നെന്മാറ: കായകൾ പഴുത്തു തുടങ്ങിയതോടെ മലയോര മേഖലയിൽ മേഖലയിൽ കുരുമുളക് വിളവെടുപ്പ് സജീവമായി. വേനൽചൂട് കനത്ത് തുടങ്ങിയതോടെ കുരുമുളകും പെട്ടെന്ന് പഴുത്ത് തുടങ്ങിയിട്ടുണ്ട്. ഇതിനിടെ തൊഴിലാളി ക്ഷാമം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെറുകിട കർഷകർ സ്വന്തമായി മുള കൊണ്ടുള്ള ഏണി ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. ഒന്നിച്ച് വിളവെടുപ്പിന് പാകമാകാത്ത മരങ്ങളിൽ ചെറിയ ഇടവേള നൽകി രണ്ടുതവണയായാണ് വിളവെടുപ്പ് നടത്തുന്നത്. കരിമുണ്ട, പന്നിയൂർ, തുടങ്ങി അത്യുൽപാദനശേഷിയുള്ള ഇനങ്ങളിലാണ് നീളം കൂടിയ തിരികൾ ധാരാളം ഉള്ളത്. പറിച്ചു കൊണ്ടുവരുന്ന കുരുമുളക് തിരിയിൽ നിന്ന് വേർപെടുത്തി ഉണക്കിയെടുക്കുന്ന പ്രക്രിയ മിക്കവാറും കൃഷിയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ കർഷകർ തന്നെയാണ് ചെയ്യുന്നത്. നല്ല വെയിലുള്ള ദിവസങ്ങളിൽ മൂന്ന് ദിവസം കൊണ്ട് കുരുമുളക് ഉണങ്ങി കിട്ടുന്നുണ്ട്.
വിളവെടുപ്പ് കുറഞ്ഞു, വില കൂടി
ഇത്തവണ കുരുമുളക് ഉത്പാദനം കുറഞ്ഞെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം കുരുമുളകിന് ഭേദപ്പെട്ട വില നിലവിലുണ്ടെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഉണങ്ങിയ കുരുമുളകിന് മലഞ്ചരക്കു കടകളിൽ വലിപ്പത്തിനും ഗുണനിലവാരത്തിനും അനുസരിച്ച് 600 മുതൽ 650 വരെ വിലയുണ്ട്. സാധാരണ വിളവെടുപ്പ് സീസണായാൽ കുരുമുളക് വില കുറയാറുണ്ട്. ഇക്കുറി അത് ഉണ്ടായില്ല. ഇത്തവണ കുരുമുളക് ഉത്പാദനം 30 ശതമാനം കുറഞ്ഞതായി കർഷകർ പറയുന്നു. കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് കർഷകർ പറയുന്നു. ചെടികളിൽ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടർന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞുപോവുകയായിരുന്നു. ഒരു ചെടിയിൽനിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്പോൾ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായിട്ടുണ്ട്. വിളവെടുപ്പ് സജീവമായതോടെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രങ്ങളിൽ കുരുമുളക് സംഭരണവും ആരംഭിച്ചു. ഉണക്കിയെടുത്ത കുരുമുളക് വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയും എന്നതിനാൽ അത്യാവശ്യക്കാർ അല്ലാത്ത കർഷകർ കുരുമുളക് ഉണക്കി സൂക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം കുരുമുളക് ഉണക്കി സൂക്ഷിച്ച കർഷകരിൽ പലരും ഇത്തവണ വിൽക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |