നെല്ലിയാമ്പതി: എ.വി.ടി ലില്ലി ഡിവിഷൻ ചായ തോട്ടത്തിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തി. ബുധനാഴ്ച രാവിലെ ചായ തോട്ടത്തിൽ മരുന്നു തളിക്കാൻ പോയ തൊഴിലാളികളാണ് ചായ ചെടികൾക്കിടയിൽ പുലിയുടെ ജഡം കണ്ടെത്തിയത്. ജഡം വീർത്ത് അഴുകിത്തുടങ്ങി ചെറിയ രീതിയിൽ ദുർഗന്ധവും ഈച്ചകളുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേന്ദ്രനും സംഘവും സ്ഥലത്തെത്തി ജഡം പരിശോധിച്ചു. രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് വനം അധികൃതർ പറഞ്ഞു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകു. വനം വകുപ്പ് വെറ്റിനറി സർജനും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇന്ന് പോസ്റ്റ് മോർട്ടം നടത്തിയ ശേഷമേ ജഡം സംസ്‌കരിക്കുകയുള്ളൂ. ചാലക്കുടിയിൽ ഏഴാറ്റുമുഖം ഗണപതി എന്ന ആനയ്ക്ക് ചികിത്സാർത്ഥം വനം വകുപ്പ് മൃഗഡോക്ടർമാർ അവിടേക്ക് പോയതിനാലാണ് പോസ്റ്റുമോർട്ടം ഇന്നത്തേക്ക് മാറ്റിയതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പുലിയുടെ ജഡം പോസ്റ്റ് മോർട്ടം കഴിയുന്നതുവരെ സ്ഥലത്തുനിന്ന് നീക്കാതെ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |