പാലക്കാട്: ദമ്പതികൾ വീട്ടിനുള്ളിൽ വഴക്കിട്ട് പരസ്പരം കത്തിക്കുത്ത് നടത്തിയതിനെത്തുടർന്ന് ഭാര്യ മരിച്ചു. ചന്ദ്രിക (53) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് രാജനെ (56) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പുംപാടത്തെ വാടക വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പാലക്കാട് തോലന്നൂർ സ്വദേശികളായ ഇവർ ഉപ്പുംപാടത്തെ വാടക വീട്ടിലെത്തിയത് പതിനഞ്ചുദിവസം മുമ്പാണ്. ഇരുനില വീട്ടിലെ താഴത്തെ നിലയിലാണ് രാജനും ചന്ദ്രികയും കഴിഞ്ഞിരുന്നത്. ഇളയ മകൾ മുകളിലത്തെ നിലയിലും. പുലർച്ച ശബ്ദം കേട്ട് താഴെയെത്തിയ മകളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടത്. മകൾ തന്നെയാണ് ആംബുലൻസ് വിളിച്ച് ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചതും. പക്ഷേ, ചന്ദ്രിക അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രാജനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ അപകട നില തരണം ചെയ്തോ എന്ന് വ്യക്തമല്ല. ഇയാളുടെ കുടൽ മുഴുവൻ പുറത്തുവന്ന നിലയിലാണ്. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായി സ്വയം കുത്തി പരിക്കേൽപ്പിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തേയും ചന്ദ്രികയെ രാജൻ ക്രൂരമായി ഉപദ്രവിക്കുകയും പരിക്കേൽപ്പിക്കും ചെയ്തിരുന്നു. ഇയാൾക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. നേരത്തേയും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവർക്ക് ബന്ധുക്കളായി അധികമാരും ഇല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വീട്ടുപരിസരത്തുള്ളവർക്കൊന്നും തന്നെ ഇവരെക്കുറിച്ച് ഒന്നും അറിയില്ല. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇളയമകളിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവം നേരിൽ കണ്ടതിനാൽ ആകെ തകർന്ന നിലയിലാണ് മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |