കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ളാസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുങ്കം പാലോറക്കുന്നിൽ മുഹമ്മദ് ഷഹബാസ് (15) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ സെന്റ് ഓഫുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് അടിപിടിയിലും ഷഹബാസിന്റെ മരണത്തിലും കലാശിച്ചത്.
എളേറ്റിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നപ്പോൾ താമരശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ കൂക്കി വിളിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഫോൺ തകരാറിലായി പാട്ട് നിലയ്ക്കുകയും ഡാൻസ് തടസപ്പെടുകയുമായിരുന്നു. പിന്നാലെ കൂക്കി വിളിച്ച കുട്ടികളോട് എളേറ്റിൽ സ്‌കൂളിലെ വിദ്യാർത്ഥിനി ദേഷ്യപ്പെട്ടു. തുടർന്നുണ്ടായ വാക്കുതർക്കമാണ് അടിപിടിയിലെത്തിയത്. കുട്ടികൾ ഏറ്റുമുട്ടിയതോടെ അദ്ധ്യാപകർ ഇടപെട്ട് പരിപാടി നിറുത്തിച്ചു. വിദ്യാർത്ഥികളെ പറഞ്ഞുവിടുകയും ചെയ്തു. ഇതിനിടെ കണക്ക് തീർക്കണമെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ആഹ്വാനങ്ങളും ചർച്ചകളുമുണ്ടായി. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് സംഘം ചേർന്ന് ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ കുട്ടികൾ ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തലയിൽ ആന്തരിക രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ഷഹബാസിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണപ്പെട്ടത്.
താമരശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഷഹബാസിനെ മർദ്ദിച്ചതെന്നാണ് സുഹൃത്തുക്കൾ മൊഴി നൽകിയിരിക്കുന്നത്. ഷഹബാസിനെ മർദ്ദിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ദിവസം മുൻപ് ഷഹബാസിന്റെ മറ്റൊരു സുഹൃത്തിന് മർദ്ദനമേറ്റതായും ഇവർ പറഞ്ഞു. അതേസമയം, ഷഹബാസിനെ ആരാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് അറിയില്ലെന്നും ഇവർ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |