രാഷ്ട്രീയ വിദ്വേഷം കാരണം അനാവശ്യമായ പിടിവാശികളും ശത്രുതയും ഊരുവിലക്കും മറ്റും രാഷ്ട്രീയ പാർട്ടികൾ ചില വ്യക്തികളോട് പുലർത്താറുണ്ട്. ഞങ്ങളോടു കളിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല എന്ന കവലച്ചട്ടമ്പി സംസ്കാരമാണ് ഇതിനു പിന്നിലുള്ളത്. മാത്രമല്ല, ഇതിലൂടെ ഭാവിയിൽ തങ്ങൾക്കെതിരെ ആരെങ്കിലും തലപൊക്കിയാൽ അവർക്കും ഇതാകും ഗതി എന്ന സന്ദേശം നൽകുന്നതിനു കൂടിയാണ് സംഘടിത ശക്തികൾ ഇത്തരം കുത്സിത പ്രവർത്തനങ്ങൾ നടത്തുന്നത്. അതേസമയം ഇവർ തന്നെ ഭരണഘടന ഉയർത്തിപ്പിടിച്ച് അതിന്റെ മാഹാത്മ്യത്തെക്കുറിച്ച് വാതോരാതെ പറയുകയും അത് തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യും! ഭരണഘടന തുല്യനീതിയും അവസരവുമാണ് ഏതൊരു പൗരനും വാഗ്ദാനം ചെയ്യുന്നത്. പ്രവൃത്തിയിൽ അത് ലംഘിച്ചുകൊണ്ടാണ് വാക്കുകൊണ്ട് അതിനെ പ്രകീർത്തിക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും കാണില്ല. ഇതിനാണ് കാപട്യം എന്നു പറയുന്നത്.
ഇത്തരം കാപട്യം രാഷ്ട്രീയ പാർട്ടികൾക്ക് 'ഭൂഷണ"മാണെങ്കിലും ഒരിക്കലും ഒരു സർക്കാർ ആ വഴിക്കു നീങ്ങുന്നത് ഏതു വഴിക്ക് ചിന്തിച്ചാലും നല്ലതാണെന്ന് പറയാനാവില്ല. സ്ഥിരം പെൻഷനും മറ്റ് സർവീസ് ആനുകൂല്യങ്ങളും സിസാ തോമസ് എന്ന അദ്ധ്യാപികയുടെ ന്യായമായ അവകാശമാണ്. രാഷ്ട്രീയ വിരോധം കാരണം അത് നൽകാതെ പിടിച്ചുവച്ചിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. അവർക്ക് നിയമവിധേയമായി ലഭിക്കേണ്ട ആനുകൂല്യങ്ങളാണവ. ജോലി ചെയ്തുകഴിഞ്ഞ് നിനക്കിന്ന് കൂലിയില്ല എന്നു പറഞ്ഞിരുന്ന ജന്മിമാർക്കെതിരെ രൂപം കൊണ്ട പാർട്ടിയാണ് ഇന്ന് ഭരിക്കുന്നത്. ആ പഴയ ജന്മിയുടെ മനോഭാവമാണ് ഈ സർക്കാർ ഇതുവരെ സിസാ തോമസിനോട് പുലർത്തിക്കൊണ്ടിരിക്കുന്നത്.
എത്ര തടഞ്ഞാലും ഇന്നല്ലെങ്കിൽ നാളെ അവർക്ക് എല്ലാ ആനുകൂല്യങ്ങളും പലിശ സഹിതം കൊടുത്തേ മതിയാകൂ. ചീഫ് സെക്രട്ടറിയെ കൂട്ടിൽ കയറ്റി നിറുത്തുന്നതിനു മുമ്പ് അത് നൽകുന്നതല്ലേ ബുദ്ധി? പിടിവാശിയൊക്ക കളഞ്ഞ് തെളിഞ്ഞ ബുദ്ധിയോടെ സർക്കാർ ആലോചിക്കേണ്ട വിഷയമാണിത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള വടംവലിയിൽ ബലിയാടാക്കപ്പെട്ട വ്യക്തിയാണ് പ്രൊഫ. സിസാ തോമസ്. ഗവർണറുടെ ഉത്തരവ് പ്രകാരമാണ് ഈ അദ്ധ്യാപിക സാങ്കേതിക സർവകലാശാലയുടെ വി.സിയായി ചുമതലയേറ്റത്. അന്നു മുതൽ അവർ സർക്കാരിന്റെ കണ്ണിലെ കരടായി. മോഷണക്കുറ്റം പോലും അവരുടെ മേൽ ചാർത്താനുള്ള തരത്തിലേക്ക് സർക്കാർ തരം താഴ്‌ന്നു. പെൻഷനും മറ്റാനുകൂല്യങ്ങളും കൊടുക്കില്ല എന്ന വാശിയിലാണ് സർക്കാർ. തനിക്കെതിരെയുള്ള എല്ലാ നടപടിക്കും ചുക്കാൻ പിടിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡിഷണൽ സെക്രട്ടറി സി. അജയനാണെന്ന് സിസാ തോമസ് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
അധികാര സ്ഥാനത്ത് തിരശ്ശീലയ്ക്കു പിന്നിലിരുന്ന് ഇത്തരം വ്യക്തികൾ നടത്തുന്ന നിയമവിരുദ്ധ നടപടികൾ മൊത്തത്തിൽ സർക്കാരിന് പേരുദോഷം വരുത്തിവയ്ക്കാനേ ഇടവരുത്തൂ. ഒരു ഉദ്യോഗസ്ഥന് ഇത്ര വാശി പുലർത്താൻ സ്വന്തം നിലയിൽ ബുദ്ധിമുട്ടാണ്. അപ്പോൾ ഇയാൾക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ അതിനും മുകളിലുള്ളവരിൽ നിന്ന് നിർലോപം ലഭിച്ചുവരുന്നു എന്നു വേണം ഊഹിക്കേണ്ടത്.
എന്തായാലും രണ്ടാഴ്ചയ്ക്കുള്ളിൽ സിസാ തോമസിന് താത്‌കാലിക പെൻഷനും കുടിശ്ശികയും നൽകാൻ സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരിക്കുകയാണ്. ഇനിയും ഈ പ്രശ്നം വലിച്ചുനീട്ടാനുള്ള കുതന്ത്രങ്ങൾക്കു മുതിരാതെ അത് നൽകാനാണ് സർക്കാർ നടപടിയെടുക്കേണ്ടത്. സെൻകുമാറിനെ ഡി.ജി.പി കസേരയിലിരുത്തില്ലെന്ന് പ്രതിജ്ഞ ചെയ്തവർക്ക് ഒടുവിൽ ഇരുത്തേണ്ടി വന്നില്ലേ? അതുപോലൊരു തോൽവി ഇതിലും ഉറപ്പാണ്. അതിനു മുമ്പ് പ്രശ്നം തീർക്കുന്നതാണ് ഉചിതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |