്പോൾ എന്തെല്ലാം മോശം കമന്റുകളാണ് ആൾക്കാർ പോസ്റ്റ് ചെയ്തത്. അതൊരു കൈക്കുഞ്ഞാണ്. ഈ ലോകത്തെ അവൻ അറിയാറായിട്ടില്ല. അതുകൊണ്ട് സോഷ്യൽ മീഡിയയിലെ ഇത്തരം ആക്രമണങ്ങൾക്ക് പ്രത്യേകം ഇര എന്നൊന്നും ഇല്ല. ആരും എപ്പോൾ വേണമെങ്കിലും ആകാം. ഇതൊന്നിനും അമിതശ്രദ്ധ നൽകാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
സെലിബ്രിറ്റി ആയതുകൊണ്ട് ഇത്തിരി കടുപ്പം കൂടും. അത്രേയുള്ളൂ. സോഷ്യൽ മീഡിയയിൽ പലപ്പോഴും സ്ത്രീകളെ വളരെ മോശായിട്ടാണ് ചിത്രീകരിക്കുന്നത്. ഒരുതരം ഒളിയാക്രമണമാണ്. മറഞ്ഞിരുന്ന് യുദ്ധം ചെയ്യുന്നതു പോലെ. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തിനാണ് എത്തിനോക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. അതൊക്കെ മറന്ന് എത്ര മോശമായിട്ടാണ് ഓരോരുത്തരും പെരുമാറുന്നത്. സ്ത്രീകൾ കൂടിയാണെങ്കിൽ വളരെ മോശം ഭാഷയിലായിരിക്കും പ്രതികരണം. ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ പോലും മാന്യമായ ഭാഷയിൽ വേണ്ടേ സംസാരിക്കാൻ. പിന്നെ ഇതൊന്നും ശ്രദ്ധിക്കാതിരിക്കുക എന്നതാണ് എന്റെ രീതി.
ഏറെ പ്രിയപ്പെട്ട ഗോപി
ഗോപിസുന്ദർ തീർച്ചയായും സന്തോഷം തന്നെയാണ്. ഏറ്റവും അടുത്ത സുഹൃത്താണ്. എല്ലാതരത്തിലും അടുത്തൊരാളാണ്. നല്ലൊരു വ്യക്തിയും നല്ലൊരു സംഗീതജ്ഞനുമാണ് അദ്ദേഹം. ഓരോ നിമിഷവും അദ്ദേഹം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ജീവിതം ഇത്ര നന്നായി ആസ്വദിക്കാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഒരു സ്ത്രീയെന്ന നിലയിലും പാട്ടുകാരിയെന്നെ നിലയിലും അദ്ദേഹം എനിക്ക് തരുന്ന സ്നേഹവും കരുതലും വലുതാണ്. ഓരോ നിമിഷവും ഞങ്ങളിപ്പോൾ ആസ്വദിക്കുകയാണ്.
ഞങ്ങൾക്ക് ജി എസ് ടി ( ഗോപിസുന്ദർ ടി ജംഗ്ഷൻ )എന്നൊരു പ്രൊഡക്ഷൻ ഹബ്ബുണ്ട്.
അത് മാനേജ് ചെയ്യുന്നത് ഞാനാണ്. എല്ലാ മാസവും ഒരു ഷോ നടത്താറുണ്ട്. ആർട്ടിസ്റ്റും ആസ്വാദകരും തമ്മിൽ ഒരു വ്യത്യാസവുമില്ലാതെ തറയിൽ ഇരുന്നാണ് ആ പരിപാടി ചെയ്യുന്നത്. തൃപ്പൂണിത്തുറയിലാണ് അത്. 30 പേർക്കാണ് പ്രവേശനം. പൂർണമായും സംഗീതത്തിന് വേണ്ടി മാത്രം മാറ്റി വയ്ക്കുന്ന ഒരു മണിക്കൂറാണ്. ഷോയുടെ ഭാഗമാകാൻ എത്തുന്ന എല്ലാവരുടെയും മൊബൈലൊക്കെ വാങ്ങി വയ്ക്കും. ആ ഒരു മണിക്കൂർ മറ്റൊന്നും അവിടെ ചർച്ചയാവില്ല. അതു കഴിഞ്ഞ് ഒരു ഡിന്നറുമുണ്ട്. ഗസൽ ഒക്കെ നടത്താറില്ലേ. അത്തരമൊരു കൂട്ടായ്മയാണ്. ഇപ്പോൾ അതിന്റെ ജോലികളുമായി തിരക്കുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |