ആലപ്പുഴ: ദേശീയപാത വികസനത്തിൽ അടിപ്പാതയോ, ഉയരപ്പാതയോ ഇല്ലാതെ അവഗണിക്കപ്പെട്ട അമ്പലപ്പുഴയിലെ പായൽക്കുളങ്ങര - കരൂർ പ്രദേശവാസികളുടെ റിലേ സത്യാഗ്രഹം 86 ദിവസം പിന്നിട്ടു. തുടക്കത്തിൽ ജനകീയ സമിതിയുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറായെങ്കിലും
പിന്നീട് യാതൊരു അനുകൂല സമീപനവുമുണ്ടായില്ല. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും നിവേദനം സമർപ്പിച്ചിട്ടും ഫലം കണ്ടില്ല. ഓരോ ദിവസവും അഞ്ച് മുതൽ ഇരുപതോളം പേർ വരെ സമരപന്തലിൽ നിരാഹാരമിരിക്കുന്നുണ്ട്. കൂടാതെ നൂറുകണക്കിന് പേരാണ് ദിവസേന സമരപന്തലിൽ ഒപ്പ് രേഖപ്പെടുത്തുന്നത്.
മത്സ്യ, കർഷകത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇവിടം. അടിപ്പാതയില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. നിരവധി ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനും ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടും. റോഡ് കടന്ന് പടിഞ്ഞാറ് വശവും, കിഴക്ക് വശവും എത്തണമെങ്കിൽ അമ്പലപ്പുഴ കച്ചേരിമുക്കിലോ, പുറക്കാടോ എത്തേണ്ടിവരും.
ആവശ്യം ശക്തം
ജില്ലയുടെ മറ്റ് പ്രദേശങ്ങളിൽ അടിപ്പാതകൾ തമ്മിലുള്ള ദൂരം അരകിലോമീറ്റർ മുതൽ പരമാവധി രണ്ടര കിലോമീറ്റർ വരെ
പുറക്കാടിനും അമ്പലപ്പുഴയ്ക്കുമിടയിൽ നാല് കിലോമീറ്റർ അടിപ്പാതയില്ല
പുറക്കാടിനും കരൂരിനുമിടയിൽ മൂന്ന് കിലോമീറ്ററും അടിപ്പാതയില്ല
പായൽക്കുളങ്ങരയിൽ അടിപ്പാതയും കാക്കാഴം സമാന്തര മേൽപ്പാലം വണ്ടാനം വരെയും നീട്ടുകയും വേണമെന്നതാണ് ആവശ്യം
പുതിയ സർവ്വേ നടത്തി അടിപ്പാതയോ, ഉയരപ്പാതയോ നിർമ്മിക്കാനുള്ള തീരുമാനമുണ്ടാകണം. ജനകീയ സമിതിക്ക് വേണ്ടി ശബ്ദമുയർത്താൻ ജനപ്രതിനിധികളും തയാറാകണം
-എം.ടി.മധു, ജനറൽ കൺവീനർ, ജനകീയ സമരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |