പൗരാണിക കാലംതൊട്ടേയുള്ള ഭാരതത്തിന്റെ ആത്മീയ പാരമ്പര്യം ലോകത്തിനു മുന്നിൽ പൂർണതയോടെ കാഴ്ചവച്ച് യു.പിയിലെ പ്രയാഗ് രാജിൽ നടന്നുവന്ന മഹാകുംഭമേള വ്യാഴാഴ്ച രാവിലെ സമാപിച്ചിരിക്കുകയാണ്. 144 വർഷത്തിലൊരിക്കൽ മാത്രം അരങ്ങേറുന്ന മഹാകുംഭമേളയിൽ 66.44 കോടിയിൽപ്പരം ഭക്തജനങ്ങളാണ് ഗംഗ, യമുന, സരസ്വതി സംഗമത്തിൽ മഹാസ്നാനം നടത്തിയത്. ലോക ചരിത്രത്തിൽ ഇതുപോലൊരു തീർത്ഥാടക മഹാസംഗമം ഇന്നേവരെ ഉണ്ടായിട്ടില്ല. 44 കോടി പേരെയാണ് കുംഭമേളയുടെ സംഘാടകരായ യു.പിയിലെ ആദിത്യനാഥ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറം 66 കോടിയിൽപ്പരംപേർ സംഗമഭൂമിയിലെത്തി എന്നത് ലോകത്തെ ഒട്ടൊന്നുമല്ല വിസ്മയിപ്പിക്കുന്നത്. ഇന്ത്യയിൽനിന്നുമാത്രമല്ല, ലോക രാജ്യങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിനു പേരും കുംഭമേളയുടെ ചൈതന്യവും വിശുദ്ധിയും ആത്മാവിൽ ചേർത്തുവയ്ക്കാൻ പ്രയാഗ് രാജിലെത്തിയിരുന്നു.
സമാനതകളില്ലാത്ത ഈ തീർത്ഥാടക മഹാസംഗമം അതിന്റെ പൂർണ ചൈതന്യത്തോടെ സമീപിക്കുമ്പോൾ ഇന്ത്യ ലോകത്തിനു നൽകുന്ന ഐക്യസന്ദേശം അവിശ്വാസികൾപോലും കാണാതെ പോകരുത്. കണക്കുവച്ചു നോക്കിയാൽ ഭാരതീയ ജനസംഖ്യയുടെ നേർപകുതി വരും, കുംഭമേളയുടെ ആത്മീയ നിർവൃതി അനുഭവിക്കാനായി മഹാസംഗമത്തിൽ എത്തിയത്. ജനുവരി 13-ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 27-ന് രാവിലെ സമാപിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തീർത്ഥാടക ഒത്തുചേരൽ ഏറ്റവും വിജയപ്രദമായി സമാപിക്കാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് കുംഭമേളയുടെ സംഘാടകർ. അവസാന ദിവസം മാത്രം പുണ്യസ്നാനം നടത്തിയവർ മൂന്നുകോടിയിൽപ്പരമാണ്! ഇന്ത്യക്കാരെ മാറ്റിനിറുത്തിയാൽ ഏറ്റവുമധികംപേർ കുംഭമേളയിൽ സംബന്ധിച്ചത് ചൈനയിൽ നിന്നാണ് എന്നതാണ് മറ്റൊരു സവിശേഷത.
പന്ത്രണ്ടുവർഷത്തിലൊരിക്കൽ എത്തുന്ന കുംഭമേളയും 144 വർഷത്തിലൊരിക്കൽ വരുന്ന മഹാകുംഭമേളയും പൗരാണിക കാലംതൊട്ടേ ഭാരതീയ പാരമ്പര്യത്തിന്റെ വേർപിരിയാത്ത അനുഷ്ഠാനമാണ്. യാത്രാമാർഗങ്ങൾ ദുർലഭമായ കാലത്തും മുടക്കമില്ലാതെ ഈ അനുഷ്ഠാനം നടന്നുവന്നിരുന്നു. ഈ വർഷത്തെ മഹാകുംഭമേളയാണ് ഇന്നേവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലവും ഒന്നടങ്കം ലോകത്തെ ഒന്നിപ്പിച്ചുകൊണ്ടുവന്നതുമായ മഹാസംഗമമായി പരിണമിച്ചത്. കുംഭമേള തുടങ്ങുംമുൻപേ ഒളിയമ്പുകളും വിമർശനങ്ങളും പരിഹാസവുമൊക്കെയായി അതിനെ അവമതിക്കുന്നതിന് രാജ്യത്തിന്റെ പല കോണുകളിൽനിന്നും ഒളിഞ്ഞും തെളിഞ്ഞും ശ്രമമുണ്ടായി. ഗംഗയിൽ കുളിച്ചാൽ ചൊറി പിടിക്കുമെന്നും വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടേണ്ട പണം തീർത്ഥസ്നാനത്തിനായി ചെലവഴിക്കുന്നുവെന്നും വിമർശിച്ചവരുണ്ട്!
മലമടക്കുകളിലും ഗുഹകളിലുമൊക്കെയായി പ്രത്യേക ജീവിതരീതി പിന്തുടരുന്ന നാഗസന്യാസിമാരുടെ പ്രാതിനിദ്ധ്യത്തെച്ചാെല്ലി നിരന്തരം പരിഹാസം തൊടുത്തുവിട്ടവരുണ്ട്. രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുംഭമേളയെ ബി.ജെ.പി സർക്കാർ മാറ്റിയെടുത്തു എന്നു വിമർശിച്ച പ്രതിയോഗികളും കുറവല്ല. വിമർശനങ്ങളെല്ലാം മറികടന്ന് കുംഭമേളയുടെ വിജയം ഉറപ്പാക്കാൻ അഹോരാത്രം വിശ്രമമില്ലാതെ കർമ്മരംഗത്ത് ഉറച്ചുനിന്ന യു.പി സർക്കാരും, അതിന് സർവ സഹായങ്ങളും എത്തിച്ച കേന്ദ്ര ഭരണാധികാരികളും മഹത്തായ മാതൃക തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സ്ഥാപനങ്ങളും നൽകിയ അളവറ്റ സഹായങ്ങളും മറക്കാവതല്ല. ഓരോദിവസവും പ്രയാഗ്രാജിൽ സ്നാനകർമ്മത്തിനായി എത്തിയ കോടിക്കണക്കിന് ഭക്തരുടെ വിശ്രമത്തിനും ആഹാര നീഹാരകാര്യങ്ങൾക്കും വേണ്ട സർവ സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ സംഘാടകർ സ്വീകരിച്ച അതിവിപുലമായ ഏർപ്പാടുകൾ സമാനതകളില്ലാത്തതായിരുന്നു.
സംഘാടനത്തിലെ ചിട്ടയും ക്രമങ്ങളും ആസൂത്രണവും സർവരുടെയും പ്രശംസ പിടിച്ചുപറ്റിയെന്നത് ചില്ലറ കാര്യമല്ല. കുംഭമേള നടന്ന 45 ദിവസവും പ്രയാഗ്‌രാജിലെ പുണ്യസ്നാനഘട്ടങ്ങൾ ഭക്തനിബിഡമായിരുന്നു. സാധാരണക്കാരായ കോടിക്കണക്കിനു ഭക്തർ മാത്രമല്ല, രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വ്യവസായ- വാണിജ്യ പ്രമുഖരും ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉൾപ്പെടെ കോടിക്കണക്കിനുപേർ ഒരുമിച്ച് സ്നാനകർമ്മം നിർവഹിച്ച് സായുജ്യം നേടിയത് രാജ്യത്തിന്റെ ആത്മീയ ഉണർവ് ഊട്ടിയുറപ്പിച്ചു. കേവലം ഒരു സ്നാനം കൊണ്ട് എല്ലാമായോ എന്നു ചോദിക്കുന്ന 'സിനിക്കു"കൾ എത്രയെങ്കിലുമുണ്ടാകാം. എന്നാൽ ഏതു മനുഷ്യനും മനസിൽ കെടാതെ കൊണ്ടുനടക്കുന്ന ആത്മചൈതന്യമുണ്ട്. വിശ്വാസവും തലമുറകളായി പകർന്നുകിട്ടുന്ന പാരമ്പര്യവും അതിന്റെ ഭാഗമാണ്. മഹാകുംഭമേള പോലുള്ള ആത്മീയ സംഗമത്തിൽ പങ്കെടുത്ത് അതിന്റെ ഭാഗമാകുന്നതോടെ വിശ്വാസവും പാരമ്പര്യവും പതിന്മടങ്ങ് കത്തിജ്വലിപ്പിക്കാനുള്ള ഊർജ്ജമാണ് യഥാർത്ഥ ഭക്തന് ലഭിക്കുന്നത്. അങ്ങനെയുള്ളവരെ പരിഹസിക്കാൻ ആർക്കും അവകാശമില്ല. വിശ്വാസത്തിന്റെ പാതയിലൂടെ ഭയരഹിതനായി മുന്നോട്ടുപോകാൻ ആർക്കും അവകാശമുണ്ട്. പുരോഗമന വീക്ഷണം പുലർത്തുന്നവനും വിശ്വാസമാകാം.
അറുപത്താറുകോടി പേർ മഹാകുംഭമേളയ്ക്കെത്തിയിട്ടും ഒറ്റപ്പെട്ട ഏതാനും അപകടങ്ങളൊഴിച്ചാൽ മറ്റു വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ലെന്നത് സംഘാടനത്തിനു പിന്നിലെ അത്ഭുതാവഹമായ മികവു തന്നെയാണ്. അത്രയ്ക്ക് ചിട്ടയോടും ആസൂത്രണത്തോടും കൂടിയാണ് കാര്യങ്ങൾ നടന്നത്. ഭക്തർക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും വരാത്ത വിധമായിരുന്നു എല്ലാ ഏർപ്പാടുകളും. കേരളത്തിൽ നിന്ന് പ്രയാഗ്‌രാജിലെത്തിയവർ കുറവായിരുന്നെങ്കിലും അവിടത്തെ സജ്ജീകരണങ്ങളിലും ചിട്ടയായ പ്രവർത്തനങ്ങളിലും അവർക്കും നല്ല മതിപ്പായിരുന്നു. വനിതകളുടെ പങ്കാളിത്തംകൊണ്ടും മഹാകുംഭമേള സവിശേഷതകൾ പുലർത്തി. വിദേശ വനിതകളുൾപ്പെടെ ആയിരക്കണക്കിനുപേർ മഹാമേളയുടെ ഭാഗമായത് രാജ്യത്തിന് അഭിമാനം പകർന്നു. വിദേശികളും വിദേശ വനിതകളും സംഗമത്തിൽ കുളിച്ച് കുറിയുമണിഞ്ഞ് പ്രയാഗ്‌രാജ് തെരുവുകളിലൂടെ സഞ്ചരിക്കുന്ന കാഴ്ച കൗതുകം പകരുന്നതായി.
മഹാകുംഭമേളയുടെ സാമ്പത്തിക വശങ്ങളും അത്ര മോശമൊന്നുമായിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. മേളയിൽ പങ്കെടുക്കാനെത്തിയവർ രണ്ടുലക്ഷം കോടിയിൽപ്പരം രൂപ യു.പിയുടെ ഖജനാവിനു നൽകിയിട്ടാണ് മടങ്ങുന്നതെന്ന ഒരു ഏകദേശ കണക്ക് ഇതിനകം പുറത്തുവന്നിട്ടുണ്ട്. അവസാന കണക്കെടുപ്പിൽ ഈ തുക കൂടിയേക്കാം. എങ്ങനെയായാലും യു.പിയെ സംബന്ധിച്ച് മഹാകുംഭമേള വലിയ വരുമാന സ്രോതസായി മാറി എന്നത് നിസ്തർക്കമാണ്. രാഷ്ട്രീയരംഗത്തും ആദിത്യനാഥ് - മോദി സർക്കാരുകളുടെ യശസും സ്വാധീനവും കൂട്ടാൻ കുംഭമേള നിമിത്തമായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതും അതാണ്. എത്ര വലിയ മനുഷ്യസംഗമങ്ങളും സംഘടിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നതിന് ഉദാഹരണം കൂടിയായിരുന്നു പ്രയാഗ് രാജിലെ മഹാകുംഭമേള.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും അമേരിക്കയിലുമുള്ള ജനങ്ങളെക്കാൾ അധികമാണ് അവിടെ സംഗമിച്ചത്. ചെറിയൊരു പിഴവുകൊണ്ട് ജനുവരി അവസാനം പ്രയാഗ് രാജിൽ സ്നാനത്തിന് ഇരച്ചെത്തിയവരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് കുറച്ചുപേർ മരണമടഞ്ഞതൊഴികെ വലിയ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ പിടിക്കാൻ ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിലും കുറച്ചാളുകൾക്ക് ജീവൻ നഷ്ടമായി. ഇതും സുരക്ഷാനടപടികളുടെ പാളിച്ചമൂലം സംഭവിച്ചതാണ്. ഇവയ്ക്കു പുറമേ ഏതാനും ചെറിയ അത്യാഹിതങ്ങളുമുണ്ടായി. എന്നാൽ അവിടെ കൂടിയ മഹാപുരുഷാരം വച്ചുനോക്കിയാൽ അതൊന്നും അത്ര ഭീകരമായി കാണേണ്ടതില്ല. രാജ്യത്തെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ച് ഈ മഹാകുംഭമേള ഏതുനിലയിൽ നോക്കിയാലും അത്യപൂർവ അനുഭവം സ്വായത്തമാക്കാനുള്ള കനകാവസരം തന്നെയായിരുന്നു. കാരണം, ഇനിയൊരു മഹാകുംഭമേള 144 വർഷം കഴിഞ്ഞേ വരികയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |