SignIn
Kerala Kaumudi Online
Monday, 07 July 2025 3.25 AM IST

വൈദികർക്കും കന്യാസ്ത്രീകൾക്കും പൂർണമായും ഒഴിച്ചുകൂടാൻ കഴിയുന്നതല്ല ലൈംഗികത, മഠങ്ങളിൽ നടക്കുന്നതെന്ത്? വെളിപ്പെടുത്തലുമായി സി‌സ്‌റ്റർ ലൂസി കളപ്പുര

Increase Font Size Decrease Font Size Print Page
lucy-kalappura

കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി കളപ്പുര സ്‌കറിയ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. പാവങ്ങളെ സഹായിക്കാനുള്ള നല്ല മനസിന്റെ ഉടമ. ആള് ജന്മിയാണെങ്കിലും അതൊന്നും പ്രവൃത്തിയിലും ചിന്തയിലും ഇല്ലായിരുന്നു. ഒരു നാടിന്റെ വിളക്ക്. അതേ സ്വഭാവക്കാരിയായിരുന്നു ഭാര്യ റോസയും. ആ ഗുണം മക്കൾക്കും കിട്ടാതിരിക്കുമോ . പതിനൊന്ന് മക്കളാണ് ഈ ദമ്പതികൾക്ക്. ഇരുപത്തിയഞ്ച് ഏക്കർ ഭൂമിയുടെ ഉടമയും സമ്പന്നനുമാണെന്ന ചിന്തയില്ലാതെയാണ് സ്‌കറിയ മക്കളെ വളർത്തിയതും. മക്കൾക്കും പാവങ്ങളോട് കരുണയും സ്‌നേഹവുമുണ്ടായി. സ്‌കറിയയുടെ ഏഴാമത്തെ മകളാണ് ലൂസി. സിസ്റ്റർ ലൂസി കളപ്പുര. പാവങ്ങളെ സഹായിക്കുക, അവർക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ചിന്ത ചെറുപ്പത്തിലെ ലൂസിയിലും പ്രകടമായിരുന്നു.

ലൂസി കത്തോലിക്കാ സഭയുടെ കണ്ണിലെ കരടാണ്. പക്ഷേ അവർ പൊരുതുകയാണ്, സഭയിലെ അനീതിയ്‌ക്കെതിരെ, പുരോഹിതന്മാരുടെ വഴിവിട്ട ചിന്തയ്ക്കും പ്രവർത്തിക്കുമെതിരെ. യേശുക്രിസ്തു അനീതിക്കെതിരെയാണ് പോരാടിയത്. അതുതന്നെയാണ് താനും ചെയ്യുന്നതെന്ന് പറയുന്ന സിസ്റ്റർ ലൂസി കേരളകൗമുദിയോട് സംസാരിക്കുന്നു. :


സമ്പന്ന കുടുംബത്തിൽ നിന്നും എങ്ങനെ മഠത്തിലെത്തി ?
അതൊരു ദൈവവിളിയായിരുന്നു. പണ്ടൊക്കെ ഒരു കുടുംബത്തിൽ കുറെ മക്കളുണ്ടാകും. പട്ടിണിയും ദാരിദ്ര്യവും കൂടിയാവുമ്പോൾ പലരും പെൺകുട്ടികളെ മഠത്തിലേക്കും ആൺകുട്ടികളെ വൈദികപഠനത്തിനും അയയ്ക്കും. പക്ഷെ എന്റേത് ശരിക്കും ദൈവവിളി തന്നെയായിരുന്നു. കന്യാസ്ത്രീയാകണമെന്ന ചിന്ത ചെറുപ്പത്തിലെ ഉണ്ടായി.


പഠനം ?
എൽ.പി മുതൽ ഹൈസ്‌കൂൾ വരെ കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂളിൽ. പ്രീഡിഗ്രി കൂത്തുപറമ്പ് സെന്റ് മേരീസ് കോളേജിൽ. അവിടെവച്ചാണ് കന്യാസ്ത്രീയാകണമെന്ന മോഹമുണ്ടായത്. കൂടെ പഠിച്ചവരിൽ ഏതാനും പേർ കന്യാസ്ത്രീകളായിരുന്നു. അവരിൽ നിന്ന് നല്ലതും ചീത്തയും നേരിട്ടറിഞ്ഞു.1985 മേയിൽ കന്യാസ്ത്രീയായി. മാനന്തവാടിയിലെ ദ്വാരകയിലും പഠിക്കാൻ അവസരം ലഭിച്ചു. കോഴിക്കോട് മലാപ്പറമ്പ് കമ്മ്യൂണിറ്റിയിൽ ഒരു വർഷം പ്രവർത്തിച്ചു. മഠത്തിൽ നിന്നുകൊണ്ട് തന്നെ ബി. എസ്സി മാത്സിന് നിർമ്മലഗിരി കോളേജിൽ പഠിച്ചു. മൈസൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ഹാസൻ ജില്ലയിലായിരുന്നു ബി. എഡ്. ഇതിനിടെ ബാംഗ്ലൂർ ധർമാരാമിൽ തീയോളജി പഠിക്കാൻ പോയി. ബി.എഡ്. കഴിഞ്ഞയുടൻ ദ്വാരകമഠത്തിൽ നിന്ന് രാജസ്ഥാനിലെ രൂപതയുടെ ഒരു സ്‌കൂളിലേക്ക് അയച്ചു. ഗോവക്കാരാനായ മാനേജർ അച്ചന്റെ പെരുമാറ്റം നല്ലതായിരുന്നില്ല. ഇതിനെതിരെ പ്രതികരിക്കേണ്ടി വന്നു. അവിടെ നിൽക്കാൻ പറ്റില്ലെന്ന അവസ്ഥയായി. നാട്ടിൽനിന്ന് പ്രൊവിൻഷൽ സിസ്റ്റർ വന്നപ്പോൾ മാനേജർ അച്ചന്റെ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞു. അങ്ങനെ നാട്ടിലേക്ക് മടങ്ങി. എന്നാൽ വീണ്ടും രാജസ്ഥാനിലേക്ക് പോകേണ്ടി വന്നു. ഒരു വർഷം അവിടെ നിന്നു. ഇതിനിടെ രാജസ്ഥാനിലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടി. ഇത് മറ്റ് കന്യാസ്ത്രീകൾക്ക് രസിച്ചില്ല. ഇതിനിടയ്ക്കാണ് ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂളിൽ ഒഴിവു വന്നത്. 1996 ഫെബ്രുവരി 16ന് ദ്വാരകയിൽ ചേർന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും സ്‌നേഹം നേടാനായി.


വിദ്യാലയത്തിൽ നിന്നും ശിക്ഷാ നടപടി ഉണ്ടായെന്ന് കേട്ടല്ലോ ?
മാനേജ്‌മെന്റ് വിദ്യാലയത്തിൽ കെ.ഇ.ആർ മറികടന്ന് ഹെഡ്മിസ്ട്രസിനെ നിയമിച്ചതിനെ എതിർക്കേണ്ടി വന്നു. സീനിയോറിറ്റി ഉളളവരെ മാറ്റിനിറുത്തുന്ന നിയമനത്തെ എതിർത്തത് വൈദികർക്കും സഭയ്ക്കും ഇഷ്ടമായില്ല. ഹെഡ്മിസ്ട്രസും എനിക്കെതിരെ തിരിഞ്ഞു. എനിക്ക് പഠിപ്പിക്കാൻ അറിയില്ലെന്ന് പറഞ്ഞു. 2016 നവംബർ ഒന്നിന് എന്നെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ കുട്ടികളും രക്ഷിതാക്കളും എനിക്ക് വേണ്ടി ശബ്ദിച്ചു. അവർ സമരവുമായി രംഗത്തുവന്നു. സമരം ചെയ്ത കുട്ടികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. എന്നെ ഒതുക്കുകയായിരുന്നു ലക്ഷ്യം. ഇതിനെതിരെ ഡി.ഇ.ഒക്ക് പരാതി നൽകി. അന്വേഷണം നടന്നു. കുറ്റക്കാരിയല്ലെന്ന് കണ്ട് സസ്‌പെൻഷൻ അസാധുവാക്കി. അന്നുമുതൽ മാനേജ്‌മെന്റിന്റെയും രൂപതയുടെയും കണ്ണിലെ കരടായി. മാനേജ്‌മെന്റ് ഹൈക്കോടതിയിൽ റിവ്യൂപെറ്റീഷൻ നൽകി. അഭിഭാഷകനില്ലാതെ ഞാൻ കേസ് വാദിച്ച് ജയിച്ചു. സസ്‌പെൻഷൻ നടപടി പിൻവലിക്കേണ്ടി വന്നു. മാനന്തവാടി രൂപതാ മെത്രാൻ പോലും അന്ന് എന്നോട് നീതി കാണിച്ചില്ല. ഒഴിഞ്ഞ് പോയിക്കൂടെ എന്നാണ് മെത്രാൻ ചോദിച്ചത്. ഇതാണോ ഒരു പിതാവിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്.


ഇപ്പോഴത്തെ വിവാദത്തിന് കാരണം?.
അതൊരു തുടർച്ചയാണ്. അനീതിക്കെതിരെയുളള എന്റെ നിരന്തരമായ ഇടപെടലുകൾ. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുളള സമരത്തിൽ ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മാദ്ധ്യമങ്ങളെ കണ്ടു, ടി.വി ചർച്ചയിൽ പങ്കെടുത്തു. ഉളളത് വെട്ടിത്തുറന്ന് പറഞ്ഞു. ഇത് സഭയ്ക്ക് രസിച്ചില്ല. ഇതേപോലെയുളള തോന്ന്യാസങ്ങൾ രൂപതയിലും നടന്നില്ലെ? ഫാ.റേബിൻ വടക്കുഞ്ചേരി ചെയ്ത തെറ്റും മറച്ച് വയ്ക്കാനല്ലെ രൂപത ശ്രമിച്ചത്. ഇന്നയാൾ ജയിലിലാണ്. ഇതിനെ എതിർക്കാൻ എത്രപേർ രംഗത്തുവന്നു. ആരും വരില്ല. എല്ലാവർക്കും പേടിയാണ്. ശബ്ദിച്ചാൽ മൂലയ്ക്കിരുത്തും.


മഠങ്ങളിൽ നടക്കുന്നത് അങ്ങാടിപ്പാട്ടാകുന്നുണ്ടല്ലോ?
ലൈംഗികത എന്നാൽ മനുഷ്യന്റെ ജീവശാസ്ത്രപരമായ ആവശ്യമാണ്. വൈദികർക്കും കന്യാസ്ത്രീകൾക്കും ഇത് പൂർണമായും ഒഴിച്ചുകൂടാൻ പറ്റുന്നതല്ല. പദവി പല വൈദികരും ദുരുപയോഗം ചെയ്യുന്നു. മന:പൂർവം വൈദികർ ഇതിനുള്ള സാഹചര്യമൊരുക്കുന്നു. എന്തിന് ഇവർ കന്യാസ്ത്രീ മഠങ്ങളിൽ കയറിയിറങ്ങുന്നു. അവരുടെ ദേഷ്യവും വിചാരങ്ങളും വികാരങ്ങളും തീർക്കേണ്ട സ്ഥലമാണോ മഠങ്ങൾ? അവർക്ക് മഠങ്ങളിൽ നിന്നുതന്നെ ഭക്ഷണം വേണമെന്ന് എന്തിന് നിർബന്ധം പിടിക്കണം? ബിഷപ്പുമാർക്കും മദർ പ്രൊവിൻഷ്യലുകൾക്കും ജനറൽമാർക്കും അവരുടെ കോൺഗ്രിഗേഷനുകളിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. സഭയിൽ തെറ്റുകൾ കുറയ്ക്കണമെങ്കിൽ ഇത്തരക്കാർക്ക് വിവാഹിതരാവാൻ അനുവാദം കൊടുക്കുന്നതാണ് നല്ലത്. ബ്രഹ്മചര്യം പാലിച്ച് കൊണ്ട് സാമൂഹ്യ സേവനത്തിലും ശുശ്രൂഷയിലും മുഴകി നിൽക്കുന്ന എന്നെപ്പോലുളളവർക്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫ്രാങ്കോമാരും റോബിൻമാരും ഉണ്ടാകുന്നത് എതിർപ്പ് കുറയുന്നത് കൊണ്ടാണ്. മഠങ്ങളിൽ നിന്ന് കനത്ത തോതിൽ ശബ്ദം ഉയർന്നു വരണം.

വ്രതങ്ങൾ തെറ്റിക്കുന്നുവർ സഭയിലുണ്ടോ?
ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നിങ്ങനെ മൂന്ന് വ്രതങ്ങളാണ് ഞങ്ങൾ എടുക്കുന്നത്. എറണാകുളത്തെ സമരപ്പന്തലിൽ പോയത് സഭയ്ക്ക് ഇഷ്ടമായില്ല. അനുവാദം ചോദിച്ചാൽ തരില്ലെന്ന് അറിയാം. പിന്നെ ഭക്തിഗാനങ്ങൾ അടങ്ങിയ സിഡി ഇറക്കി, കാവ്യരൂപത്തിലുളള ചിന്താശകലങ്ങൾ ഉൾക്കൊളളിച്ച് സ്‌നേഹമഴയിൽ എന്നൊരു പുസ്തകം എഴുതി. ഇതും സഭയ്ക്ക് ഇഷ്ടമായില്ല. ഞാൻ സഭയുടെ സ്വത്താണ്. അദ്ധ്യാപക ജോലി ചെയ്തുകിട്ടുന്ന വേതനവും സഭയ്ക്ക് തന്നെയാണ് നൽകുന്നത്. സഭയുടെ സ്വത്ത് എടുത്തിട്ട് തന്നെയാണ് ഇതൊക്കെ ഞാൻ ചെയ്തത്. 2017 ഡിസംബർ മുതൽ വേതനം ഞാൻ സഭയ്ക്ക് നൽകിയിട്ടില്ല. അത് ഉപയോഗിച്ചാണ് ഡ്രൈവിംഗ് പഠിച്ചതും കാറ് വാങ്ങിയതും പുസ്തക രചന നടത്തുന്നതും. സഭയുടെ സ്വത്തിൽ എനിക്കും അവകാശമുണ്ട്. അത് പ്രേക്ഷിത പ്രവർത്തനത്തിനാണ്. സഭയുടെ ശുശ്രൂഷാ പ്രവർത്തനമാണ് നടത്തുന്നത്. കാർ വാങ്ങിയതും സഭയുടെ പ്രവർത്തനത്തിന് തന്നെ. അത് അനുസരണക്കേടല്ല.


മഠത്തിലെ പിൻവാതിലുകൾ പറയുന്ന സത്യം എന്താണ് ?
നോബിൾ വിശേഷിപ്പിച്ച, മാദ്ധ്യമ പ്രവർത്തകർ കയറിയിറങ്ങിയ പിൻവാതിൽ വികാരിയച്ചൻമാർ കയറിയിറങ്ങുന്ന വാതിലുകളാണ്. അതിലൂടെ ആരൊക്കെ എപ്പോഴൊക്കെ കയറിയിറങ്ങിയിട്ടുണ്ടെന്ന് എവിടെ വേണമെങ്കിലും ഞാൻ പറയാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് സൂചിപ്പിച്ച് കൊണ്ട് 2017ൽ ആലഞ്ചേരി പിതാവിനും മാനന്തവാടി രൂപതാ മെത്രാൻ ജോസ് പൊരുന്നേടത്തിനും രണ്ട് തവണ കത്ത് നൽകി. വൈദികർ മഠത്തിൽ വന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.


മഠത്തിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാൽ ?
ഇവിടെ ഈ മണ്ണിൽത്തന്നെ ജീവിക്കും. അതും കന്യകയായിത്തന്നെ. വയനാട് എന്റെ ജീവന്റെ ഭാഗമാണ്. സാമൂഹ്യപ്രവർത്തനമാണ് എനിക്ക് അറിയാവുന്ന ജോലി. ജാതിയും മതവും നോക്കാതെ ഞാൻ അത് ഇന്നുവരെ നന്നായി നടത്തി. ഇവർ നടത്തുന്ന കൊളളരുതായ്മകൾ എനിക്ക് ഇനിയും പറയേണ്ടി വരും. ഇപ്പോൾത്തന്നെ കണ്ടില്ലെ. 54 വയസായ എന്നെ ഇവിടെ നിന്ന് വിളിച്ചുകൊണ്ട് പൊയ്‌ക്കൊള്ളാൻ പറഞ്ഞ് 84 വയസുളള എന്റെ അമ്മ റോസമ്മയെ വിളിച്ച് വരുത്തിയിരിക്കുന്നു. പുറത്താക്കിയാലും ഈ വസ്ത്രം ഞാൻ സൂക്ഷിക്കും. അത് തട്ടിപ്പറച്ചാലും എനിക്ക് തൈക്കാനറിയാം.


ചുരിദാർ ഇടുന്നതാണല്ലോ മറ്റൊരു വിഷയം?
പുരോഹിതന്മാർക്ക് എന്തുമാകാം. ജീൻസും ടീ ഷർട്ടുമിട്ട് ചെത്തിനടക്കാം. സിനിമാ തീയേറ്ററിൽ പോയി സിനിമ കാണാം. സിസ്‌റ്റേഴ്സിന് ഇതൊന്നും പാടില്ല. ഇതെന്ത് നീതി. എനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. മൂടിപ്പുതച്ചുളള ഈ വസ്ത്രം സ്ഥിരമായി ധരിക്കാൻ പറ്റില്ല. അക്കാര്യം പറഞ്ഞു കൊണ്ട് രൂപതയ്ക്ക് പലതവണ കത്തെഴുത്തി. ശരീരത്തിൽ ഒരുതരം ചൂട് അനുഭവപ്പെടും. അത് അസ്വസ്ഥതയുണ്ടാക്കുന്നു. മുടി കൊഴിച്ചിൽ വരുന്നു. മഴക്കാലത്തും അതിശൈത്യകാലത്തും ഇതിനെയൊക്കെ ചെറുക്കാൻ ശരീരമാസകലം വസ്ത്രങ്ങൾ എല്ലാവരും ധരിക്കുന്നുണ്ടല്ലോ? എന്നാൽ ചൂടുകാലത്ത് അടിവസ്ത്രങ്ങൾ ഒഴിവാക്കുന്നവരും ഇവിടെയില്ലെ? അത് പാടില്ലെന്നാണ് സഭയുടെ കണ്ടുപിടുത്തം. ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടുപോകുമ്പോൾ ശരീരത്തിൽ മുഴുവൻ വസ്ത്രങ്ങളും ധരിച്ചാണോ കൊണ്ടുപോകുന്നത്. രഹസ്യഭാഗങ്ങളിൽ എന്തെങ്കിലും രോഗം വന്നാൽ അത് ഡോക്ടർമാരെ കാണിച്ച് കൊടുക്കണ്ടേ? എങ്കിലെ രോഗം എന്താണെന്ന് അറിയാനും, ചികിത്സിക്കാനും പറ്റൂ. എഫ്.സി.സിയുടെ വസ്ത്രം ധരിച്ചല്ലല്ലോ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടുപോകുന്നത് ? സഭയ്ക്ക് ഇതിനൊന്നും മറുപടിയില്ല. ഇത് കാട്ടുനീതിയാണ്.


ഇപ്പോൾ മഠത്തിൽ നിരീക്ഷണമുണ്ടോ?
പണ്ടൊക്കെ മഠങ്ങളിൽ താമസിക്കുന്ന ഞങ്ങളെ നിരീക്ഷിക്കാൻ ദൈവത്തിന്റെ കണ്ണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അങ്ങനെയാണ് പ്രവർത്തിച്ചിരുന്നതും. എന്നാൽ ഇന്ന് എന്നെ നിരീക്ഷിക്കാൻ എന്റെ മഠത്തിൽ സി സി ടി വി കാമറകൾ നിറഞ്ഞിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ അത് പതിനൊന്നെണ്ണമായിരുന്നു. എന്നാൽ എന്നെ മഠത്തിൽ പൂട്ടിയിട്ടതിന് ശേഷം പതിനാലായി വർദ്ധിച്ചു.


ജീവചരിത്രം എഴുതുന്നുണ്ടെന്ന് കേട്ടു?
അതിന്റെ പണിപ്പുരയിലാണ്. എനിക്ക് എല്ലാം തുറന്ന് പറയണം. ചിലപ്പോൾ അത് പലർക്കും പൊളളും. എഴുതിയ ഭാഗങ്ങൾ ഞാൻ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് ഈയിടെ കൈമാറി. അത് കൈമാറാൻ വേണ്ടി ഇവരെ വിളിച്ച് വരുത്തിയതിനാണ് പിൻവാതിലിലൂടെ ഞാൻ മാദ്ധ്യമപ്രവർത്തകരെ കയറ്റി എന്ന് ഫാ. നോബിൾ വിളിച്ച് പറഞ്ഞത്. എന്നെ അപമാനിക്കുക വഴി രൂപതയെപ്പോലും അപമാനിക്കുന്ന തരത്തിലേക്കല്ലെ കാര്യങ്ങൾ പോയത്. ഇതിന് അയാൾ ശിക്ഷിക്കപ്പെടണം. അതിന് ഏതറ്റംവരെയും ഞാൻ പോകും. വൈദികനാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന തോന്നൽ പാടില്ല. മഠത്തിൽ നേരത്തെ ഉണ്ടായിരുന്ന സിസ്‌റ്റേഴ്സ് വലിയ കുഴപ്പക്കാരായിരുന്നില്ല. എന്നാൽ ഈയിടെയായി നാലഞ്ച് സിസ്‌റ്റേഴ്സിനെ ഇവിടേക്ക് അയച്ചിട്ടുണ്ട്. എനിക്ക് ഇവിടെ സ്വാതന്ത്ര്യവും ഇല്ല. മാനസികമായി പീഡിപ്പിക്കുന്നു. ഭക്ഷണം കഴിക്കാൻ പോലും വിളിക്കില്ല. ഒരുവാക്ക് പോലും സംസാരിക്കില്ല. മഠത്തിൽ സംസാരിക്കാതെ ഒറ്റയ്ക്കിരിക്കേണ്ടി വരുന്നു. എന്റെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എന്റെ ചാച്ചൻ സത്യത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹം 1993ൽ മരിച്ചു. എനിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജനങ്ങൾ പ്രവഹിക്കുന്നു. സഭയിലെ കൊളളരുതായ്മകൾ അത്രയേറെയാണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തം. മനുഷ്യർ ഒന്നാണ്. അവിടെ വേർതിരിവ് പാടില്ല. മനുഷ്യൻ എന്ന പദവും ഈ രൂപവും ഒന്നാണ്. അതിന് അടിയിലെ വരാവൂ എല്ലാം. കുട്ടികളുടെ മനസിലേക്ക് അത് ആഴ്ന്നിറങ്ങണം. പുതിയ നാല് കൽപ്പനകൾ എനിക്ക് തന്നിട്ടുണ്ട്. അത് തെറ്റിച്ചാൽ അപ്പീലിന്റെ റിസൾട്ട് വരാനൊന്നും നോക്കില്ലെന്നും കൽപ്പനയിൽ പറയുന്നു.

TAGS: LUCY KALAPURA, CATHOLIC, LUCY KALAPPURA INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.