കഴിഞ്ഞ ഡിസംബർ മാസം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് മൂവാറ്റുപുഴ പൊലീസിലേക്ക് റൂറൽ ജില്ലാ പൊലീസ് മേധാവി മുഖേന ഒരു നിർദ്ദേശമെത്തി. മൂവാറ്റുപുഴയിൽ പാതിവിലയ്ക്ക് സ്കൂട്ടർ നൽകുന്നതിന്റെ പേരിൽ വൻതോതിൽ പണംപിരിക്കുന്നത് അന്വേഷിക്കാനായിരുന്നു നിർദ്ദേശം. എസ്.എച്ച്.ഒ ബേസിൽ തോമസ് അരയും തലയും മുറുക്കി ഇറങ്ങി. പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ 29കാരൻ അനന്തു കൃഷന്റെ പേര് ആദ്യമായി പൊലീസിനു മുന്നിലെത്തിയത് അങ്ങനെ. മൂവാറ്റുപുഴ സ്വദേശിനി ജുമാന മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽത്തന്നെ വ്യക്തമായി. എങ്കിലും നടപടികളിലേക്കു നീങ്ങാൻ പരാതികളൊന്നും മൂവാറ്റുപഴ പൊലീസിന് കിട്ടിയിരുന്നില്ല. ജുമാനയ്ക്കാകട്ടെ, പണം നഷ്ടപ്പെട്ടിട്ടുമില്ല!
പണം നഷ്ടപ്പെട്ടവരെ കണ്ടെത്തി, പരാതിക്ക് വഴിയൊരുക്കാൻ പൊലീസ് ശ്രമിച്ചപ്പോഴെല്ലാം, നൽകാനുള്ള പണം കൊടുത്തുതീർത്ത് ആ വഴികളെല്ലാം അനന്തുകൃഷ്ണൻ അടച്ചുകൊണ്ടിരുന്നു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഒരു പരാതിക്കായി പൊലീസ് കാത്തിരുന്നു. ഒടുവിൽ മൂവാറ്റുപുഴ മുനിസിപ്പൽ മുൻ കൗൺസിലറും സീഡ് സൊസൈറ്റി പ്രൊമോട്ടറുമായ പ്രമീള ഗിരീഷ് മുന്നോട്ടുവന്നതോടെ പൊലീസിന് കരുത്തായി. തുടർനടപടിക്ക് വേഗംകൂടി. വൈകാതെ കേരളംകണ്ട ഏറ്റവുംവലിയ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിലുമായി. തൊടുപുഴയിൽ ഇയാളുടെ സംഘടനയുടെ യോഗത്തിനിടെ നിന്നാണ് അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ എടുക്കുന്നത്. ചോദ്യംചെയ്ത് വിട്ടയയ്ക്കാമെന്നു ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അന്ന് ഒരു പരാതിക്കായി പരക്കംപാഞ്ഞ പൊലീസ് ഇപ്പോൾ പരാതി പ്രളയത്തിൽ നട്ടംതിരഞ്ഞുവെന്നത് മറ്റൊരു കൗതുകം. പണം നഷ്ടമായ 30,000-ത്തിലധികം പേരുണ്ടെങ്കിലും ഇതുവരെ ലഭിച്ച പരാതികൾ മൂവായിരത്തോളം മാത്രം.
തട്ടിപ്പിന്റെ ആകെ വ്യാപ്തി ഇനിയും കണക്കാക്കാൻ കഴിഞ്ഞിട്ടല്ല. 1000 കോടി അടുക്കുമെന്നാണ് വിലയിരുത്തൽ. സ്‌കൂട്ടർ നൽകാമെന്നു പറഞ്ഞ് 40,000 പേരിൽ നിന്ന് 60,000 രൂപ വീതം വാങ്ങിക്കൂട്ടി. അനന്തുവിന്റെ അക്കൗണ്ടിൽ ഈയിനത്തിൽ മാത്രം എത്തിയത് 240 കോടി രൂപ! 18,000 പേർക്കു മാത്രമാണ് വാഹനം നൽകിയത്. 13,000 പേരിൽ നിന്ന് തയ്യൽ മെഷീനും പണം വാങ്ങിയിരുന്നു. ഇത് കൊടുത്തു തീർത്തിട്ടുണ്ട്. ലാപ്‌ടോപ്പിന്റെ പേരിൽ 15,000 പേരിൽ നിന്നായി 30,000 രൂപയും, രാസവളത്തിന്റെ പേരിൽ 45,000 രൂപ വീതം 20,000 പേരിൽ നിന്നും അനന്തു വാങ്ങിയതായുള്ള രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ സാധനങ്ങൾ പാതിവിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് അനന്തുകൃഷ്ണൻ 98,000 പേരിൽ നിന്നാണ് പണം കൈപ്പറ്റിയത്. ഇതിൽ 65,000 പേർക്ക് സാധനങ്ങൾ നൽകി.
പലിശയിൽ മയക്കിയ
ലാ ബെല്ലാ
1986-ൽ പത്രങ്ങളുടെ ഒന്നാം പേജിൽ വന്ന ഒരു പരസ്യം കേരളത്തിലെ സമ്പന്നരെ മാത്രമല്ല ആകർഷിച്ചത്. നിക്ഷേപത്തിന് 40 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത പരസ്യം കൊച്ചിയിലെ ലാ ബെല്ലാ ഫൈനാൻസ് കമ്പനിയുടേതായിരുന്നു. ലാ ബെല്ലയിലേക്ക് നിക്ഷേപകരുടെ ഒഴുക്കായി. നിക്ഷേപം കൊള്ളപ്പലിശയ്ക്ക് മറിച്ചു നൽകിയായിരുന്നു ലാ ബെല്ലയുടെ ബിസിനസ്. അതു ക്ലിക്കായതോടെ പലരും ഇതേ തന്ത്രവുമായി രംഗത്തുവന്നു. കൊള്ളപ്പലിശയ്ക്കെതിരെ ജനകീയ ക്യാമ്പയിനും പതിയെ ഉയർന്നു. പിന്നാലെ വാർത്തകളും നിറഞ്ഞതോടെ ബ്ളേഡ് കമ്പനികൾ ഒന്നൊന്നായി പൊട്ടി. കെ.ജി.രാജനായിരുന്നു ലാ ബെല്ലയുടെ ഉടമ. നിക്ഷേപ പണംകൊണ്ട് ഇയാൾ പല ബിസിനസും തുടങ്ങിയെങ്കിലും ക്ളച്ചുപിടിച്ചിരുന്നില്ല. കോടികളുമായി മുങ്ങിയ രാജനെ ഏറെ വർഷങ്ങൾക്കുശേഷമാണ് ക്രൈംബ്രാഞ്ച് പിടികൂടുന്നത്.
റേഡിയേഷൻ
കോട്ട്; നാസയും
വാഷിംഗ്ടൺ ആസ്ഥാനമായുള്ള 'ഗ്ലോബൽ സ്‌പേസ് മെറ്റൽസ്" എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ്. പിന്നെ കൈയിലുള്ളത് ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ അംഗീകാരം! 'ഇറിഡിയം" അടങ്ങിയ റൈസ് പുള്ളർ വിറ്റ് കോടീശ്വരനാക്കാമെന്ന് വിശ്വസിപ്പിച്ച് 80 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിൽ അറസ്റ്റിലായ ബംഗളൂരുവിലെ ജേക്കബിനെ (55) ചോദ്യം ചെയ്യവേ, മറുപടികേട്ട് എറണാകുളം നോർത്ത് പൊലീസിലെ ഉദ്യോഗസ്ഥർ ഞെട്ടി. ചോദ്യംചെയ്യാൻ തുടങ്ങിയതോടെ എല്ലാം പൊളിഞ്ഞു. രാജ്യത്തുടനീളം 'റൈസ് പുള്ളറി"ന്റെ പേരിൽ തട്ടിപ്പ് നടത്തിവരികയായിരുന്നു കക്ഷി.
2016 മുതൽ പല തവണയായി ഈ വിദ്വാൻ 80 ലക്ഷത്തോളം രൂപ എറണാകുളം സ്വദേശിയിൽ നിന്ന് കൈക്കലാക്കി. എറണാകുളം സ്വദേശിയെ സമീപിച്ച ചിലർ, കോയമ്പത്തൂരിനടുത്ത് ഒരു വീട്ടിൽ കോടികൾ വിലമതിക്കുന്ന, ന്യൂക്ലിയർ പവറുള്ള ഇറിഡിയം റൈസ് പുള്ളർ ഉണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഇന്ത്യാ ഗവണ്മെന്റിന്റെ സഹായത്തോടെ നാസയ്ക്ക് വിൽക്കാൻ പറ്റുമെന്നും വിശ്വസിപ്പിച്ചു. ഇത് പരിശോധിക്കുന്ന ആളായാണ് ജേക്കബ് രംഗത്തുവരുന്നത്. റൈസ് പുള്ളർ പരിശോധിക്കാൻ 'ആന്റി റേഡിയേഷൻ കിറ്റ്" വേണമെന്നും അതുമായി വരാമെന്നും അറിയിച്ച് 25 ലക്ഷം ആദ്യം വാങ്ങി. സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് വിൽക്കാൻ പറ്റുമെന്നും വിശ്വസിപ്പിച്ചു.
കുറച്ചു ദിവസം കഴിഞ്ഞ് കിറ്റുമായി ജേക്കബ് എത്തി. പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ല എന്നു പറഞ്ഞ് വീണ്ടും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടുപോയി. ഓരോ തവണയും ടെസ്റ്റിംഗ് ചാർജായി ലക്ഷങ്ങൾ വാങ്ങിയെടുത്തു. ഒടുവിൽ എറണാകുളം സ്വദേശി പൊലീസിനെ സമീപിച്ചു. എറണാകുളത്ത് ഒരു വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ 25 ലക്ഷം തരാമെന്നും പറഞ്ഞപ്പോൾ പ്രതി വന്നു കുടുങ്ങി. ആന്റി റേഡിയേഷൻ കിറ്റ് ഫയർ സർവീസുകാർ ഉപയോഗിക്കുന്ന കോട്ടാണെന്നും പിന്നീട് കണ്ടെത്തി!
നാളെ: സ്വർണച്ചേന മുതൽ സ്കൂട്ടർ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |