ഉരുൾപൊട്ടലിൽ പാടേ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 529 കോടി രൂപയുടെ പലിശയില്ലാ വായ്‌പ അനുവദിച്ച് കേന്ദ്രം ഉത്തരവായിരിക്കുന്നു. വയനാടിനെ പഴയ നിലയിൽ കൊണ്ടുവരാൻ കേരളം 2022 കോടി രൂപയുടെ ഗ്രാന്റാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ദുരന്തം നടന്ന് എട്ടുമാസം കഴിഞ്ഞിട്ടും സംസ്ഥാനം ആവശ്യപ്പെട്ട സഹായം നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. അതിനെച്ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ വിവാദങ്ങൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ പലിശയില്ലാ വായ്പയുമായി കേന്ദ്രം മുന്നോട്ടുവന്നിരിക്കുന്നത്. വായ്പയായി നൽകുന്ന 529 കോടി രൂപ അൻപതു വർഷംകൊണ്ട് തിരിച്ചടച്ചാൽ മതിയാകും. വായ്‌പയുടെ പ്രധാന ആകർഷണവും ഇതുതന്നെ.
പതിവുപോലെ കേന്ദ്രത്തിന്റെ ഈ വായ്പാ വാഗ്ദാനവും സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്കും കേന്ദ്ര വിരുദ്ധ ശകാരങ്ങൾക്കും കാരണമായിരിക്കുകയാണ്.
കേന്ദ്രത്തെ ഏതു കാര്യത്തിനും വിമർശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും ഭരണപക്ഷത്തെപ്പോലും പിന്നിലാക്കുന്ന പ്രതിപക്ഷ പാർട്ടികൾ വായ്‌പാ സഹായ വാഗ്ദാനത്തെയും വെറുതെ വിടുന്നില്ല. ഈ വായ്പ നൽകുന്നതിലൂടെ കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണ്ടെത്തൽ. കേരളത്തോടുള്ള വെല്ലുവിളിയായി കാണുന്നവരും ഉണ്ട്. എന്തായാലും കേന്ദ്ര വായ്‌പ നിഷേധിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടില്ല. വായ്‌പയായി നൽകുന്ന 529 കോടി രൂപ മാർച്ച് 31-നു മുമ്പ് വിനിയോഗിച്ച് കണക്കു കാണിച്ചിരിക്കണമെന്ന കേന്ദ്ര മാർഗനിർദ്ദേശം അങ്ങേയറ്റം അപ്രായോഗികമാണെന്ന് എല്ലാവർക്കും അറിയാം. ഇനിയുള്ള ഒന്നര മാസം കൊണ്ട് ഇത്രയും വലിയ തുക ചെലവഴിക്കാനും സാധാരണ ഗതിയിൽ സാദ്ധ്യമല്ല കേന്ദ്രം ഇത്തരത്തിൽ വ്യവസ്ഥ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും കാണേണ്ടവരെ കണ്ട് അതിൽ മാറ്റം വരുത്താൻ പ്രയാസമൊന്നുമില്ല. ഏതു പദ്ധതിക്ക് പണം അനുവദിക്കുമ്പോഴും അത് പൂർത്തിയാക്കുന്നതിനുള്ള കാലപരിധി കൂടി മുന്നോട്ടുവയ്ക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണ്. ഈ വായ്‌പയുടെ കാര്യത്തിലും അങ്ങനെ മാത്രം കണക്കാക്കിയാൽ മതിയാകും.
മാർച്ച് 31 എന്ന കാലാവധി നീട്ടിക്കിട്ടാൻ കേന്ദ്ര ധനവകുപ്പിനെ സമീപിക്കാനാകും. രാജ്യത്ത് ഒരു പദ്ധതിയും നേരത്തേ കുറിച്ചിട്ടുള്ള കാലപരിധിക്കകം തീരുന്ന ചരിത്രം അപൂർവമാണ്. എന്നിരുന്നാലും പദ്ധതി ആവിഷ്കരിക്കുന്ന ഘട്ടത്തിൽ അത് പൂർത്തിയാക്കാനുദ്ദേശിക്കുന്ന തീയതിയും മുൻകൂറായി നിശ്ചയിച്ചിരിക്കും. അതിന് പ്രസ്തുത തീയതിക്ക് പദ്ധതി തീർത്തില്ലെങ്കിൽ ചുമതലപ്പെട്ടവരെ നാടുകടത്തുമെന്ന് അർത്ഥമില്ല. എത്രയോവട്ടം പുതുക്കി നിശ്ചയിച്ചതിനു ശേഷമാണ് രാജ്യത്ത് ഓരോ പദ്ധതിയും പൂർത്തിയാകുന്നതെന്ന് അറിയാമല്ലോ. കേരളത്തിന്റെ തലവര തന്നെ മാറ്റാൻ പര്യാപ്തമായ വിഴിഞ്ഞം പദ്ധതിയുടെ കാര്യമെടുക്കാം. തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനുള്ള സമയം ഇതിനകം എത്ര തവണയാണ് പുതുക്കി നിശ്ചയിക്കേണ്ടിവന്നത്. ഏതെങ്കിലും ഒരു പഞ്ചവത്സര പദ്ധതി മുൻകൂട്ടി ഉറപ്പിച്ച കാലപരിധിക്കകത്ത് തീർന്ന ചരിത്രമുണ്ടായിട്ടുണ്ടോ?
നൽകാമെന്ന് ഏറ്റിട്ടുള്ള പണം വാങ്ങി വയനാട്ടിലെ പുനരധിവാസ പദ്ധതികളിൽ മുടക്കുക എന്നതാണ് കേരള സർക്കാരിനു ചെയ്യാവുന്ന കാര്യം. മാർച്ച് 31-നകം തുക ചെലവഴിച്ചു തീർക്കാനായില്ലെങ്കിൽ സമയം നീട്ടി ചോദിക്കുക. അത് അനുവദിക്കാതിരിക്കേണ്ട സാഹചര്യമൊന്നും തത്കാലം ഇല്ല. ഇത്രയും വലിയ സംഖ്യ ഒന്നരമാസം കൊണ്ട് ചെലവാക്കിത്തീരില്ലെന്ന് കേന്ദ്ര ധനവകുപ്പിനും നല്ലപോലെ അറിയാം. അതുകൊണ്ടുതന്നെ സമയം നീട്ടിക്കിട്ടണമെന്ന ആവശ്യത്തോട് മുഖംതിരിക്കാൻ കേന്ദ്രത്തിനു കഴിയുമെന്നു തോന്നുന്നില്ല. വായ്‌പാ വിഷയവും അന്തിച്ചർച്ചയ്ക്ക് ആയുധമാക്കി ജനങ്ങളുടെയിടയിൽ കേന്ദ്രവിരുദ്ധ മനോഭാവം വളർത്തേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമാകാം. എന്നാൽ, എന്തിനും കഥയില്ലാത്ത ചർച്ചകളിലും വിവാദങ്ങളിലും അഭിരമിച്ച് എല്ലാവരെയും വിഡ്ഢികളാക്കാനാവില്ലെന്ന യാഥാർത്ഥ്യം അന്തിച്ചർച്ചക്കാർ മനസിലാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |