ക്യാമ്പസുകളിൽ ഭീതി പടർത്തുന്ന റാഗിംഗ് എന്ന കാട്ടാളത്തം അവിടവിടെ ശക്തമായി തലപൊക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. അതിക്രൂരമായ വിധത്തിൽ ജൂനിയർ വിദ്യാർത്ഥികൾ റാഗിംഗ് പീഡനം നേരിടേണ്ടിവന്ന കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ അഞ്ചു മൂന്നാം വർഷ വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ്, കാര്യവട്ടം സർക്കാർ കോളേജ് എന്നിവിടങ്ങളിലും റാഗിംഗ് സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. പുതുതായി എത്തുന്ന വിദ്യാർത്ഥികളെ 'മെരുക്കി"യെടുക്കാനായി സീനിയർ വിദ്യാർത്ഥികൾ നടത്തിവന്ന നിരുപദ്രവ സ്വഭാവത്തിലുള്ള റാഗിംഗ്, ആ നിലവിട്ട് കൊടിയ കുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന തരത്തിലുള്ള അതിക്രൂരവും പൈശാചികവുമായ ഭേദ്യമുറകളിലേക്ക് വളർന്നിരിക്കുകയാണ്.
ഒരുവർഷം മുമ്പ് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന കുട്ടി ഹോസ്റ്റലിൽ ക്രൂരപീഡനങ്ങൾക്കിരയായി, ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടിവന്നത് സംസ്ഥാനത്തൊട്ടാകെ ഞെട്ടലും പ്രതിഷേധവും ഉയർത്തിയ സംഭവമാണ്. മനുഷ്യത്വത്തിനും സംസ്കാരത്തിനും ക്യാമ്പസിലെ പെരുമാറ്റച്ചട്ടങ്ങൾക്കും നിരക്കാത്ത റാഗിംഗിനെതിരെ പ്രതിരോധമുയർത്തിയ സംഭവം കൂടിയായിരുന്നു സിദ്ധാർത്ഥന്റെ ആത്മഹത്യ. റാഗിംഗ് വിരുദ്ധ നിയമവും നടപടികളും ഒരിക്കൽക്കൂടി പൊതു സമൂഹത്തിൽ അന്ന് വലിയ ചർച്ചയാവുകയും ചെയ്തു. കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ ആറ് ജൂനിയർ വിദ്യാർത്ഥികൾ നേരിടേണ്ടിവന്ന ക്രൂര പീഡനങ്ങൾ സമാനതകളില്ലാത്തതായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കേവലം തമാശ വിട്ട് കൊടിയ പീഡനമുറകളാണ് അഞ്ച് മൂന്നാം വർഷ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്കു നേരെ തുടർച്ചയായി പ്രയോഗിച്ചത്!
നഗ്നരാക്കി സ്വകാര്യ ഭാഗത്ത് ഭാരം കെട്ടിത്തൂക്കുക, കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുക, കട്ടിലിൽ കെട്ടിയിട്ട് പൊതിരെ മർദ്ദിക്കുക, മദ്യപിക്കുന്നതിനുള്ള പണത്തിനായി ശാരീരികമായി ഉപദ്രവിക്കുക എന്നു തുടങ്ങി ഭേദ്യമുറകൾ പലവിധത്തിലായിരുന്നു. ശരീരത്തിൽ മുറിവേല്പിച്ച് അതിൽ ലോഷൻ തേയ്ക്കലായിരുന്നു മറ്റൊരു വിനോദം. ഇതെല്ലാം മൊബൈലിൽ പകർത്തി സൂക്ഷിച്ചിരുന്നത് തെളിവായി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവരാണ് റാഗിംഗ് സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ. മർദ്ദനമേറ്റ വിദ്യാർത്ഥികളിലൊരാൾ വിവരം രക്ഷകർത്താക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തായതും കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചതും. ഇത്തരം സംഭവങ്ങളിൽ കോളേജ് അധികൃതർ കാണിക്കുന്ന നിസംഗത പലപ്പോഴും പ്രതികൾക്ക് തുണയാകാറുണ്ട്. റാഗിംഗ് വീരന്മാരെ കോളേജ് അധികൃതർക്കും ഭയമാണെന്നത് പരസ്യമായ രഹസ്യമാണ്. വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥനെ മരണത്തിലേക്കു നയിച്ച റാഗിംഗിനു പിന്നിൽ പ്രവർത്തിച്ച പ്രതികളെ സംരക്ഷിക്കാൻ കോളേജ് അധികൃതരും പാർട്ടി നേതാക്കളും നടത്തിയ കളികൾ ആരും മറന്നുകാണില്ല.
എല്ലാ കലാലയങ്ങളിലും റാഗിംഗ് വിരുദ്ധ സെൽ ഉണ്ടായിരിക്കണമെന്നും റാഗിംഗ് സംഭവമുണ്ടായാൽ ഉടൻതന്നെ പൊലീസിൽ അറിയിക്കണമെന്നും നിബന്ധനയുള്ളതാണ്. ഈ സമിതികൾ നല്ല ജാഗ്രത പുലർത്തിയാൽ മുളയിലേ ഇത്തരം ക്രൂര പീഡനങ്ങൾ തടയാനാവും. കോളേജ് ഹോസ്റ്റലാണ് ഇത്തരം പീഡന മുറകൾക്ക് താവളമൊരുക്കുന്നതെന്നതിനാൽ ഹോസ്റ്റൽ വാർഡന് പ്രത്യേക ഉത്തരവാദിത്വങ്ങളുണ്ട്. എന്നാൽ കുട്ടികളെ പേടിച്ച് പലരും ഒന്നും കണ്ടില്ലെന്നു നടിക്കും. അതിരുകൾ അമ്പേ ഭേദിക്കുംവിധം റാഗിംഗ് ക്രിമിനൽ സ്വഭാവത്തിലെത്തുമ്പോഴാകും പൊലീസും അറസ്റ്റുമൊക്കെ ഉണ്ടാകുന്നത്. ക്യാമ്പസുകൾ റാഗിംഗ് മുക്തമാക്കാൻ അതികർക്കശ നടപടികളുമായി സർക്കാർ മുന്നോട്ടുവന്നേ മതിയാവൂ. ക്യാമ്പസുകൾ ക്രിമിനലുകളെ വാർത്തെടുക്കാനുള്ളതല്ല. ക്രിമിനലുകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു നഴ്‌സിംഗ് കോളേജിലെ റാഗിംഗ് വീരന്മാരുടെ പെരുമാറ്റം. പഠനം പൂർത്തിയാക്കി ജോലിയിൽ കയറേണ്ട ഇവർ എന്തെല്ലാം കാണിച്ചുകൂട്ടുമെന്ന് ആർക്കറിയാം. മാതൃകാപരമായ ശിക്ഷ മാത്രമാണ് ഇത്തരം പ്രവൃത്തികൾ തടയുന്നതിനുള്ള പ്രതിവിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |