ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നതിൽ തൊഴിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ പലപ്പോഴും ആ വ്യക്തിയുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ലഭിക്കാറില്ലെന്നതാണ് വാസ്തവം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. 2024 ജൂലായ് മുതൽ സെപ്തംബർ വരെ 10.1 ശതമാനം ആയിരുന്നിടത്ത് നിലവിൽ 8.6 ശതമാനമായാണ് കുറഞ്ഞത്. നിലവിൽ തൊഴിലില്ലായ്മ നിരക്കിൽ രാജ്യത്ത് കേരളം അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ പാദത്തിൽ കേരളം നാലാം സ്ഥാനത്തായിരുന്നു. രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 8.4ൽ നിന്ന് 8.1 ശതമാനമായി.
വിദ്യാഭ്യാസമുണ്ടെങ്കിലും
തൊഴിലില്ല
തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ ജമ്മു കശ്മീരാണ്, 13 ശതമാനം. 10.4 ശതമാനത്തോടെ ഹിമാചൽപ്രദേശ് ആണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാൻ മൂന്നാമതും ഒഡീഷ, ബീഹാർ എന്നിവ നാലാം സ്ഥാനത്തുമാണ്. ഛത്തീസ്ഗഡും കേരളവുമാണ് അഞ്ചാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ അസം ആണ്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഗുജറാത്തിലും ഡൽഹിയിലുമാണ്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം തൊഴിലില്ലായ്മ നിരക്ക് 5.9%, 4.9%, 7.3% എന്നിങ്ങനെയാണ്.
എന്നിരുന്നാലും, വിദ്യാഭ്യാസമുണ്ടെങ്കിലും അതിനനുസൃതമായ തൊഴിൽ ലഭിക്കാത്തത് യുവതലമുറയെ അലട്ടുന്ന പ്രധാന പ്രശ്നം തന്നെയാണ്. ഉന്നത കോഴ്സുകൾ ജയിച്ച് പുറത്തിറങ്ങുന്നവരുടെ നൈപുണ്യക്കുറവ് തൊഴിലില്ലായ്മയുടെ മറ്റൊരു പ്രധാന കാരണമാണ്. പ്രതിവർഷം ഏകദേശം 50,000ത്തോളം പേർ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം ആളുകളും തിരച്ച് മടങ്ങി വരാൻ ആഗ്രഹിക്കുന്നില്ല. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ പഠനശേഷവും അവരെ അവിടെത്തന്നെ നിറുത്താൻ പ്രേരിപ്പിക്കുന്നു.
വിദേശ ജീവിതവും
സ്വദേശ ജീവിതവും
വിദേശ രാജ്യങ്ങളിലെ ഉയർന്ന ജീവിത നിലവാരവും യുവതലമുറയെ ആകർഷിക്കുന്നു. അവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം എന്ന ചിന്തയിലാണ് പലരും വിദേശത്തേക്ക് പറക്കുന്നത്. മതിയായ യോഗ്യതയും നൈപുണ്യവുമുള്ള യുവതീ യുവാക്കൾക്ക് പല സ്ഥാപനങ്ങളും വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. ഇത് പലർക്കും താമസത്തിനും ചെലവിനും തികയാറില്ല. സർക്കാർ സ്ഥാപനങ്ങളിൽ പോലും കരാർ നിയമനം വർദ്ധിക്കുന്നതും കേരളം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോവാൻ അവരെ നിർബന്ധിതമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ വീട്, വിദ്യാലയം, തൊഴിലിടം, പൊതു ഇടം തുടങ്ങി തങ്ങൾ ഇടപഴകുന്ന എല്ലായിടത്തും സ്ത്രീയായതിനാൽ രണ്ടാം തരക്കാരിയായി കാണുന്നുവെന്ന അഭിപ്രായം പുതുതലമുറയിലെ പെൺകുട്ടികൾ പങ്കുവയ്ക്കുന്നു. ഏത് കമ്പനിയിൽ എത്ര വലിയ സ്ഥാനത്താണെങ്കിലും തങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നിടത്ത് പോലും ലിംഗ വിവേചനം പ്രകടമാണെന്ന് അവർ പറയുന്നു.
ഏറ്റവുമധികം അന്യ സംസ്ഥാനത്തൊഴിലാളികൾ തൊഴിൽ അന്വേഷിച്ചെത്തുന്നത് കേരളത്തിലേക്കാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം നിലവിൽ 35 മുതൽ 40 ലക്ഷം വരെയാണ്. ബംഗാൾ, അസം, ഒഡീഷ, ബീഹാർ, യു.പി, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിലേറെയും. 2013ൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ 25 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അനിവാര്യമായ
നടപടികൾ
രാജ്യത്ത് അഭ്യസ്തവിദ്യരുടെ എണ്ണം വർദ്ധിച്ചതിനനുസൃതമായി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മക പദ്ധതികളുണ്ടാവണം. മനുഷ്യ ശേഷി ക്രിയാത്മകമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ രൂപപ്പെടുത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വലിയ ഉത്തരവാദിത്വമാണെന്ന കാര്യം മറന്നുകൂടാ. തൊഴിലില്ലായ്മ നിലനിൽക്കുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന സർക്കാർ തസ്തികകൾ ഏറെയാണ്. ഇവ യുവജനതയോടുള്ള ക്രൂരതയാണ്. കൃത്യമായി നിയമനം നടത്തിയാൽ വലിയൊരു വിഭാഗം തൊഴിലില്ലായ്മയും പരിഹരിക്കാം. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന യുവജനങ്ങൾ ഉള്ളപ്പോൾ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിനുള്ള മനോഭാവം യുവജനങ്ങൾക്ക് ഉണ്ടാവണമെങ്കിൽ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മക പദ്ധതികൾ കൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന തരത്തിൽ പല പഠനങ്ങളും സമീപകാലത്ത് പുറത്തുവന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നതും രാജ്യത്തിന്റെ പുരോഗതിയെ പുറകോട്ടടിക്കാൻ കാരണമാകുന്നു.
കേരളം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആശ്വാസപരമായ തലത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോരുത്തർക്കും അനുസരിച്ചുള്ള വിവധ തൊഴിലുകളുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്നും പുറത്ത് വരാൻ സാധിക്കൂ. കേരളത്തെ കൈപിടിച്ചുയർത്താം...ഒറ്റക്കെട്ടായി...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |