കൊച്ചി: വടുതലയിലെ ബണ്ട് നീക്കുന്ന വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷയത്രയും നാഷണൽ ഹൈവേ അതോറിറ്റിയിൽ (എൻ.എച്ച്.എ.ഐ). ബണ്ട് നീക്കാൻ എൻ.എച്ച്.എ.ഐക്കാകും സാധിക്കുകയെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. എൻ.എച്ച്- 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മണ്ണ് ഉപയോഗിക്കാനാകില്ലെന്ന് അവർ മണ്ണ് പരിശോധന നടത്തി പറഞ്ഞെങ്കിലും തൃശൂർ, പാലക്കാട് ഡിവിഷനുകൾ മണ്ണ് സംബന്ധിച്ച് താത്പര്യം അറിയിച്ചിട്ടുണ്ട്. അതിൽ പ്രതീക്ഷയുണ്ടെന്നും മണ്ണും ചെളിയും നീക്കുന്നതിനുള്ള ഫണ്ടാണ് പ്രധാന പ്രശ്‌നമെന്നും കളക്ടർ പറഞ്ഞു.
ദുരന്ത നിവാരണ ഫണ്ട് തികയില്ല
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ ചെയർമാനെന്ന നിലയിൽ 10കോടി രൂപയാണ് കളക്ടർക്ക് ഉപയോഗിക്കാനാകുക. ഇതുപയോഗിച്ച് രണ്ട് സ്പാനുകൾക്കിടയിലെ മണ്ണും ചെളിയും നീക്കണമെന്ന് ആവശ്യമുയർന്നിരുന്നിരുന്നു. എന്നാൽ ഈ ഫണ്ട് അതിന് തികയില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
കോൺക്രീറ്റ് അവശിഷ്ടം വെല്ലുവിളി
20ൽ 18 സ്പാനുകൾക്കിടയിലും അടിഞ്ഞ മണ്ണും ചെളിയും നീക്കാൻ പ്രധാന വെല്ലുവിളി കോൺക്രീറ്റ് അവശിഷ്ടങ്ങളാണ്. പൈലിംഗ് സമയത്തും മറ്റും റെഡിമിക്‌സിലൂടെ എത്തിച്ച കോൺക്രീറ്റ് മിക്‌സിൽ അധികമായി വന്നത് ഓരോ തൂണുകൾക്ക് സമീപവും ഉപേക്ഷിച്ചു. ഇത് ബലപ്പെട്ട് ഭീകര വലിപ്പത്തിൽ വെള്ളത്തിന്റെ അടിതട്ടുമുതൽ ഉറച്ചിട്ടുണ്ട്.
ഡ്രഡ്ജ് ചെയ്യാമെന്ന് സ്വകാര്യ കമ്പനി
വടുതല ബണ്ടിലെ മണ്ണും ചെളിയും ഡ്രഡ്ജ് ചെയ്യാൻ തയാറാണെന്ന് എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി. പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനു സമീപമുള്ള കമ്പനിയാണ് നിർദ്ദേശം സർക്കാരിനു മുൻപാകെ വെച്ചത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടികളക്ടറെ നേരിൽ കണ്ട് കമ്പനി സന്നദ്ധത യറിയിച്ചു. സർക്കാർ ആദ്യം ഡ്രഡ്ജിംഗിനുള്ള പണം അനുവദിക്കണമെന്നും പിന്നീട് ഈ പണം റോയൽറ്റിയായി തിരികെ നൽകാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം. ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് മണലാക്കി മാറ്റാനും ചെളിയിൽ നിന്ന് കളിമണ്ണാക്കാനുമുള്ള സാങ്കേതിക വിദ്യ തങ്ങൾക്കുണ്ടെന്നും കമ്പനി അവകാശപ്പടെുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |