തിരുവനന്തപുരം: 'സ്റ്റോറേജ് ഇല്ലാത്തതിനാൽ അക്കൗണ്ട് റദ്ദാക്കുന്നു". സന്ദേശം തുറന്നാൽ പെട്ടു. കോടിക്കണക്കിന് ജി-മെയിൽ ഉപഭാേക്താക്കളെ കെണിയിൽ വീഴ്ത്താൻ സ്റ്റോറേജ് തീർന്നെന്ന വ്യാജ സന്ദേശം. മാൽവെയറുകളും വൈറസും കമ്പ്യൂട്ടറിലേക്കും ഫോണിലേക്കും കടത്തിവിടാനുള്ള തന്ത്രമാണിത്. ഗൂഗിളിന്റെ പേരിലാണ് സന്ദേശമെത്തുക. അക്കൗണ്ട് തകരാറിലായെന്നും സ്റ്റോറേജില്ലാത്തത് കാരണം റദ്ദാക്കിയെന്നുമെല്ലാം മെയിൽ അയയ്ക്കും. ജാഗ്രത പാലിക്കണമെന്ന് ആന്റിവയറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മാൽവെയർ ബൈറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. സ്റ്റോറേജ് കുറയുമ്പോൾ, മെയിലുകൾ അയയ്ക്കാനോ ലഭിക്കാനോ സാധിക്കില്ലെന്ന് ഗൂഗിൾ മെയിൽ അയയ്ക്കാറുണ്ട്. ഇതേ ഫോർമാറ്റിലാണ് സ്‌പാം മെയിൽ വരുന്നത്. അക്കൗണ്ട് അപകടത്തിലാണെന്നും തിരിച്ചെടുക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും പറയും. അധികം സ്റ്റോറേജിനായി ആപ്പുകൾ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കും. ഇതിൽ വീഴാത്തവർക്കായി പ്ലാൻ ബിയുമുണ്ട്. മെയിൽ വായിച്ചാൽ കാൾ വരും. ഗൂഗിൾ പ്രതിനിധിയെന്ന രീതിയിൽ സംസാരിച്ച് കെണിയിൽ വീഴ്ത്തും. നിർമ്മിത ബുദ്ധി ടൂളുകളാണ് മെയിലുകൾ തയ്യാറാക്കുന്നത്.
ആൾമാറാട്ടത്തിനും സാദ്ധ്യത
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കുകൾ തുറക്കുകയോ ചെയ്താൽ പാസ്‌വേഡും സ്വകാര്യ വിവരങ്ങളും നഷ്ടമാകും. മിക്കവരുടെയും ഫോൺ കാളുകൾ, മെസേജുകൾ, ഫോട്ടോകൾ, ഡോക്യുമെന്റുകൾ എന്നിവ ജി-മെയിലുമായി ബന്ധപ്പെടുത്തിയിരിക്കും. മെയിൽ കൈക്കലാക്കുന്നതോടെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നിവ നടത്താം.
സ്വകാര്യവിവരം
കൈമാറരുത്
അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്
എല്ലാ അക്കൗണ്ടുകൾക്കും മൾട്ടിഫാക്ടർ ഒതെന്റിക്കേഷൻ ഉപയോഗിക്കുക
വെബ്സൈറ്റുകളിൽ സ്വകാര്യവിവരം നൽകരുത്
സൈബർ ഹെൽപ്പ് നമ്പർ 1930
180 കോടി
ജി-മെയിൽ
ഉപഭോക്താക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |