ന്യൂഡൽഹി: വഖഫ് ബോർഡ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ടിൽ പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പുകൾ ഒഴിവാക്കിയതിനെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. ലോക്‌സഭ ഉച്ചവരെ നിറുത്തിവച്ചു. രാജ്യസഭ 20 മിനിട്ടും. വിയോജിപ്പുകൾ ഉൾപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചു. മാർച്ച് 10ന് ചേരുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ ഇവ ഉൾപ്പെടുത്തി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
ജെ.പി.സി അംഗം മേധ വിശ്രാം കുൽക്കർണിയാണ് റിപ്പോർട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചത്. ജെ.പി.സി അദ്ധ്യക്ഷൻ ജഗദംബികാ പാൽ ലോക്സഭയിലും. ഹാരിസ് ബീരാൻ (മുസ്ളീം ലീഗ്), നാസിർ ഹുസൈൻ ജെബി മേത്തർ (കോൺഗ്രസ്),നദീമുൾ ഹഖ്, സമിറുൾ ഇസ്ളാം (തൃണമൂൽ), മുഹമ്മദ് അബ്‌ദുള്ള (ഡി.എം.കെ) എന്നിവരടക്കം രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
റിപ്പോർട്ട് തിരിച്ചയയ്ക്കണമെന്ന് സഭാദ്ധ്യക്ഷനായ ജഗ്‌ദീപ് ധൻകറിനോട് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. 20 മിനിട്ട് നിറുത്തിവച്ചശേഷം രാജ്യസഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നു. വിയോജിപ്പുകൾ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ലോക്സഭയിലും വാക്കൗട്ട്
ബഹളത്തെത്തുടർന്ന് രണ്ടുമണിവരെ നിറുത്തിവച്ചശേഷം പുനരാരംഭിച്ചപ്പോഴും ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എം.പിമാർ നടുത്തളത്തിലിറങ്ങി
പ്രതിപക്ഷ അഭിപ്രായം റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു
പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ റിപ്പോർട്ടിന്റെ അനുബന്ധങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. പ്രതിപക്ഷം വാക്കൗട്ടും നടത്തി
സ്പീക്കർ- സതീശൻ വാക്പോര്
നിയമസഭ നേരത്തെ പിരിഞ്ഞു
തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗം ചുരുക്കണമെന്ന് സ്പീക്കർ എൻ.എൻ.ഷംസീർ. അത് സ്പീക്കറുടെ ഔദാര്യമല്ലെന്നും തന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ സ്പീക്കർ- സതീശൻ വാക്പോരിൽ ഭരണ, പ്രതിപക്ഷാംഗങ്ങളുടെ നേർക്കുനേർ പോർവിളി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണപക്ഷാംഗങ്ങളും നടുത്തളത്തിന് അരികിൽ. ബഹളത്തിനിടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ സഭ പിരിഞ്ഞു. മാർച്ച് മൂന്നിന് വീണ്ടും സമ്മേളിക്കും.
പട്ടികവിഭാഗങ്ങൾക്കുള്ള പദ്ധതികളും വിഹിതവും വെട്ടിക്കുറയ്ക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ എ.പി.അനിൽകുമാറാണ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. മന്ത്രി ഒ.ആർ.കേളുവിന്റെ മറുപടിക്കുശേഷം പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗം തുടങ്ങി. ഒൻപതു മിനിറ്റായപ്പോൾ സ്പീക്കർ ഇടപെട്ട് ചുരുക്കാൻ ആവശ്യപ്പെട്ടു.
വഴക്കിടാൻ വരേണ്ടെന്ന് പറഞ്ഞ് സതീശൻ പ്രസംഗം തുടർന്നു. 13 മിനിറ്റായപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു. വളരെക്കുറച്ച് സമയം പ്രസംഗിക്കുന്നയാളാണ് താനെന്ന് പറയാറുള്ള സതീശൻ അതിൽനിന്ന് പിന്നോട്ടുപോയതിനാലാണ് ഇടപെട്ടതെന്നും വ്യക്തമാക്കി. ഇത് അംഗീകരിക്കില്ലെന്നും സഭ നടത്തിക്കൊണ്ടു പോകണോയെന്ന് സ്പീക്കർ തീരുമാനിക്കണമെന്നും സതീശൻ. വാക്കൗട്ട് പ്രസംഗം സ്പീക്കർ തടസപ്പെടുത്തുന്നുവെന്നും ആരോപിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഇടവിട്ട് സഭാ ടിവി സംപ്രേക്ഷണം ചെയ്തെങ്കിലും ശബ്ദം ഒഴിവാക്കിയിരുന്നു.
പ്ലക്കാർഡ്, ബാനർ
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ആദ്യ 9 മിനിറ്റ് ഇടപെട്ടില്ലെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങൾ ചെവിക്കൊണ്ടില്ല. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു സ്പീക്കർക്കെതിരെ പ്ലക്കാർഡും ബാനറും ഉയർത്തി
പ്രതിപക്ഷ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് ഭരണപക്ഷാംഗങ്ങൾ അതിനെ നേരിട്ടു. ബഹളത്തിനിടെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി കെ.ടി.ജലീലിനെ വിളിച്ചു.
തുടർന്ന് സബ്മിഷൻ, റിപ്പോർട്ട് സമർപ്പണം, ഉപധനാഭ്യർത്ഥന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |