പരിഷ്‌കൃത രാജ്യങ്ങളിലെവിടെയും സർവകലാശാലകൾ വിദ്യാർത്ഥികളുടെ താത്‌പര്യങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. സ്വതന്ത്രമായ ഭരണാവകാശങ്ങളാണ് അവയുടെ പ്രത്യേകത. അതാതിടത്തെ സർക്കാർ സംവിധാനങ്ങൾ ശ്വാസംമുട്ടിക്കുന്ന തീരുമാനങ്ങൾകൊണ്ട് അവയെ വരിഞ്ഞുമുറുക്കാറുമില്ല. ഇന്ത്യയിലാകട്ടെ എല്ലാറ്റിലും തങ്ങളായിരിക്കണം മുൻനിരയിൽ എന്ന രാഷ്ട്രീയക്കാരുടെ നിലപാട് സർവകലാശാലകളെ ദുർബലമാക്കുന്നു.
കേരളത്തിലേക്കു വന്നാൽ സർവകലാശാലകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അധികാരത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടൽ ഒഴിഞ്ഞ നേരമില്ല. ഏതു സർക്കാർ അധികാരത്തിലിരുന്നാലും ഈ സ്വഭാവത്തിൽ മാറ്റം വരാറില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തെ സർവകലാശാലകൾ പ്രതാപമെല്ലാം ഇടിഞ്ഞിടിഞ്ഞ് ആർക്കും വേണ്ടാത്ത സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
സർവകലാശാലകളുടെ കണക്കുപ്രകാരം ഇക്കഴിഞ്ഞ വർഷം സംസ്ഥാനത്തെ കോളേജുകളിൽ കുട്ടികൾ പ്രവേശനത്തിനെത്താതെ ഒഴിഞ്ഞുകിടന്നത് നാല്പതു ശതമാനം ബിരുദ സീറ്റുകളാണ്. പ്ളസ് ടു പാസായ കുട്ടികളുടെ അഭാവമല്ല കാരണം. ആധുനിക കാലത്തിനിണങ്ങുന്ന കോഴ്‌സുകൾ സിലബസായുള്ള കോഴ്‌സുകളില്ലാത്തതാണ് കുട്ടികളെ അകറ്റുന്നത്. വളരെയധികം കുട്ടികൾ കുടുംബംവരെ എഴുതി വിറ്റ് വിദേശ സർവകലാശാലകളിൽ പ്രവേശനം തേടുന്നു. അതിനു പാങ്ങില്ലാത്തവർ കേരളത്തിനു പുറത്തുള്ള മികച്ച പഠനകേന്ദ്രങ്ങൾ അന്വേഷിച്ചുപോകുന്നു. അപ്പോഴും ഇവിടത്തെ സർവകലാശാലകളെ ഗ്രസിച്ചിരിക്കുന്ന ചുഴിക്കുറ്റത്തിൽ നിന്ന് രക്ഷപ്രാപിക്കാനുള്ള വഴികൾ തേടാൻ ആർക്കും കഴിയുന്നില്ല.
ഏറെ പരാതികളുയർന്ന പശ്ചാത്തലത്തിലാണ് ഇവിടെയും സ്വകാര്യ സർവകലാശാലകൾ ആകാം എന്ന നിലപാടിൽ ഇടതു സർക്കാർ എത്തിയത്. അഭിനന്ദനീയമായ നല്ല തുടക്കം തന്നെയാണിത്. എന്നാൽ ഇതിനെ എതിർക്കുന്നവരും കുറവല്ലെന്ന് ഓർക്കണം. മാത്രമല്ല, അധികാരം പങ്കുവയ്ക്കുന്നതിൽ ഭരണത്തിലിരിക്കുന്ന സർക്കാരിനു മേൽക്കൈ ലഭിക്കുന്ന വിധത്തിലുള്ള വ്യവസ്ഥകൾ സ്വകാര്യ സർവകലാശാലാ ബില്ലിൽ എഴുതിവച്ചിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഇതു നിഷേധിക്കാൻ നിയമസഭയിൽ ശ്രമിച്ചുവെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല. കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച സ്വകാര്യ സർവകലാശാലാ ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. പകരം സബ്‌ജക്ട് കമ്മിറ്റിക്കു വിടുകയാണ് ചെയ്തത്. സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകൾക്ക് ഒരിക്കലും ബദലാകാൻ പോകുന്നില്ലെന്ന് മന്ത്രി ബിന്ദു ആശ്വാസം കൊള്ളുന്നു. ശരിയാകാം. വലിയ പണച്ചെലവുള്ള സ്വകാര്യ സർവകലാശാലകളിൽ പ്രവേശനം നേടാൻ വീട്ടിൽ സമ്പത്തുള്ളവർക്കേ കഴിയൂ.
ഈ സ്ഥിതിവിശേഷത്തിൽ നിന്ന് സാധാരണ കുട്ടികളെ രക്ഷിക്കാൻ പൊതു സർവകലാശാലകൾ സ്വകാര്യ സർവകലാശാലകൾക്കൊപ്പം നിലവാരത്തിലും കോഴ്സ് ഘടനയിലും ഒപ്പമെത്തിക്കാനുള്ള വഴികളാണ് സർക്കാർ തേടേണ്ടത്. അവസര സമത്വമെന്ന സങ്കല്പം സാക്ഷാത്‌കരിക്കാനുള്ള മാർഗവും അതാണ്. പിറവിയെടുക്കുന്ന സ്വകാര്യ സർവകലാശാലകളുടെ മേൽ പൊതുവായ ചില നിയന്ത്രണങ്ങളേ സർക്കാരിൽ നിന്ന് ഉണ്ടാകാവൂ. ഇരുപതിലധികം സ്ഥാപനങ്ങൾ സ്വകാര്യ സർവകലാശാല തുടങ്ങാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് സൂചന. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന ആധുനിക കോഴ്‌സുകളുമായിട്ടാകും അവ എത്തുന്നത്. പഠനകാലത്ത് തൊഴിൽ നൈപുണ്യവും നൽകും വിധമായിരിക്കും കോഴ്സ‌് ഘടന. ക്യാമ്പസ് പ്ളേസ്‌മെന്റ് ഇവയുടെ മുഖ്യ ആകർഷകണമാകും. അടുത്ത അദ്ധ്യയന വർഷം മുതൽ സ്വകാര്യ സർവകലാശാല ഇവിടെ പ്രവർത്തിച്ചുതുടങ്ങുമ്പോൾ ഇവിടത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട പഠനകേന്ദ്രങ്ങൾ തേടി അലയേണ്ടിവരില്ലെന്നു പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |