കിളിമാനൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ജൂനിയർ വിദ്യാർത്ഥിയുടെ കുത്തേറ്റ സീനിയർ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. നെടുമ്പറമ്പ് സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ നാലാംവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായ വാലന്റൈൻ ഛാന ഹ്രാഹ്സലാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നാംവർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി ലംസംഗ് സ്വാലയെ (23) നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മിസോറാം സ്വദേശികളാണ്.
ശനിയാഴ്ച രാത്രി 11ഓടെ നെടുമ്പറമ്പ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇവർ രണ്ട് ഹോംസ്റ്റേകളിലാണ് താമസിക്കുന്നത്. ഇവർ മദ്യപിക്കാനായി മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ജംഗ്ഷനിലെത്തുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയും ഹോംസ്റ്റേകളിലേക്ക് മടങ്ങുകയും ചെയ്തു. തിരികെ താമസസ്ഥലത്തെത്തിയ പ്രതിയും വാലന്റൈനും തമ്മിൽ ഫോണിലൂടെ പരസ്‌പരം വെല്ലുവിളിച്ചു. തുടർന്ന് വീണ്ടും നെടുമ്പറമ്പ് ജംഗ്ഷനിലെത്തിയ ഇവർ ഏറ്റുമുട്ടുകയായിരുന്നു.
പ്രകോപിതനായ പ്രതി കൈയിൽ കരുതിയിരുന്ന കറിക്കത്തികൊണ്ട് വാലന്റൈനെ കുത്തി. പരിക്കേറ്റ ഇയാളെ നാട്ടുകാരും ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും ചേർന്നാണ് പ്രതിയെ തടഞ്ഞുവച്ച് നഗരൂർ പൊലീസിനെ ഏൽപ്പിച്ചത്.
മുമ്പ് കോളേജ് ഹോസ്റ്റലിലായിരുന്ന പ്രതിയെ പ്രശ്നക്കാരനായതിനാൽ അവിടെ നിന്ന് പുറത്താക്കുകയായിരുന്നെന്ന് കോളേജ് അധികൃതർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വാലന്റൈന്റെ മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ നിന്നും ബന്ധുക്കളെത്തി ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |