ഉത്തരാഖണ്ഡിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളം 14-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത് സംസ്ഥാനത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വിഴുപ്പലക്കലുകൾക്കും വഴിതുറന്നിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് കേരളം ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ ആദ്യ പത്തു സ്ഥാനത്തിനു പുറത്തായത്. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവും അടക്കം 54 മെഡലുകളാണ് കേരളം നേടിയത്. ഗോവയിലെ കഴിഞ്ഞ ഗെയിംസിൽ 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമുൾപ്പടെ 87 മെഡലുകൾ നേടിയ കേരളം അഞ്ചാമതായിരുന്നു. ദേശീയ ഗെയിംസിലെ കേരളത്തിന്റെ പ്രകടനത്തെക്കുറിച്ച് നിശിത വിമർശനവുമായി ആദ്യം രംഗത്തെത്തിയത് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറാണ്. കായികമന്ത്രി എന്ന നിലയിൽ വി.അബ്ദുറഹ്മാന്റെ പ്രകടനം വട്ടപ്പൂജ്യമാണെന്ന് അദ്ദേഹം വെട്ടിത്തുറന്ന് വിമർശിച്ചു.
തനിക്കെതിരെയുള്ള വിമർശനത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്, കായിക അസോസിയേഷനുകളെല്ലാം സർക്കാരിൽ നിന്ന് ഫണ്ടുവാങ്ങി പുട്ടടിക്കുകയാണെന്നാണ്. ഹാൻഡ്ബാളിൽ കേരള ടീം ഒത്തുകളിച്ചാണ് വെള്ളിയിലൊതുങ്ങിപ്പോയതെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും അസോസിയേഷനുകൾക്കെതിരെ രംഗത്തുവന്നതോടെ കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച ഫണ്ടിന്റേയും അതിന്റെ വിനിയോഗ സർട്ടിഫിക്കറ്റുകളുടേയും വിവരം ഒളിമ്പിക് അസോസിയേഷൻ പുറത്തുവിട്ടു. മുൻ കായിക മന്ത്രിയുടെ കാലത്ത് അനുവദിച്ച ഫണ്ടിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മന്ത്രി 'എട്ടുകാലി മമ്മൂഞ്ഞാ"കാൻ ശ്രമിക്കരുതെന്നും ഒളിമ്പിക് അസോസിയേഷൻ പരിഹസിച്ചു. ഇതിനു മറുപടിയായി 2021-24 കാലഘട്ടത്തിൽ തങ്ങൾ നൽകിയ തുകയുടെ കണക്കാണ് കൗൺസിൽ പുറത്തുവിട്ടത്!
അതിനിടെ ഒത്തുകളി നടന്നുവെന്ന് മന്ത്രി പറഞ്ഞ ഹാൻഡ്ബാളിലെ താരങ്ങൾ അതിൽ പ്രതിഷേധിച്ച് മെഡലുകൾ കടലിലെറിയുമെന്ന ഭീഷണിയുമായി രംഗത്തെത്തി. മന്ത്രിക്ക് നാക്കുപിഴച്ചതാണെന്നും ഒത്തുകളി ഹാൻഡ്ബാളിലല്ല, നെറ്റ്ബാളിലാണെന്ന വിശദീകരണവുമായി സ്പോർട്സ് കൗൺസിൽ രംഗത്തെത്തിയെങ്കിലും മന്ത്രി തിരുത്താൻ തയ്യാറായില്ല. ഇങ്ങനെ ആരോപണ-പ്രത്യാരോപണങ്ങൾ അരങ്ങുതകർക്കുമ്പോൾ ഇരുകൂട്ടരുടെയും പ്രസ്താവനകളിൽ നിന്നും പത്രസമ്മേളനങ്ങളിൽ നിന്നും വ്യക്തമാകുന്നത് നമ്മുടെ കായികരംഗത്തിന്റെ അതിദാരുണാവസ്ഥയാണ്. കേരളത്തിലെ കായിക മുകുളങ്ങൾക്ക് പരിശീലനം നൽകുന്ന ഹോസ്റ്റലുകളിൽ ഭക്ഷണത്തിനുള്ള തുക അനുവദിച്ചിട്ട് മാസങ്ങളായി. ദേശീയ മത്സരങ്ങൾക്കു പോകാനുള്ള ഗ്രാന്റും കുടിശികയാണ്. ദേശീയ മത്സരങ്ങൾക്കുള്ള ക്യാമ്പുകൾ നടത്തിയതിന്റെ കുടിശിക കിട്ടാതെ പല അസോസിയേഷൻ ഭാരവാഹികളും കൗൺസിലിന്റെ വരാന്ത കയറിയിറങ്ങുന്നു.
ഈ വിഴുപ്പലക്കലുകൾ മാത്രം മതിയാവില്ല കായികരംഗത്ത് കേരളത്തെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാൻ. ഏതു വിഷയത്തിലും വാദപ്രതിവാദത്തിൽ മുങ്ങി യഥാർത്ഥപ്രശ്നം വിസ്മരിക്കപ്പെടുന്ന അവസ്ഥ ഇവിടേയുമുണ്ടാകാൻ പാടില്ല. ദേശീയ ഗെയിംസിൽ മണിപ്പൂർ, ഒഡിഷ, ഉത്തർപ്രദേശ്,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ പോലും മെഡൽപ്പട്ടികയിൽ കേരളത്തെ മറികടന്നത് ചിന്താവിഷയമാകണം. ഫണ്ടില്ലായ്മയല്ല, കൃത്യമായ കാഴ്ചപ്പാടോടെ യഥാസമയം ഫണ്ട് വിനിയോഗിക്കാത്തതാണ് കേരളത്തിന്റെ പ്രശ്നം. കഴിഞ്ഞ ബഡ്ജറ്റിൽ സ്പോർട്സ് ഡയറക്ടേറ്റിനും കൗൺസിലിനുമായി 189 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഈ പണം കൃത്യമായ മുൻഗണനാക്രമങ്ങൾ നിശ്ചയിച്ച് യഥാസമയം ചെലവിട്ടാൽതന്നെ ഈ പ്രതിസന്ധി മാറുകയും മുന്നോട്ടുള്ള പാത സുഗമമാകുകയും ചെയ്യും. ചക്കളത്തിപ്പോര് അവസാനിപ്പിച്ച് അതിനുള്ള ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ അടുത്ത ഗെയിംസ് കഴിയുമ്പോഴും ഇതേ വിഴുപ്പലക്കലിൽ അഭിരമിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |