വിഴിഞ്ഞം: വെങ്ങാനൂരിലെ എയ്ഡഡ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. വീടിന് സമീപം നടന്ന അപകടത്തെക്കുറിച്ച് സുഹൃത്തിനോട് സംസാരിച്ചപ്പോൾ അദ്ധ്യാപനെ കളിയാക്കിയെന്ന പേരിലാണ് മർദ്ദനമെന്ന് കുട്ടിയുടെ മാതാവ് ആശ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനിരിക്കവെ മൂന്നുതവണ സ്റ്റാഫ് റൂമിൽ വിളിച്ചു കൊണ്ടുപോയി മുളം കമ്പ് കൊണ്ട് അദ്ധ്യാപകൻ മർദ്ദിച്ചതായി കുട്ടി പറഞ്ഞു.
ക്രൂരമായ മർദ്ദനം തുടർന്നപ്പോൾ മറ്റ് അദ്ധ്യാപകർ വിലക്കിയപ്പോഴാണ് അടി നിറുത്തിയതെന്നും കമ്പ് ഒടിയുന്നതുവരെ മർദ്ദിച്ചെന്നും കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് രക്ഷകർത്താക്കൾ സ്കൂൾ പ്രിൻസിപ്പലിനോടും എച്ച്.എമ്മിനോടും പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ വൈകിയതോടെയാണ് ഇന്നലെ വിഴിഞ്ഞം പൊലീസിൽ പരാതിപ്പെട്ടത്. അതേസമയം അദ്ധ്യാപകനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിറുത്തിയതായി സ്കൂൾ അധികൃതർ പറഞ്ഞു. പരാതി ലഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |