
ന്യൂഡൽഹി: ജനങ്ങൾക്ക് തന്നെ വേണമെന്നാണ് കരുതുന്നതെന്നും പാർട്ടി അതു മനസിലാക്കിയില്ലെങ്കിൽ സ്വന്തം വഴിക്കു പോകുമെന്നും ശശി തരൂർ എം.പി വിവാദമായ പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കി.
കേരളത്തിൽ പരമ്പരാഗത വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ച് ഭരണം തിരിച്ചു പിടിക്കാൻ കഴിയില്ലെന്നും തരൂർ സൂചിപ്പിച്ചു.
എനിക്ക് കേരളത്തിലെ ആളുകളുടെ മനസിൽ ഇടമുണ്ടെന്ന് തോന്നുന്നു. പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവിടെ തുടരും.പാർട്ടിക്ക് വേണ്ടെങ്കിൽ, ഞാൻ എന്റെ വഴിക്ക് പോകും.എഴുത്തും വായനയും പ്രസംഗവും അടക്കം മറ്റ് വഴികളുണ്ട്. ലോകമെമ്പാടും നിന്ന് ക്ഷണമുണ്ടെങ്കിലും രാഷ്ട്രീയവും പാർലമെന്റും കാരണം പലതിലും പങ്കെടുക്കാൻ കഴിയുന്നില്ല. ഐക്യരാഷ്ട്രസഭയിൽ നിന്ന് വിട്ടശേഷം, നല്ല വരുമാനത്തിൽ അമേരിക്കയിൽ സുഖമായി ജീവിച്ചിരുന്നതാണ്. ഈ രാജ്യത്തെ സേവിക്കാനാണ് യു.എന്നിൽ നിന്ന് തിരിച്ചുവന്നത്.
ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട് വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറിച്ചായിരുന്നു. 2026 ൽ പാർട്ടി എന്താണ് ആഗ്രഹിക്കുന്നതെന്ന് നോക്കാം. ബി.ജെ.പിയിലേക്ക് പോകാൻ പദ്ധതിയില്ല. കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനായതിനാൽ രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. അതിൽ വിമർശനവും എതിർപ്പമുണ്ടാകും. പാർട്ടിയിൽ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലപാടും എടുത്തിട്ടില്ല. പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് പാർട്ടിക്ക് അതീതമായി വോട്ടു ലഭിച്ചിട്ടുണ്ട്. എന്റെ സംസാരവും പെരുമാറ്റവും ആളുകൾക്ക് ഇഷ്ടമാണ്. കോൺഗ്രസ് പാർട്ടിയെ ഇഷ്ടമില്ലാത്തവരും വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഞാൻ ജയിക്കില്ലായിരുന്നു.
ദേശീയ തലത്തിലും കേരളത്തിലും പരമ്പരാഗത വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് ജയിക്കാനാകില്ല. 10 വർഷമായി പിന്തുണയ്ക്കാത്തവരുടെ വോട്ടുകൾ തേടണം. പരമ്പരാഗത വോട്ടുകളെ മാത്രം ആശ്രയിച്ചാൽ കോൺഗ്രസ് കേരളത്തിൽ പ്രതിപക്ഷത്ത് തന്നെ തുടരും. മുന്നണിയിലെ ചില പാർട്ടികളും ഇക്കാര്യത്തിൽ യോജിക്കുന്നു.
കാലഹരണപ്പെട്ട
കമ്മ്യൂണിസ്റ്റ്
പുതിയവയെ എതിർക്കുന്ന കാലഹരണപ്പെട്ട പ്രത്യയശാസ്‌ത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. 10-15 വർഷം എതിർക്കും, പിന്നീട് അവയെ സ്വീകരിക്കും.കമ്പ്യൂട്ടറുകൾ വന്നപ്പോൾ അടിച്ചു തകർത്തു. മൊബൈൽ ഫോണുകൾ മുതലാളിത്ത കളിപ്പാട്ടമാണെന്നും ഉപയോഗിക്കരുതെന്നും പറഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ് ഓഫീസുകളിൽ കംപ്യൂട്ടറുകൾ കാണാം. സ്വകാര്യ സർവകലാശാലകളെ എതിർത്തിട്ട് ഇപ്പോൾ കേരളത്തിന് നല്ലതാണെന്ന് പറയുന്നു. ഇപ്പോൾ എതിർക്കുന്ന വിദേശ സർവകലാശാലകൾക്കും വേണ്ടിയും അവർ വാദിക്കുമെന്നുറപ്പാണ്.
തരൂർ ക്രൗഡ് പുള്ളർ:
സാദിഖലിതങ്ങൾ
മലപ്പുറം: ശശി തരൂർ ക്രൗഡ് പുള്ളറായ രാഷ്ട്രീയ നേതാവാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
തരൂർ യു.ഡി.എഫിന്റെ നല്ല പ്രചാരകനാണ്. തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കണം. എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണം. യു.ഡി.എഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. മാർച്ച് ഒന്നിന് സമസ്ത നേതൃത്വവുമായി ചർച്ച നടക്കും. ഇക്കാര്യത്തിൽ ശുഭപ്രതീക്ഷ തന്നെയാണ്. ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തയ്ക്കെതിരായ വിമർശനം ഉയർന്നോ എന്നറിയില്ല. പല തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടാവാം. സമസ്തയെ ദുർബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് ഖാസി ഫൗണ്ടേഷൻ. സമസ്തയ്ക്കെതിരെ യാതൊരു നീക്കവും ഉണ്ടാവില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |