SignIn
Kerala Kaumudi Online
Thursday, 06 March 2025 2.40 PM IST

പരുന്തുംപാറയും കൈയേറ്റക്കാരുടെ കൈയിൽ

Increase Font Size Decrease Font Size Print Page
parunthum-para

ഇടുക്കി ജില്ലയിലെ ചൊക്രമുടിക്ക് പിന്നാലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയിലും വൻ ഭൂമി കൈയേറ്റം നടന്നിട്ടും അധികൃതർക്ക് അനക്കമില്ല. പീരുമേട് വില്ലേജിലെ സർവേ നമ്പർ 534 ലെയും മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441ലെയും റവന്യൂ ഭൂമിയിലാണ് വ്യാപകമായ കൈയേറ്റം നടന്നിട്ടുള്ളതെന്നാണ് വിവരം. ഇവിടത്തെ പുൽമേടുകൾ, മലഞ്ചെരുവുകൾ എന്നിവ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി. മലനിരകൾ നെടുകെ പിളർന്ന് റോഡുകൾ നിർമ്മിച്ചു. സർക്കാർ ഭൂമിയിലെ പാറ പൊട്ടിച്ച് ഈ കല്ലുകൾ ഉപയോഗിച്ചു പുറമ്പോക്കുകൾ കെട്ടിത്തിരിച്ചു സ്വന്തമാക്കി. ഈ വിവാദ ഭൂമി മഞ്ചുമല വില്ലേജിലും കരമടയ്ക്കുന്നത് പീരുമേട് വില്ലേജിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ചുമല വില്ലേജിൽപ്പെട്ട സ്ഥലത്തിന് പട്ടയം കിട്ടിയിരിക്കുന്നത് പീരുമേട് വില്ലേജിൽപ്പെട്ട 534 സർവേ നമ്പറിലാണ്. ഒരാൾ ഒരേക്കർ പട്ടയ ഭൂമി വിലയ്ക്ക് വാങ്ങുമ്പോൾ റവന്യൂ ഭൂമിയും കൈയേറുന്ന സ്ഥിതിയാണ്. പീരുമേട്, മഞ്ചുമല വില്ലേജുകളിലായി പതിനായിരത്തോളം ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. ഇതിൽ വരുന്ന റവന്യൂ ഭൂമിയാണ് കൈയേറ്റക്കാർ കൈവശപ്പെടുത്തിയത്. നാമമാത്രമായ പട്ടയഭൂമിയുടെ മറവിൽ ഹെക്ടർ കണക്കിന് വരുന്ന സ്ഥലങ്ങൾ കൈവശപ്പെടുത്തിയവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പട്ടയം സമ്പാദിക്കുകയും ചെയ്തു. കൈയേറ്റങ്ങൾ സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും റവന്യൂ വകുപ്പ് അന്വേഷണത്തിന് തയാറായില്ലെന്നാണ് ആക്ഷേപം. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ പരുന്തുംപാറയിലെ ഭൂമിയുടെ വില കുത്തനെ ഉയർന്നതാണ് വ്യാപകമായ കൈയേറ്റത്തിന് ഇടയാക്കിയത്.

റവന്യൂഭൂമി അളന്ന് തിരിച്ച് തിട്ടപ്പെടുത്തിയാലെ സർക്കാർ ഭൂമി എത്രമാത്രം നഷ്ടമായിട്ടുണ്ടെന്ന് അറിയാനാകൂ. പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ നിയമപരമായി നടക്കുന്നുണ്ട്. പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രം വികസിക്കുകയും ടൂറിസം വികസിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പീരുമേട് പഞ്ചായത്ത് വികസനത്തിന് സ്ഥലം ആവശ്യപ്പെട്ടപ്പോൾ പോലും റവന്യൂ വകുപ്പ് നൽകിയിട്ടില്ല. എന്നിട്ടാണ് വ്യാപക കൈയേറ്റമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത്. മാസങ്ങൾക്കു മുമ്പ് ഉദ്യോഗസ്ഥർ പരുന്തുംപാറയിലെ കൈയേറ്റങ്ങൾ തിരികെ പിടിച്ചെടുത്തെന്നാണ് അവകാശപ്പെടുന്നതെങ്കിലും കൈയേറിയവർക്കെതിരെ ഇതുവരെ കേസ് പോലും ചുമത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കൈയേറ്റമെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണിത്. പട്ടയ അപേക്ഷകരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററും പട്ടയം വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും പീരുമേട് താലൂക്ക് ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടതായാണ് അറിയുന്നത്. പരുന്തുംപാറ പ്രദേശത്തെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒട്ടേറെ പിശകുകൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ പ്രദേശത്തെ യഥാർത്ഥ സ്ഥല ഉടമകൾക്ക് സ്ഥലം വിൽപ്പന നടത്താനും ബാങ്ക് വായ്പകളെടുക്കാനും കഴിയൂ. പരുന്തുംപാറയിൽ ഡിജിറ്റൽ സർവേ വീണ്ടും നടത്താനും രേഖകൾ ഡിജിറ്റലാക്കാനും നിർദ്ദേശമുണ്ട്.

ഹൈക്കോടതി

ഇടപെട്ടിട്ടും അനക്കമില്ല

പരുന്തുംപാറയിൽ സർക്കാർ ഭൂമി വ്യാപകമായി കൈയേറിയെന്ന ഐ.ജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടും അധികൃതരുടെ ഭാഗത്ത് ഒരു അനക്കവുമില്ല. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് നടപടി. മഞ്ചുമല വില്ലേജിൽ സർവേ നമ്പർ 441ൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമിയിൽ വൻതോതിൽ കെട്ടിട നിർമ്മാണവും കുളം നിർമ്മാണവും നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ ഭൂമി സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 400 പേർക്ക് താമസിക്കാവുന്ന നാല് നിലകളുള്ള അഞ്ച് കെട്ടിടങ്ങളാണ് ചങ്ങനാശേരി സ്വദേശി സജിത്ത് ജോസഫ് ഇവിടെ നിർമ്മിച്ചത്. ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ച് അതിവേഗത്തിലായിരുന്നു നിർമ്മാണം. ഇവിടെയുള്ള വലിയ പടുതാക്കുളം സുരക്ഷാ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വില്ലേജിലെ 9875.96 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയുടെ ഒരു ഭാഗമാണ് ഈ റിസോർട്ടിനായി കൈയേറിയത്. പരുന്തുംപാറയിൽ പലരും മൊട്ടക്കുന്നുകൾ കൈയേറി. പുറത്തുനിന്നുള്ളവരാണ് സ്ഥലം വാങ്ങുന്നത്. ആരാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾക്ക് പോലും അറിയില്ല. പൂങ്കാവനം ഭാഗത്തേക്ക് ഒരു റോഡാണുള്ളത്. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ വരെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനേക്കാൾ വലിയ കൈയേറ്റം ഇവിടെ നടന്നിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർക്കാർ ഭൂമി വേർതിരിച്ച് അതിർത്തി നിശ്ചയിക്കാത്തത് കൈയേറ്റത്തിന് സഹായകരമാണ്. പട്ടയ രേഖകൾ അടക്കം പീരുമേട് താലൂക്ക് ഓഫീസിൽ നിന്ന് നഷ്ടമായി. ഉദ്യോഗസ്ഥർക്കും ഭൂമിയെ സംബന്ധിച്ച വിവരമില്ല. ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കൈയേറ്റം. ഡിജിറ്റൽ സർവേ നടക്കുമ്പോൾ രേഖകൾ തരപ്പെടുത്തിയെടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പീരുമേട് വില്ലേജിൽ ഉൾപ്പെട്ട സ്ഥലങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ട്.


ഇത് സ്വർഗഭൂമി

പീരുമേടിനടുത്ത് സ്ഥിതി ചെയ്യുന്ന പരുന്തുംപാറ പ്രകൃതി സൗന്ദര്യത്തിന് പേരകേട്ട സ്ഥലമാണ്. കഴുകന്റെ തലയോട് സാമ്യം തോന്നിപ്പിക്കുന്ന പാറയുടെ മുകളിൽ നിന്നാൽ ആകാശം അടുത്താണെന്ന് തോന്നും. ആയിരക്കണക്കിന് താഴ്ചയിൽ കൂറ്റൻ മരങ്ങളുടെ പച്ചപ്പ് കാണാം. ആകാശം വ്യക്തമാണെങ്കിൽ, ശബരിമല കാടുകളുടെ കാഴ്ചയും ഇവിടെ നിന്ന് ലഭിക്കും. ഡിണ്ടുക്കൽ- കൊട്ടാരക്കര ദേശീയപാതയിൽ കല്ലാർ കവലയിൽ നിന്ന് ഏഴ് കിലോമീറ്റർ യാത്ര ചെയ്താൽ പരുന്തുംപാറയിൽ എത്താം. ചൂടു കൂടുതലുള്ള പ്രദേശങ്ങളിൽ നിന്ന് ഇവിടെ വന്ന് സ്ഥലം വാങ്ങിച്ച് വീട് വയ്ക്കാനും ഒഴിവുകാലം ചെലവഴിക്കാനുമാണ് ആളുകൾ എത്തുന്നത്. ഇവിടെ അഞ്ചും പത്തും സെന്റ് സ്ഥലം വാങ്ങിച്ച് വീടുകളും റിസോർട്ടുകളും വച്ച് ജീവിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇതിനിടെയാണ് ഒരു വിഭാഗം നിയമങ്ങൾ വെല്ലുവിളിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റം നടത്തുന്നത്. ഇതുമൂലം നിയമപരമായി സ്ഥലം വാങ്ങി കെട്ടിടം വയ്ക്കുന്നവർക്കും ഇത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

TAGS: PARUNTHUMPARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.