SignIn
Kerala Kaumudi Online
Friday, 09 May 2025 11.25 AM IST

ചുട്ടുപൊള്ളി സംസ്ഥാനം

Increase Font Size Decrease Font Size Print Page
a

സംസ്ഥാനത്ത് വേനൽച്ചൂട് തീവ്രമാകുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാവരും തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും.

താപനില ഉയരുന്നത് നമ്മുടെ എല്ലാ മേഖലകളേയും ബാധിക്കുന്ന വിഷയമാണ്. പക്ഷേ, നമ്മുടെ പ്രധാന ആശങ്ക ആരോഗ്യകാര്യത്തിൽ തന്നെയാണ്. യൂറോപ്പിൽ ഉഷ്ണതാപം മൂലം പതിനായിരക്കണക്കിന് പേർ മരിച്ചിരുന്നു. ചൂട് എല്ലാ മേഖലയിലുമുള്ള നമ്മുടെ ഉത്പാദനക്ഷമതയെ വലിയ തോതിൽ ബാധിക്കാനിടയുണ്ട്. കൃഷിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും. കൃഷി പാറ്റേണിൽ മാറ്റം വരും. വളർത്ത് മൃഗങ്ങളെയും ബാധിക്കുന്നതിനാൽ ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയാണ്.

സമുദ്രത്തിലും

പ്രതിസന്ധി

പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനമനുസരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രി വരെ വർദ്ധിക്കാമെന്ന് പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തിൽ 0.12 ഡിഗ്രി സെൽഷ്യസ് എന്ന തരത്തിൽ വർദ്ധിച്ചതായി പഠനത്തിൽ പറയുന്നു. ഇത് സമുദ്രത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
2016-ൽ സംസ്ഥാനത്ത് 14 ദിവസമാണ് ചൂട് ഇത്രയും ഉയർന്നത്. 1989ൽ ഒമ്പത് ദിവസവും 2023ൽ മൂന്ന് ദിവസവും ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തി. എന്നാൽ 2021, 2022 വർഷങ്ങളിൽ ഒരു ദിവസം പോലും ചൂട് 40 ഡിഗ്രിയിലും കൂടിയിരുന്നില്ല. നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസം മുതൽ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിൽ ചൂട് അമിതമായി വർദ്ധിക്കുന്നതോടെ ഓക്സിജൻ, കാർബൺ, പോഷകങ്ങൾ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വർദ്ധനവ് സമുദ്രജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തിലാക്കും.



കെടുംചൂടിൽ

കരുതിയിരിക്കാം

ചൂട് വർദ്ധിക്കുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്കുള്ള സാദ്ധ്യതയും ഏറെയാണ്. അതിനാൽ പൊതുജനങ്ങൾ ദുരന്തനിവാരണ അതോരിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

പൊലീസ്, അഗ്നിരക്ഷാ സേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പകൽ സമയത്തെ പരേഡും ഡ്രില്ലും ഒഴിവാക്കണം. തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി മുൻകരുതലെടുക്കണം. ലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം. കലാകായിക പരിപാടികൾ പകൽ 11 മുതൽ മൂന്ന് വരെ നടത്തരുത്. ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായുള്ള തൊഴിലിടങ്ങൾ എന്നിവ പകൽ സമയം അടച്ചിടണം. ഇത്തരം വീടുകളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം.

പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പൊതുപരിപാടികളും സമ്മേളനങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും കാഠിന്യമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക, കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. മഴവെള്ളം ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക, അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക, കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കഴിഞ്ഞ വർഷം ഉഷ്ണ തരംഗം

അനുവഭപ്പെട്ട സംസ്ഥാനങ്ങൾ

ഉത്തർപ്രദേശ്............................ 18 ദിവസം

പശ്ചിമ ബംഗാൾ..........................16 ദിവസം

കേരളം...............................................4 ദിവസം

TAGS: CLIMATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.