എത്ര വലിയ ഭാരവും ഏന്തി പരാതിയില്ലാതെ നടക്കുന്ന വളർത്തുമൃഗമാണ് മനുഷ്യന് കഴുതകൾ. അതിപുരാതന കാലം മുതലേ മനുഷ്യൻ കഴുതകളെ അവരുടെ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്ന് കാണാം. സ്ഥിരം പ്രയോഗിക്കുന്ന വാക്കുകളിലും ചൊല്ലുകളിലും വരെ നമ്മൾ മലയാളികൾ കഴുതയെ ഉപയോഗിക്കാറുണ്ട്. പരമ്പരാഗത വൈദ്യത്തിന് വലിയ പ്രാധാന്യമുള്ള ചൈനയിൽ കുരങ്ങുകളും കടുവയുമെല്ലാം പോലെ കഴുതകളും വളരെ ആവശ്യമുള്ള ഒന്നാണ്. ഇവയുടെ ശരീരഭാഗത്തിൽ നിന്നും വരുന്ന ജെൽ പോലെയുള്ള ജലാറ്റിൻ എന്ന വസ്‌തു ചൈനക്കാരെ സൗന്ദര്യമുള്ളവരാക്കി നിർത്താൻ സഹായിക്കുന്നുണ്ട്.
ചൈനയെ സഹായിക്കാൻ പാകിസ്ഥാൻ
ചൈനയുടെ വ്യാപാര പങ്കാളിയായ പാകിസ്ഥാൻ ഇക്കാര്യത്തിൽ ചൈനയെ സഹായിക്കാൻ എത്തിയിരിക്കുകയാണ്. ലോകത്ത് കഴുതകളുടെ എണ്ണത്തിൽ മുൻപ് ഒന്നാമതായിരുന്നു ചൈന. ഇപ്പോൾ സൗന്ദര്യവർദ്ധക വസ്‌തുക്കൾക്കായി കഴുതകളെ വ്യാപകമായി കശാപ്പ് ചെയ്‌തുതുടങ്ങിയതോടെ കഴുതകളുടെ ആവശ്യം അവിടെ വർദ്ധിച്ചു. ലോകത്ത് എത്യോപ്യ, ഛാഡ്, സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ഏറ്റവുമധികം കഴുതകളുള്ള രാജ്യമാണ് പാകിസ്ഥാൻ. 9.93 മില്യൺ ആണ് എത്യോപ്യയിലെ കഴുതകളുടെ എണ്ണം, ഛാഡിൽ 3.71 മില്യണും സുഡാനിൽ 7.65 മില്യണും പാകിസ്ഥാനിലാകട്ടെ 5.72 മില്യണുമാണ് കഴുതകളുള്ളത്.
ചൈനയിലുണ്ടായത് 80 ശതമാനം കുറവ്
90കളുടെ തുടക്കത്തിൽ ചൈനയിൽ 1.1 കോടി കഴുതകളാണ് ഉണ്ടായിരുന്നത്, ചൈനീസ് പരമ്പരാഗത ഭക്ഷ്യ വസ്‌തുവായ ഇജിയാവോയ്‌ക്കായി കഴുതകളെ അവർ വ്യാപകമായി കശാപ്പ് ചെയ്‌ത് തുടങ്ങി. ഇതോടെ 2024 ആയപ്പോഴേക്കും കഴുതകളുടെ എണ്ണം 20 ലക്ഷമായി ചുരുങ്ങി. 80 ശതമാനം കുറവ്. എന്നാൽ ചൈനയിലെ ഇജിയാവോയുടെ ഡിമാൻഡാകട്ടെ ഒട്ടും കുറഞ്ഞതുമില്ല. ഇതോടെയാണ് പാകിസ്ഥാനിൽ നിന്നും കഴുതകളെ ഇറക്കുമതി ചെയ്യാൻ ചൈന തീരുമാനിച്ചത്.
എന്താണ് ഇജിയാവോ?
നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ചൈനക്കാർ വിശ്വസിക്കുന്ന ഒരു വസ്‌തുവാണ് ഇജിയാവോ. ചൈനയെ ഏറ്റവും അവസാനം ഭരിച്ചിരുന്ന രാജവംശമായ ക്വിംഗ് രാജവംശത്തിന്റെ കാലത്താണ് ഇത് വ്യാപകമായി ചൈനയിൽ ഉപയോഗിച്ച് തുടങ്ങിയത്. ചക്രവർത്തിമാർക്കും ബന്ധുക്കൾക്കും രക്തശുദ്ധിക്കായും പ്രതിരോധ ശേഷിക്കായും പ്രായം കൂടുന്ന പ്രശ്‌നം മന്ദഗതിയിലാക്കാനും ഉപയോഗിച്ചിരുന്ന ഒരു ആഡംബര വസ്‌തുവായിരുന്നു ഇജിയാവോ.
ഗുണങ്ങൾ
കഴുതയുടെ തോലിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന ജലാറ്റിനാണിത്. ലൈംഗിക ആരോഗ്യത്തിനും ഇജിയാവോ മികച്ചതാണ്. പ്രത്യേകിച്ചും സ്‌ത്രീകൾക്ക് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആർത്തവ പ്രശ്‌നങ്ങൾ, ഹോർമോണൽ വ്യതിയാനങ്ങൾ, ലൈംഗികചോദനയിൽ വർദ്ധന എന്നിവക്കെല്ലാം ഇജിയാവോ ഫലപ്രദമാണ് എന്നാണ് വിശ്വാസം. ഇപ്പോൾ എല്ലാവരും ഇത് വ്യാപകമായി ചൈനയിൽ ഉപയോഗിക്കുന്നുണ്ട്.
രക്തചംക്രമണത്തിനും വിളർച്ച കൊണ്ടുള്ള പ്രശ്‌നങ്ങൾക്കുമെല്ലാം ചൈനക്കാർ ഇജിയാവോ ആഹാരത്തിൽ കലർത്തിയും മറ്റും കഴിക്കുന്നു. ഫലം വർദ്ധിച്ചതോടെ ഉപഭോഗവും കൂടി ചുരുങ്ങിയ കാലംകൊണ്ട് ചൈനയിൽ രണ്ട്‌ലക്ഷം കഴുതകളെ വരെ ജലാറ്റിൻ എടുക്കാൻ കശാപ്പുചെയ്‌തു. ചൈനയിലെ മദ്ധ്യവർഗത്തിനാണ് ഇതിനോട് അതിയായ താൽപര്യം.
പാകിസ്ഥാന് സഹായം
2022 മുതൽ രാഷ്‌ട്രീയ അസ്ഥിരതകളാലും തകർന്ന സമ്പദ്‌വ്യവസ്ഥയാലും ബുദ്ധിമുട്ടുന്ന പാകിസ്ഥാന് വരുമാനവും യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായ പുതിയ എന്തെങ്കിലും സംരംഭം വന്നേ തീരുമായിരുന്നുള്ളൂ. ഈ അവസരത്തിൽ ചൈനയുടെ ആവശ്യം അവർ ഗൗരവമായെടുത്തു. ഗ്വാദാർ എന്ന തുറമുഖ നഗരത്തോട് ചേർന്ന് വമ്പൻ കശാപ്പ്ശാല പാകിസ്ഥാൻ ആരംഭിച്ചു. കഴുതകളെ കയറ്റുമതി ചെയ്യുന്നതിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ഈയിടെ പരിഹരിക്കപ്പെട്ടു.
ചൈനയിൽ നിന്നുള്ള കമ്പനികൾ ഇത്തരം കശാപ്പ്ശാലകൾക്കും നല്ല ഇനം കഴുതവളർത്തൽ കേന്ദ്രങ്ങൾക്കും പാകിസ്ഥാനിൽ കോടികൾ മുടക്കാനും തയ്യാറായി. പാകിസ്ഥാനെ പോലെ കഴുതകളുടെ എണ്ണം ഏറെയുള്ള അഫ്‌ഗാനിലും ചൈനയ്‌ക്ക് ഇതിനായി കണ്ണുണ്ട്. ഒരിക്കൽ കറാച്ചി തുറമുഖത്ത് നിന്നും ഉപ്പ് എന്ന പേരിൽ കടത്തിയ 10 മെട്രിക് ടൺ കഴുത ചർമ്മം പിടികൂടിയിരുന്നു. ഹോങ്കോംഗ് വഴി ചൈനയിലേക്കായിരുന്നു ഇത് കടത്താൻ ശ്രമിച്ചത്. ആവശ്യം വർദ്ധിച്ചതോടെ പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് കഴുത കള്ളക്കടത്തും വർദ്ധിച്ചു. എന്നാൽ ഇത്തരത്തിൽ കഴുതകളെ കശാപ്പ് ചെയ്യുന്നത് വലിയ പ്രശ്‌നത്തിലേക്ക് നയിച്ചേക്കും എന്നും പകരം മറ്റ് വഴികൾ തേടണമെന്നും വിദഗ്ദ്ധർ ഈ രാജ്യങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |