#ബോർഡ് അംഗങ്ങളെയും
പ്രതിചേർക്കും
കൊച്ചി/കോലഞ്ചേരി: പാതിവില തട്ടിപ്പുകേസിൽ എൻ.ജി.ഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ കെ.എൻ. ആനന്ദകുമാറിനെയും കോൺഫെഡറേഷന്റെ ബോർഡ് അംഗങ്ങളെയും പ്രതിചേർക്കാനുള്ള നടപടികളിലേക്ക് പൊലീസ്.
ഷീബാ സുരേഷ്, ബീന സെബാസ്റ്റ്യൻ, ജയകുമാരൻ നായർ എന്നിവരാണ് ബോർഡ് അംഗങ്ങൾ.
ആനന്ദ കുമാർ ചെയർമാനായി രൂപീകരിച്ച കോൺഫെഡറേഷന്റെ ബൈലോയിൽ, സ്കൂട്ടറും തയ്യൽമെഷീനും മറ്റും പാതിവിലയ്‌ക്ക് നൽകണമെന്നും വിതരണചുമതല ഇപ്പോൾ അറസ്റ്റിലായ തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണനാണെന്നും വ്യക്തമാക്കുന്നുണ്ട്.കോൺഫെഡറേഷന്റെ പ്രസിഡന്റാണ് അനന്തുകൃഷ്ണൻ. ബൈലോ പൊലീസ് കണ്ടെടുത്തതോടെയാണ് ആനന്ദകുമാർ വെട്ടിലായത്.
എൻ.ജി.ഒ കോൺഫെഡറേഷന്റെ മുഖ്യഉപദേഷ്ടാവായിരുന്ന റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി ഇന്നലെ പെരിന്തൽമണ്ണ പൊലീസും കേസെടുത്തു.ആനന്ദ കുമാറും അനന്തുകൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികൾ. രക്ഷാധികാരി എന്ന നിലയിലാണ് ജഡ്ജിയുടെ പേര് പരാതിക്കാർ ഉൾപ്പെടുത്തിയത്. എന്നാൽ, അദ്ദേഹം രക്ഷാധികാരി അല്ല.
അനന്തുകൃഷ്ണനിൽ നിന്ന് പണം കൈപ്പറ്റിയ വിവരങ്ങൾ പുറത്തുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായി. വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പണം നൽകിയെന്ന് അനന്തുകൃഷ്ണൻ ഇന്നലെ മാദ്ധ്യമങ്ങളോട് വിളിച്ചുപറയുകയും ചെയ്തു.
ആനന്ദകുമാറിന് രണ്ട് കോടി രൂപ നൽകിയിട്ടുണ്ടെന്നും തട്ടിപ്പിന്റെ സൂത്രധാരൻ ഇയാളാണെന്നും അറസ്റ്റിലായ അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.
തന്നെ ആയുധമാക്കിയെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമായിരുന്നു ആനന്ദകുമാറിന്റെ നിലപാട്.
തിരുവനന്തപുരം ശാസ്തമംഗലത്തെ സബ് രജിസ്ട്രാർ ഓഫീസിലാണ് എൻ.ജി.ഒ കോൺഫെഡറേഷൻ ട്രസ്റ്റായി 2022ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രൂപീകരിച്ച് എട്ടു മാസത്തിനുള്ളിൽ 400 കോടി രൂപ ട്രസ്റ്റിന്റെ മൂന്ന് അക്കൗണ്ടുകളിലായി എത്തി. മൂന്നര കോടി മാത്രമാണ് ഇപ്പോൾ ബാക്കി.
രക്ഷാധികാരിയല്ല:ഉപദേശക
സ്ഥാനം ഒഴിഞ്ഞു:റിട്ട.ജഡ്ജി
കൊച്ചി: പാതിവില തട്ടിപ്പിൽ പങ്കില്ലെന്നും എൻ.ജി.ഒ കോൺഫെഡറേഷന്റെ രക്ഷാധികാരിയായിരുന്നില്ലെന്നും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പ്രതികരിച്ചു
ആനന്ദകുമാറിന്റെ ആവശ്യപ്രകാരമായിരുന്നു ഉപദേശകനായത്. ചില പരിപാടികളിൽ പങ്കെടുത്തിരുന്നു. പണം പിരിക്കുന്നതായി കഴിഞ്ഞ ജൂണിൽ അറിഞ്ഞതിന് പിന്നാലെ ഉപദേശകസ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം ആനന്ദകുമാറിനെ അറിയിക്കുകയും ചെയ്തിരുന്നു. പണം വാങ്ങിയെങ്കിൽ സ്‌കൂട്ടർ നൽകണമെന്നും നിർദ്ദേശിച്ചാണ് സ്ഥാനം ഒഴിഞ്ഞത്. രക്ഷാധികാരിയെന്ന് തെറ്റിദ്ധരിച്ചാകാം പരാതിക്കാർ പൊലീസിനെ സമീപിച്ചത്. പൊലീസ് പരിശോധിക്കാതെ കേസെടുത്തു. എസ്.പിയുമായി ആശയവിനിമയം നടത്തിയിരുന്നു. പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എസ്.ആർ ഫണ്ട്
കിട്ടുമെന്ന് പ്രലോഭനം
വൻകിട കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നതാണ് സി.എസ്.ആർ ഫണ്ട്.ലക്ഷക്കണക്കിന് രൂപ ഇതിനായി മാറ്റിവയ്ക്കാറുണ്ട്. എൻ.ജി.ഒകൾ വഴിയാണ് തുക ചെലവഴിക്കുന്നത്. ഇതു ലഭ്യമാക്കിയാൽ പകുതിവില ആവശ്യക്കാരിൽ നിന്ന് ഈടാക്കി സ്കൂട്ടറും മറ്റും വിതരണം ചെയ്യാമെന്ന് കണക്കുകൂട്ടി.
നൂറുകണക്കിന് സംഘടനകളെയാണ് സി.എസ്.ആർ ഫണ്ടിന്റെ പേരിൽ കോൺഫെഡറേഷനിൽ അംഗമാക്കിയത്. പരിച്ചുനൽകുന്ന തുകയ്ക്ക് ചെറിയ കമ്മിഷനും വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |