SignIn
Kerala Kaumudi Online
Monday, 31 March 2025 7.46 PM IST

ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും, ലോകത്തിന് മാതൃകയാകുന്ന കേരള മോഡൽ

Increase Font Size Decrease Font Size Print Page
wayanad-meppadi

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ, പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണ്. ഇന്ന് കൽപ്പറ്റ മേപ്പാടിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതോടെ പുനർനിർമ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കും.

2024 ജൂലായ് 30ന് ദുരന്തമുണ്ടായതു മുതൽ സംസ്ഥാന സർക്കാർ നടത്തിയ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ആ നാടിനെ ചേർത്തുപിടിച്ചു കൊണ്ടുള്ളതാണ്. ഒരു ഗവൺമെന്റ് എന്നർത്ഥത്തിലല്ല, ജാതി, മത, രാഷ്ട്രീയ, വർണ, വർഗ, ലിംഗ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരും അതിനൊപ്പം നിന്നു. അതിൽ യുവജന സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യത്വത്തോടെ എത്തിച്ചേരാൻ പറ്റുന്ന മുഴുവൻ ആളുകളുടെയും സാന്നിദ്ധ്യത്തെ കാഴ്ചക്കാരാക്കിയല്ല, ദൗത്യ സംഘങ്ങളാക്കി അണിനിരത്തിയാണ് ദുരന്ത നിവാരണ പ്രക്രിയയിൽ ഒരു കേരള മോഡൽ സർക്കാർ പൂർത്തിയാക്കിയത്.

കാണാതായവരെ കണ്ടെത്തൽ, മരിച്ചവരെ തിരിച്ചറിയുക, അവരെ സംസ്‌കരിക്കുക, അവരുടെ കുടുംബങ്ങളെ കണ്ടെത്തുക, ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളിലേക്ക് പാർപ്പിക്കുക തുടങ്ങിയ ശ്രമകരമായ പ്രക്രിയ ആയിരുന്നു അത്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് താത്കാലിക സഹായങ്ങളൊരുക്കി, വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റി പാർപ്പിച്ചു. ഇതോടെ പുനരധിവാസ പ്രക്രിയയുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നു.

പുനരധിവാസ പ്രവർത്തനങ്ങൾ വൈകി എന്ന വിധത്തിൽ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പുനരധിവാസത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ, സർക്കാർ മുന്നോട്ടുവച്ചത് കൃത്യമായ ധാരണകളും വീക്ഷണവുമാണെന്ന് മനസിലാകും. ആദ്യം ദുരന്ത ബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കേണ്ട ഇടങ്ങളെക്കുറിച്ച് ചർച്ച നടത്തി. ലോക ചരിത്രത്തിൽ ആദ്യമായി, ദുരന്ത ബാധിതരായ മനുഷ്യരോട് തന്നെ ഇതേക്കുറിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ക്യാമ്പുകളിലും പൊതു ഇടങ്ങളിലും നേരിട്ടെത്തി അഭിപ്രായങ്ങൾ ആരാഞ്ഞു. അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്, ദുരന്തം ഞങ്ങളിൽ പലരെയും അകറ്റി, പുനരധിവസിപ്പിക്കുമ്പോൾ ഞങ്ങളെ പിരിക്കരുത്, എല്ലാവരും അടുത്തടുത്ത് താമസിക്കും വിധം ഒരിടം മതി എന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പൊതുസ്ഥലം കണ്ടെത്തണമെന്ന ആശയത്തിലേക്ക് വന്നു. ഇത് മുൻനിറുത്തി ടൗൺഷിപ്പിലേക്ക് ഇവരെ പാർപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കി.

ടൗൺഷിപ്പിനായി 25 എസ്റ്റേറ്റുകൾ കണ്ടെത്തി. ഇവിടങ്ങളിൽ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. സുരക്ഷിതമെന്ന് ചൂണ്ടിക്കാട്ടിയ ഒമ്പത് എസ്റ്റേറ്റുകളിലേക്ക് ശ്രദ്ധ ചുരുക്കി. ഇതിൽ ഏറ്റവും അടുത്തും സുരക്ഷിതവും മുഴുവൻ പേരെയും ഉൾക്കൊള്ളാവുന്നതുമായ രണ്ട് ഇടങ്ങളെന്ന നിലയിൽ എൽസ്റ്റോണും നെടുമ്പാലയും നിശ്ചയിച്ചു.

ഒക്ടോബർ മൂന്നിന് ഈ രണ്ട് ഭൂമികളും ഏറ്റെടുക്കാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. പിറ്റേന്ന്, തന്നെ ഇതുസംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചു. നിർഭാഗ്യവശാൽ തോട്ടം ഉടമകളുടെ കോടതി വ്യവഹാരങ്ങൾ തടസമായി മുന്നിൽ വന്നു. ഡിസംബർ 27നാണ് സർക്കാരെടുത്ത തീരുമാനങ്ങൾ പൂർണമായും ശരിയെന്ന് കണ്ടെത്തിയ കോടതി, ഒക്ടോബർ നാലിലെ സർക്കാർ ഉത്തരവ് അംഗീകരിച്ചുള്ള വിധി പ്രസ്താവിച്ചത്. ജനുവരി ഒന്നിന് രൂപരേഖ അവതരിപ്പിച്ചു.

കോടതി വ്യവഹാരങ്ങൾ നടക്കുമ്പോഴും സർക്കാർ സംവിധാനങ്ങൾ നിശ്ചലമായിരുന്നില്ല. കോടതി വ്യവഹാരം നടക്കുന്നതിനാൽ ഭൂമിയിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. ജനുവരി രണ്ടിന് റവന്യു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന്, ഹൈഡ്രോളജിക്കൽ സർവെ, ടോപ്പോഗ്രാഫിക്കൽ സർവെ, ജിയോളജിക്കൽ സർവെ, മണ്ണ് പരിശോധന എന്നിവ അടിയന്തരമായി പൂത്തിയാക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കാനുള്ള നടപടിയും ആരംഭിച്ചു. ഇതിനിടെ വീണ്ടും കോടതിയിൽ കേസ് വന്നു. ഇതിന്റെ നടപടിക്രമങ്ങൾ തുടരുമ്പോഴും ഭൂമി ഏറ്റെടുത്ത നടപടിക്ക് സ്റ്റേ ഇല്ലെന്നും സർക്കാർ തീരുമാനം ശരിയാണെന്നും സർക്കാർ പറഞ്ഞതനുസരിച്ചുള്ള തുക വിശദാംശങ്ങൾ സഹിതം കെട്ടിവയ്ക്കാമെന്നും ഉദ്ഘാടന ചടങ്ങുൾപ്പെടെ ഭൂമിയിൽ നടത്താമെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതൽ എൽസ്‌ട്രോൺ എസ്റ്റേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

കേരള ഗവർണർ നിയമസഭയിൽ നടത്തിയ സർക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചതു പോലെ, ഈ സാമ്പത്തിക വർഷം തന്നെ വീട് നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും വീട് നിർമ്മിച്ചു നൽകും. 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിട്ടി അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ, ആ സ്ഥലത്തെ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതി തള്ളാൻ അവസരമുണ്ട്. ഇക്കാര്യത്തിൽ ഒരു നടപടിയും കേന്ദ്രസർക്കാർ കൈകൊണ്ടിട്ടില്ല. കേരളം ഇതിനായി കാത്തിരുന്നില്ല. സംസ്ഥാനത്തിന്റെ ബാങ്കായ കേരള ബാങ്കിന്റെ ശാഖകളിൽ ഉണ്ടായിരുന്ന ദുരന്ത മേഖലയിലെ മുഴുവൻ കടങ്ങളും എഴുതി തള്ളി.

കേരളം ഒരു ദുരന്തത്തിന്റെ മുന്നിലും പേടിച്ചു നിൽക്കില്ല. കേന്ദ്ര സർക്കാർ അർഹമായ സഹായം തരാത്ത ഘട്ടത്തിൽ പോലും ഭീതിയോടെ നിൽക്കലല്ല, മറിച്ച് ഇതിനെയും അതിജീവിക്കുമെന്ന് ഉറപ്പോടെ ലോകത്തെ മുഴുവൻ സാക്ഷി നിറുത്തി, ലോകം ശ്രദ്ധിക്കുന്ന ദുരന്ത നിവാരണ പുനർനിർമാണ, പുനരധിവാസ പ്രക്രിയയുടെ ഒരു കേരള മോഡൽ സൃഷ്ടിക്കുകയാണ്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.