പത്തനംതിട്ട : കണ്ണൂർ എ.ഡി.എമ്മായിരുന്നു നവീൻബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതോടെ, കടുത്ത നിരാശയിൽ കുടുംബം. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. മഞ്ജുഷ കേരളകൗമുദിയോട്:
സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ കാരണം?
കേരള പൊലീസിൽ നിന്ന് നീതികിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ല. പ്രധാന പ്രതികളെയെല്ലാം അവർ സംരക്ഷിക്കുകയാണ്. പ്രതിപ്പട്ടികയിലെത്തേണ്ട പലരും ഇപ്പോഴും പുറത്തുണ്ട്.
അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞതിൽ സംഭവിച്ചത്?
ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്ന് കോടതിയിൽ വാദിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. മാറ്റി വാദിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി. എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് വ്യക്തമല്ല.
പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ അറിയിക്കാറുണ്ടോ?
അന്വേഷണ പുരോഗതിയെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല. ഡിവിഷൻ ബെഞ്ചിൽ പോയ ശേഷം അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ല. നവീനിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. പൊലീസിന്റെ ഒളിച്ചുകളിയാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.
ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ?
കൂടെ നിൽക്കുന്നവരെ തളർത്തി ഞങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. അങ്ങനെ വന്നാൽ ഞാനും മക്കളും ഒറ്റയ്ക്കായി പോകുമെന്ന് പലരും വിചാരിക്കുന്നുണ്ട്. എതിരാളികളുടെ തന്ത്രമായിട്ടാണ് ഇതിനെ കാണുന്നത്. കോടതിയെ ഞങ്ങൾ വിശ്വസിക്കുന്നു. കേസുമായി മുന്നോട്ടുപോകും. രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് അറിയില്ല.
യൂട്യൂബ് ചാനലുകൾക്ക്
എതിരെ മകൾ നിരഞ്ജന
ചില യൂട്യൂബ് ചാനലുകൾ കൊച്ചച്ഛൻ പ്രവീൺ ബാബുവിനെതിരെ അപവാദപ്രചരണങ്ങൾ നടത്തുന്നുണ്ടെന്ന് മകൾ നിരഞ്ജന പറഞ്ഞു. കൊച്ചച്ഛൻ ഞങ്ങളെ ചതിച്ചു, വഞ്ചിച്ചു എന്നുള്ള രീതിയിൽ. അച്ഛന്റെ മരണത്തിൽ ഞങ്ങളെപ്പോലെ അദ്ദേഹത്തിനും സഹിക്കാൻ പറ്റാത്ത വിഷമമുണ്ട്. അവർ തമ്മിൽ ആഴത്തിൽ ബന്ധമുള്ളവരായിരുന്നു. കേസിന്റെ നടത്തിപ്പിന് ഏറ്റവും കൂടുതൽ ഓടുന്നത് അദ്ദേഹമാണ്. അങ്ങനെയൊരാൾക്കാണ് വലിയ അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വരുന്നത്. യൂട്യൂബ് ചാനലുകൾ ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇനിയെങ്കിലും അറിയാത്തതും ഇല്ലാത്തതുമായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഒരു സ്ത്രീ ഞങ്ങളെ സഹായിക്കാനെന്ന രീതിയിൽ പറയുന്നതിലെ വാസ്തവം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. ആ സ്ത്രീ കണ്ണൂരിൽ നിന്ന് അച്ഛന്റെ സംസ്കാര ദിവസം വീട്ടിലെത്തിയെന്ന് പറയുന്നു. പിന്നീട് വീട്ടിലെത്തി എന്തൊക്കെയോ തെളിവുണ്ടെന്ന് പറഞ്ഞു. കണ്ണൂരിൽ നിന്ന് ഇത്രയധികം ദൂരം യാത്ര ചെയ്ത് ഒരാൾ എത്തണമെങ്കിൽ ആരെങ്കിലും പിറകിലുണ്ടോയെന്ന് സംശയമുണ്ട്. അവർ രഹസ്യമൊഴി നൽകി എന്നൊക്കെ പറഞ്ഞു. അതൊന്നും വിശ്വാസയോഗ്യമായി തോന്നിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |