തിരുവനന്തപുരം: ആശാവർക്കർമാരുടെ ഓണറേറിയം ഇനിയും വർദ്ധിപ്പിക്കും. 1000 രൂപയിൽ നിന്ന് 7000 ആക്കിയത് ഇടത് സർക്കാരാണ്. ആശമാരോട് അനുഭാവപൂർണമായ നിലപാടാണെന്നും മന്ത്രി വീണജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ആശമാരെ സാമൂഹ്യമായി ചേർത്തു പിടിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം മിനിമം കൂലി 700 രൂപയുള്ള സംസ്ഥാനത്താണ് ആശമാർ 232രൂപയ്ക്ക് ജോലിചെയ്യുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഓണറേറിയം 21000രൂപയാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഓണറേറിയം കൂട്ടേണ്ടത് കേന്ദ്രമാണെങ്കിൽ, വേതനം 10000 രൂപയാക്കണമെന്ന് എളമരം കരിം നിയമസഭയിൽ സബ്മിഷൻ കൊണ്ടുവന്നതെന്തിനാണ്? ഒരു ജനകീയ സമരത്തെയും ഗൗനിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആശമാർക്ക് 700 രൂപ നൽകാനില്ലാത്ത സർക്കാരിന് പി.എസ്.സി അംഗങ്ങൾക്ക് 3.25 ലക്ഷം ശമ്പളം നൽകാൻ പണമുണ്ട്. പി.എസ്.സി ചെയർമാന് 14,538രൂപയും അംഗങ്ങൾക്ക് 13,541 രൂപയുമാണ് ദിവസശമ്പളം. ആശമാർക്ക് ഏറ്റവും ഉയർന്ന വേതനം കേരളത്തിലാണെന്നും 89.98%പേർക്കും പതിനായിരത്തിനും 13000നുമിടയിൽ ലഭിക്കുന്നുണ്ടെന്നും വീണ ജോർജ്ജ് വ്യക്തമാക്കി. കഴിഞ്ഞവർഷം 181കോടിയായിരുന്നു ബഡ്ജറ്റ് വിഹിതമെങ്കിൽ 211കോടി ചെലവിട്ടു. തൊഴിലുറപ്പ് പദ്ധതിയിലടക്കം ആശമാർക്ക് തുടരാം. നിലവിൽ 1230പേർ തൊഴിലുറപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |