തിരുവനന്തപുരം: ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്നതിനിടെ പുതിയ നീക്കവുമായി നാഷണൽ ഹെൽത്ത് മിഷൻ. പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകാനായി എൻ.എച്ച്. എം മാർഗനിർദ്ദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക ക്യാമ്പുകൾ നടത്തി വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി എൻ.എച്ച്.എം 11.70 ലക്ഷം രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും രണ്ടുദിവസം വീതം പുതിയ വോളണ്ടിയർമാർക്ക് പരിശീലനം നൽകും. ആശാ പ്രവർത്തകർ സമരം തുടർന്നാൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം എൻ.എച്ച്. എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു.
അതേസമയം സമരം ചെയ്യുന്നതു കൊണ്ട് ആശാ വർക്കർമാർ സർക്കാരിന്റെയോ പാർട്ടിയുടെയോ ശത്രുക്കളാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടാണ് ആശാവർക്കർമാരുടെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ ആവശ്യങ്ങളുന്നയിച്ചു സി.ഐ.ടി.യു നേതൃത്വത്തിലാണു സമരം ആദ്യം ആരംഭിച്ചത്.കേരളത്തിന്റെ വികസനത്തിന് എതിരായ ടീമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഈ സമരത്തിന് നേതൃത്വം നൽകുന്നത്. ഈ ടീമിൽ എസ്.യു.സി.ഐയും എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയുമുണ്ട്. സമരവും സമരത്തിന് നേതൃത്വം നൽകുന്നവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്.ആശാ വർക്കർമാർക്കു നൽകാൻ 100 കോടി കേന്ദ്രത്തിന്റെ കുടിശിക നിലനിൽക്കുന്നു. സംസ്ഥാന സർക്കാർ എല്ലാ കുടിശികകളും നൽകി. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് വർദ്ധിപ്പിച്ചത് കേവലം 100 രൂപയാണ്. ഇടതുസർക്കാർ വന്നതിനു ശേഷം വലിയ രീതിയിൽ മാറ്റം വന്നു. പ്രശ്നങ്ങൾ പരിഹരിക്കണം എന്നതു തന്നെയാണ് ഇടതുപക്ഷത്തിന്റെയും നിലപാട്. ചർച്ചയ്ക്ക് ഇവിടെ ആരും എതിരല്ല. വേണ്ട സമയത്ത് ചെയ്യും.
ആശാ വർക്കർമാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ നടത്തിയ പരാമർശം എം.വി.ഗോവിന്ദൻ തള്ളി . സമരസമിതി നേതാവ് എസ്.മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നായിരുന്നു ഹർഷകുമാറിന്റെ പരാമർശം. വിമർശിക്കുന്നതിൽ തെറ്രില്ല.അതിന് മോശം പദപ്രയോഗം നടത്തേണ്ടതില്ല. നല്ല പദങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |