കോഴിക്കോട്: താമരശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിലൂടെ അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ല', എന്നാണ് അക്രമിച്ച വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നത്. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.
മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. അക്രമണത്തിന് ആഹ്വാനം നല്‍കിയതും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.
ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചാണെന്ന് ഉമ്മ കെ പി റംസീന നേരത്തേ പറഞ്ഞിരുന്നു. മുതിര്‍ന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് ഷഹബാസിന്‍റെ ഉമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഷഹബാസിനെ മർദിച്ച കുട്ടി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിന്‍റെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതില്‍ പൊരുത്തപ്പെടണമെന്നാണ് ശബ്ദ സന്ദേശം. സംഭവിച്ചതിൽ ഷഹബാസ് അർഹനാണ് എന്ന തരത്തിലായിരുന്നു ഈ സന്ദേശം.
അതേസമയം, ഷഹബാസിന്റെ മരണത്തിന് പിന്നാലെ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 11 മണിക്ക് വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസിന് മുമ്പിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർത്ഥികൾ മർദിച്ചിട്ടുണ്ടാകും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |