അങ്ങനെ കേരളത്തിലും സ്വകാര്യ സർവകലാശാലകളുടെ ഉദയത്തിന് അവസാനം കളമൊരുങ്ങുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ പണ്ടേ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടത്തെ രാഷ്ട്രീയക്കാരിൽ രൂഢമൂലമായിക്കഴിഞ്ഞ സങ്കുചിത ചിന്താഗതി ഈ ആശയത്തിന് എതിരായിരുന്നു. പ്രധാനമായും, ഇപ്പോഴത്തെ ഭരണമുന്നണിക്ക് നേതൃത്വം വഹിക്കുന്നവർ തന്നെയായിരുന്നു പ്രധാന എതിർപ്പുമായി രംഗത്തുണ്ടായിരുന്നവർ. ഏതായാലും ഏറെ വിവാദങ്ങൾക്കൊടുവിൽ സ്വകാര്യ സർവകലാശാലകൾ ഇവിടെയും പിറവിയെടുക്കുമെന്നത് വിജ്ഞാനദാഹികളായ മലയാളി വിദ്യാർത്ഥികൾക്ക് സന്തോഷത്തിന് വക നൽകുമെന്നതിൽ സംശയമില്ല. കേരളത്തിൽ നിന്ന് ആയിരക്കണക്കിനു കുട്ടികളാണ് നിലവിൽ അന്യനാടുകളിലെ സ്വകാര്യ സർവകലാശാലകളിൽ പ്രവേശനം തേടുന്നത്. അത്യാധുനിക വിഷയങ്ങൾ തേടിയാണ് പലരും ഇവിടത്തെ കോളേജുകൾ വേണ്ടെന്നുവച്ച് മറ്റു നാടുകളിലേക്കു പോകുന്നത്.
തിങ്കളാഴ്ച മന്ത്രിസഭായോഗം അംഗീകാരം നൽകിയ സ്വകാര്യ സർവകലാശാലാ ബിൽ ഈയാഴ്ച തന്നെ നിയമസഭയിൽ അവതരിപ്പിക്കും. കരടുബില്ലിൽ വിവാദ വ്യവസ്ഥയായി നിലനിന്നിരുന്ന വിസിറ്റർ പദവി മന്ത്രിസഭ അംഗീകരിച്ച ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സി.പി.ഐയുടെ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെത്തുടർന്നാണ് വിസിറ്റർ വ്യവസ്ഥ ഉപേക്ഷിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിറ്റർ പദവി വഹിക്കണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യു.ജി.സി വ്യവസ്ഥകൾക്കു വിധേയമായി ഇവിടെയും പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. സ്വകാര്യ സർവകലാശാലകളിലെ കോഴ്സുകളിൽ നാല്പതു ശതമാനം സീറ്റുകൾ മലയാളി വിദ്യാർത്ഥികൾക്ക് നീക്കിവയ്ക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പട്ടികജാതി, വർഗക്കാർക്ക് സംസ്ഥാനത്ത് നിലവിലുള്ള സംവരണവും അതേപടി തുടരും. പ്രവേശനം, ഫീസ് എന്നിവയിൽ സർക്കാർ നിയന്ത്രണമില്ലാതെ സ്വകാര്യ സർവകലാശാലകൾക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം.
25 കോടി രൂപ കെട്ടിവച്ചുവേണം സ്വകാര്യ സർവകലാശാലകൾക്കായി അപേക്ഷ നൽകേണ്ടത്. മൾട്ടി ക്യാമ്പസ് ആണ് ആരംഭിക്കുന്നതെങ്കിൽ പത്ത് ഏക്കർ ഭൂമിയും ആവശ്യമാണ്. മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന സ്വകാര്യ സർവകലാശാലകളെ ആറുമാസത്തെ നോട്ടീസ് നൽകി പ്രവർത്തനം അവസാനിപ്പിക്കാൻ വ്യവസ്ഥയുണ്ട്. ഭരണപരമായ കാര്യങ്ങളിലും സർക്കാർ നിയന്ത്രണങ്ങൾ ബാധകമാണ്. ഭരണസമിതിയിൽ സർക്കാർ പ്രതിനിധികളുമുണ്ടാകും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തുടങ്ങുമ്പോൾ അതതു വകുപ്പു സെക്രട്ടറിമാർ സർവകലാശാലാ ഭരണസമിതിയിൽ ഉണ്ടാകണം. സ്വകാര്യ സർവകലാശാലയിലെ ഏറ്റവും ഉന്നതമായ പദവി വിസിറ്ററുടേതായിരിക്കും എന്ന കരടു ബില്ലിലെ വ്യവസ്ഥയിലും മാറ്റം വന്നിട്ടുണ്ട്. ചാൻസലർ നിയമനം ഉൾപ്പെടെ ഭരണപരമായ എല്ലാ കാര്യങ്ങളിലും വിസിറ്റർക്ക് പരമാധികാരം നൽകുന്നത് ശരിയായ നടപടിയല്ലെന്നു കണ്ടാണ് ഭേദഗതി വരുത്തിയത്. നിയമനങ്ങളിൽ യു.ജി.സി ചട്ടങ്ങൾ സ്വകാര്യ സർവകലാശാലകൾക്കും ബാധകമാണ്. ഓഫ് ക്യാമ്പസുകൾ തുടങ്ങാനും വിലക്കുണ്ടാവില്ല.
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ വന്നുതുടങ്ങുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. കാലഹരണപ്പെട്ട കോഴ്‌സുകളും പഠന സമ്പ്രദായങ്ങളുമായി ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടുപോകുന്ന ഇവിടത്തെ കലാലയങ്ങളും കാലഘട്ടത്തിനനുസരണമായി മാറി ചിന്തിച്ചു തുടങ്ങാൻ സ്വകാര്യ സർവകലാശാലകൾ പ്രേരണയാകുമെന്നു കരുതാം. ഓട്ടോണമസ് കോളേജ് എന്ന ആശയത്തോടുപോലും മുഖംതിരിഞ്ഞു നിന്നവരും സ്വകാര്യ സർവകലാശാലകളുടെ വക്താക്കളായി മാറും. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ തേടി അന്യനാടുകളിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് ഒരുപരിധിവരെ നിയന്ത്രിക്കാനും കഴിയും. എന്നേ നടപ്പാക്കേണ്ടിയിരുന്ന ഒരു പരിഷ്കാരത്തിനാണ് ഏറെ വൈകി ഇപ്പോൾ തുടക്കമിടുന്നത്. വിദ്യാഭ്യാസ മേഖലയിൽ വൻ നിക്ഷേപം മുടക്കാൻ കാത്തിരിക്കുന്നവർ ഇവിടെയും പുറത്തും ധാരാളമുണ്ട്. കനകാവസരമാണ് അവരെ കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |