തിരുവനന്തപുരം: ആന്റണി പെരുമ്പാവൂരിന്റെ വിമർശനത്തിന് മറുപടിയുമായി സുരേഷ് കുമാർ. ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോൾ സിനിമ നിർമ്മിച്ചയാളാണ് താൻ എന്നും അപ്പുറത്ത് നിൽക്കുന്നത് മോഹൻലാൽ ആയതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
''അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിൽ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ‌്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചർച്ച ചെയ‌്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞാനൊരു മണ്ടനല്ല. ഒരുപാട് കാലമായി ഇവിടെയുണ്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ടു തുടങ്ങിയപ്പോൾ സിനിമ എടുത്ത ആളാണ് ഞാൻ. തമാശ കളിക്കാനല്ല ഞാൻ സിനിമയിലിരിക്കുന്നത്. 46 വർഷമായി സിനിമാ രംഗത്തു വന്നിട്ട്. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം മുതൽ എനിക്ക് അറിയാവുന്ന ആളാണ് ആന്റണി.
ആന്റോ ജോസഫ് മേയ് മാസം വരെ അസോസിയഷേനിൽ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിച്ചത്. അസോസിയേഷന്റെ ഒരു കാര്യത്തിനും ആന്റണി വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല.
ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞിട്ടാണ് എമ്പുരാന്റെ കാര്യം പറഞ്ഞത്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ ചെയ്യാം. അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല. നൂറ് കോടി ക്ളബിൽ കയറിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കുകൾ ആന്റണി അടക്കമുള്ളവർ കാണിക്കട്ടെ. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |