കൊച്ചി: കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബംഗ്ലാദേശി പൗരന്‍മാരും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ നിന്ന് ഈ വര്‍ഷം മാത്രം ഇതുവരെ 37 ബംഗ്ലാദേശികള്‍ പിടിയിലായി. എറണാകുളം ഞാറയ്ക്കലില്‍ നിന്ന് വെള്ളിയാഴ്ച പൊലീസ് പിടികൂടിയ ബംഗ്ലാദേശി ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) എന്നിവര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
വ്യാജരേഖ ചമച്ച് കേരളത്തില്‍ കാലങ്ങളായി താമസിച്ചിരുന്ന ഇവരുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്വന്തം ഭൂമിവരെയുണ്ട് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. 'ഓടശ്ശേരി വീട്' എന്ന വീട്ടുപേരില്‍ ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്ന് ഞാറക്കല്‍ എസ്എച്ച്ഒ സുനില്‍ തോമസ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
ഇവര്‍ കേരളത്തില്‍ ഭൂമി വാങ്ങുന്നതിലേക്ക് ഉള്‍പ്പെടെ എത്തിയത് എങ്ങനെയാണെന്ന് വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസം മന്നത്ത് നിന്ന് 27 ബംഗ്ലാദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇത്രയും അധികം വിദേശികളെ പിടികൂടിയതിലൂടെ അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നതില്‍ ഒര്‍ജിനല്‍ ഏത് വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. കേരളത്തിലേക്ക് എത്തുന്ന ഭായിമാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്രയും അധികം ബംഗ്ലാദേശികളെ ഒരുമിച്ച് പിടികൂടിയതോടെയാണ് ആശങ്ക വര്‍ദ്ധിച്ചത്.
വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചാണ് ഇവരുടെ വരവ്. ഇവ തരപ്പെടുത്തിക്കൊടുക്കാന്‍ ബംഗ്ലദേശില്‍ ഏജന്റുമാര്‍ ഉണ്ടെന്നാണ് പിടിയിലായവര്‍ പൊലീസിനു നല്‍കിയ മൊഴി. കൂടുതല്‍ കൂലി ലഭിക്കുമെന്ന കാരണത്താലാണ് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നു കൂട്ടമായി അന്യസംസ്ഥാന ത്തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്.
ബംഗ്ലാദേശില്‍ നിന്ന് മുമ്പ് നാടുകടത്തപ്പെട്ടവര്‍ ധാക്കയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും അവിടെ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും നുഴഞ്ഞ് കയറുന്നുണ്ടെന്ന റിപ്പോര്‍ട്ട് മുമ്പ് ദേശീയമാദ്ധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ നടത്തുന്ന പ്രക്രിയ മുമ്പ് നടത്തിയിരുന്നു. എന്നാല്‍ ഓരോ ദിവസവും ആളുകള്‍ കേരളത്തിലേക്ക് എത്തുന്നതോടെ രജിസ്ട്രേഷന്‍ പദ്ധതി പാളിയ സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |