കൊച്ചി: മകളുടെ 11-ാം പിറന്നാൾ ആഘോഷത്തിനിടെ ഭാര്യ മഞ്ജു നൽകിയ പൊതി കണ്ട് വികാസ് ബാബു കാപ്പിലിന്റെ കണ്ണുകൾ നിറഞ്ഞു.
കൊവിഡ് കാലത്ത് താൻ കുത്തിക്കുറിച്ച കഥകൾ 'പുഷ് അപ്" എന്ന കഥാസമാഹാരമാക്കി ഭാര്യ സമ്മാനിക്കുമെന്ന്
കൊച്ചിയിൽ രണ്ട് ജിംനേഷ്യങ്ങളുടെ ഉടമയായ വികാസ് ബാബു സ്വപ്‌നത്തിൽപ്പോലും നിനച്ചില്ല. അമ്മ തങ്കമണിക്ക് പുസ്‌തകം നൽകി പ്രകാശനം ചെയ്യാൻ പറഞ്ഞപ്പോഴും വിശ്വാസം വന്നില്ല. കഥാസമാഹാരം പ്രസിദ്ധീകരിക്കണമെന്ന ജീവിതാഭിലാഷം താൻ പോലും അറിയാതെ സഫലമായിരിക്കുന്നു.
കൊച്ചിയിൽ മകൾ ഋതു പാർവതിയുടെ പിറന്നാൾ ആഘോഷമായിരുന്നു വേദി. ഞായറാഴ്‌ച രാത്രിയിലെ ആഘോഷത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി മുപ്പതോളം പേരുണ്ടായിരുന്നു. പിറന്നാൾ കേക്ക് മുറിച്ചശേഷമാണ് മഞ്‌ജു അപ്രതീക്ഷിത സമ്മാനം നൽകിയത്.
`വർഷങ്ങളായി അദ്ദേഹം കഥകൾ എഴുതാറുണ്ട്. 10 കഥകൾ തിരഞ്ഞെടുത്ത് പുസ്‌തകം തയ്യാറാക്കി. മകളുടെ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതുപോലും പുസ്‌തകം അവതരിപ്പിക്കാനാണ്. ഒരു സൂചനയും ആർക്കും നൽകിയിരുന്നില്ല"- മഞ്‌ജു വെളിപ്പെടുത്തി.
പാലാ രാമപുരത്ത് ജനിച്ച വികാസ് കോളേജ് കാലത്തേ കഥകൾ എഴുതിത്തുടങ്ങിയിരുന്നു. ജിം ട്രെയിനറായതോടെ എഴുത്ത് നിലച്ചു. ഗ്ളാഡിയേറ്റർ എന്ന പേരിലുള്ള സ്വന്തം ജിംനേഷ്യങ്ങൾ കൊവിഡിൽ അടച്ച് വീട്ടിലിരുന്നപ്പോൾ എഴുത്ത് പുനരാരംഭിച്ചു. ജിമ്മിലും ചുറ്റുവട്ടത്തും കണ്ടവയാണ് നർമ്മത്തിൽ ചാലിച്ച് 51 കാരനായ വികാസ് കഥകളാക്കിയത്.
ബന്ധുവും കഥാകൃത്തുമായ രമേശ് അരൂർ, പത്രപ്രവർത്തകൻ സാജ് മാത്യൂസ് എന്നിവരുമായി ചേർന്നാണ് മഞ്‌ജു പുസ്‌തകം ഒരുക്കിയത്. മഞ്‌ജു മുഖമൊഴി എഴുതി. ഒ.ബി. നാസർ കവർ രൂപകല്പന ചെയ്‌തു. അച്ചടിവരെ മറ്റാരും അറിഞ്ഞില്ല.
എം.ബി.എ ബിരുദധാരിയായ മഞ്‌ജു ജിംനേഷ്യം നടത്തിപ്പിൽ ഭർത്താവിനൊപ്പമുണ്ട്. വൃന്ദ വികാസാണ് മറ്റൊരു മകൾ. വികാസിന്റെ അച്‌ഛൻ ഗോപിനാഥ് രണ്ടുമാസം മുമ്പാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |