മാർച്ച് മാസമെത്തും മുന്നേ വേനൽച്ചൂട് നാടിനെ ചുട്ടുപൊള്ളിയ്ക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. നേരത്തെ മാർച്ചിനു ശേഷമാണ് സാധാരണയായി ശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഫെബ്രുവരിയിൽ തന്നെ വേനൽ കടുത്തത് ജനങ്ങളെ ഏറെ വലയ്ക്കുകയാണ്. നഗരമേഖലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. വേനൽമഴ എന്താണ് പെയ്യാത്തതെന്ന ആശങ്കയിലാണ് മലയോര ജനത. പലയിടത്തും വരൾച്ച ഭീഷണിയുമുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സാധാരണ മഴ ലഭിക്കാറുള്ളതാണ്. കഴിഞ്ഞ തവണ ജില്ലയിൽ ഈ സീസണിൽ വലിയ തോതിൽ മഴ ലഭിച്ചിരുന്നു. 93.1 മില്ലീ മീറ്റർ മഴയാണ് ജില്ലയിൽ കഴിഞ്ഞ വർഷം ലഭിച്ചത്. അതേസമയം ഈ വർഷം ജനുവരി ഒന്നു മുതൽ തിങ്കളാഴ്ച വരെ ലഭിച്ചത് 8.3 മില്ലീ മീറ്റർ മഴ മാത്രം. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലാണ് ചൂട് കൂടുതൽ. ചിലയിടങ്ങളിൽ കൂടിയ താപ നില 35- 36 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ വലിയ വരൾച്ചയെയാകും അഭിമുഖീകരിക്കേണ്ടി വരിക. ജില്ലയിലെ സ്വാഭാവിക ജലസ്രോതസുകൾ പലതും വറ്റി വരണ്ടു. പല പ്രദേശങ്ങളും ശുദ്ധ ജലക്ഷാമത്തിന്റെ പിടിയിലാണ്. കാർഷിക മേഖലയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ.
വലിയ പ്രതിസന്ധിയിൽ കർഷകർ
വേനലിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് കൃഷിക്കാരാണ്. കടുത്ത വേനലിൽ ശുദ്ധജലത്തിനു പോലും ക്ഷാമം നേരിടുമ്പോൾ കൃഷിയിടങ്ങൾ നനയ്ക്കാനാകാതെ ചെറുകിട കർഷകർ ബുദ്ധിമുട്ടുകയാണ്. വൻകിട തോട്ടങ്ങളിൽ ജലസേചനം കൃത്യമായി നടക്കുന്നുണ്ടെങ്കിൽ മറ്റ് കർഷകർക്ക് പലപ്പോഴും ഇത് സാദ്ധ്യമല്ല. പുൽമേടുകൾ കരിഞ്ഞുണങ്ങുന്നതിനാൽ കന്നുകാലികളും പട്ടിണിയിലാണ്. കൊടുംചൂടിൽ പാൽ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ജനുവരി തുടക്കത്തിൽ തന്നെ പകൽച്ചൂട് വർദ്ധിച്ചു. വേനൽ മഴ ഇല്ലാതാകുകയും പകൽച്ചൂട് വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ജലസ്രോതസുകൾ മിക്കവാറും വറ്റിവരണ്ടു തുടങ്ങി. കരക്കൃഷിക്കും പച്ചക്കറിയടക്കമുള്ള ഇടവിളകൾക്കും ഇത് ഭീഷണിയായി. വേനൽ കടുക്കുന്നതോടെ നാശനഷ്ടക്കണക്കും ഉയരുമെന്നുറപ്പ്. കഴിഞ്ഞ വർഷം കോടികളുടെ ഏലകൃഷിയാണ് വേനലിൽ നശിച്ചത്. കഴിഞ്ഞ വേനലിൽ കൃഷി നശിച്ച ഇടുക്കിയിലെ കർഷകർക്കാണ് പത്ത് കോടി സർക്കാർ കഴിഞ്ഞ ദിവസമാണ് സഹായം പ്രഖ്യാപിച്ചത്. 15,000 ത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയാണ് കഴിഞ്ഞ വേനലിൽ നശിച്ചത്.
വേനൽ ഈ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ മുഴുവൻ കരിഞ്ഞു. ജലാശയങ്ങൾ വറ്റിയതോടെ വെള്ളത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി. പാടത്തു നിന്ന് ധാരാളം പുല്ലുകൾ ലഭിച്ചതാണ് കന്നുകാലി വളർത്തൽ കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നത്. ശക്തമായ വേനലിൽ മലയോര മേഖലയിലെ കൃഷിയിടങ്ങളിലുള്ള പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വയ്‌ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചുകൊണ്ടിരുന്നതിനേക്കാൾ വയ്‌ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വർദ്ധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 300 രൂപ വരെ വിലയുയർന്നിരുന്നു. എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. നിലവിൽ സൊസൈറ്റികളിൽ പരമാവധി 49 രൂപ വരെയാണ് ഒരു ലിറ്റർ പാലിന് ലഭിക്കുന്നത്. ഇൻസെന്റീവായി എട്ട് രൂപയും ലഭിക്കും. സഹകരണ സംഘത്തിൽ എത്തിക്കുന്ന പാലിന് അതിന്റെ കൊഴുപ്പിന്റെ അടിസ്ഥാനത്തിലാണ് വില നൽകുന്നത്. ചൂട് കൂടമ്പോൾ പലപ്പോഴും പാലിന്റെ കൊഴുപ്പ് കുറയും. അങ്ങനെയായാൽ കർഷകർക്ക് കിട്ടുന്ന പാലിന്റെ വിലയും കുറവായിരിക്കും. ഇതോടെ ഉത്പാദന ചെലവ് പോലും കിട്ടാതാകും. വേനൽകാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വില നൽകി പാൽ ശേഖരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.
ജലജന്യ രോഗങ്ങളിൽ
ജാഗ്രത വേണം
വേനൽ കനക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ, ഭക്ഷ്യവിഷബാധ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. വഴിയോര കച്ചവടക്കാർ മുതൽ എല്ലാ കടകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താൽ പല രോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യത കൂടുതലായതിനാൽ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാൻ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാരസാധനങ്ങൾ പെട്ടെന്ന് കേട് വരുന്നതിനാൽ ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലിൽ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിതസമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാവേളയിൽ വെള്ളം കരുതുന്നത് നല്ലത്. കടകൾ, പാതയോരങ്ങളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണണമെന്നും നിർദേശം നൽകുന്നു.
വേനൽച്ചൂടിന്റെ കാഠിന്യം കൂടി തുടങ്ങിയതോടെ അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യസുരക്ഷാ മുൻകരുതലുമായി ഐ.സി.ഡി.എസ് രംഗത്തെത്തി. കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്, കൃത്യസമയത്ത് പോഷകാഹാരം നൽകണം തുടങ്ങിയ നിർദേശങ്ങൾ അങ്കണവാടി ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അവധി ദിവസങ്ങളിൽ വീടുകളിലും ഇതു പാലിക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |