ചെന്നൈ: നടൻ കമലഹാസൻ ജൂലായിൽ തമിഴ്നാട്ടിൽ നിന്നും രാജ്യസംഭാംഗമാവും. ഡി.എം.കെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനാണ് ഡി.എം.കെയ്ക്ക് ലഭിക്കാവുന്ന സീറ്റുകളിലൊന്ന് കമലഹാസന് നൽകാൻ തീരുമാനിച്ചത്. തീരുമാനം ഇന്നലെ മന്ത്രി ശേഖർ ബാബു കമലഹാസനെ നേരിട്ട് അറിയിച്ചു. അര മണിക്കൂറിലേറെ അവർ ചർച്ച നടത്തി. മക്കൾ നീതി മയ്യം ജനറൽ സെക്രട്ടറി എം.അരുണാചലവും പങ്കെടുത്തു.
ജൂലായിൽ തമിഴ്നാട്ടിൽ ഒഴിവുവരുന്ന ആറ് രാജ്യസഭാ സീറ്റിൽ നാലു പേരെ വിജയിപ്പിക്കാൻ ഡി.എം.കെ സഖ്യത്തിന് കഴിയും. അതിലൊന്നാണ് കമലഹാസനു നൽകുക. ഡി.എം.കെയുമായുണ്ടാക്കിയ ധാരണയനുസരിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്ഥാനാർത്ഥികളെ നിറുത്തിയില്ല. പകരം കമലഹാസൻ താരപ്രചാരകന്റെ റോളിൽ മുന്നണിക്കു വേണ്ടി വോട്ടു തേടിയിരുന്നു.
എം.കെ.സ്റ്റാലിനും കമലഹാസനുമായി മാർച്ച് 9ന് നടന്ന ചർച്ചയിലാണ് രാജ്യസഭാസീറ്റിൽ ധാരണയുണ്ടായത്. ഇക്കാര്യം 10ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.
രാജ്യസീറ്റ്
വന്ന വഴി
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് സമ്പൂർണ പരാജയമായോതോടെയാണ് മുന്നണിയുടെ ഭാഗമാകാൻ കമൽ തീരുമാനിച്ചത്
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസുമായി ചർച്ച നടത്തി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ധാരണയായി. എന്നാൽ ഡി.എം.കെ അതിനെ എതിർത്തു. മത്സരിക്കുന്നെങ്കിൽ സ്വന്തം പാർട്ടി ചിഹ്നമായ ടോർച്ചിൽ വേണമെന്ന് മക്കൾ നീതിമയ്യം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് എം.കെ.സ്റ്റാലിനുമായി കമലഹാസൻ ചർച്ച നടത്തിയത്. മുന്നണിയുടെ ഭാഗമാകുന്നതിനായി കമലിനു മുന്നിൽ 2 നിർദ്ദേശങ്ങളാണ് ഡി.എം.കെ നേതൃത്വം മുന്നോട്ടുവച്ചത്. ഒന്ന്- ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കണം. രണ്ട്- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുന്നണിയുടെ താരപ്രചാരകനായാൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമലിന് നൽകും. രണ്ടാമത്തേത് കമൽ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |