ഒരു മനുഷ്യന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയു. അതിനാൽ തന്നെ ഉറക്കത്തിന് മുൻതൂക്കം നൽകുന്നവരാണ് ഭൂരിഭാഗവും. ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന പഠനവിവരങ്ങളാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. ഉറക്കം ശരിയാകാനായി ദമ്പതികളാണെങ്കിലും ഒരുമിച്ച് കിടക്കാതെ വെവ്വേറെ മുറികളിൽ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് ഈ പഠനത്തിലെ കണ്ടെത്തൽ. കൂടുതലും ഇന്ത്യൻ ദമ്പതികളാണ് ഇങ്ങനെ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത്. .
റെസ്‌മെഡിന്റെ 2025ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം വെവ്വേറെ മുറികളിൽ ഉറങ്ങുന്ന ദമ്പതികൾ കൂടുതൽ ഉള്ളത് ഇന്ത്യയിലാണ്. 78 ശതമാനം ദമ്പതികളാണ് ഇത്തരക്കാർ. ചെെനയാണ് തൊട്ടുപിന്നിൽ - 67 ശതമാനം. ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത് - 65 ശതമാനം. യു കെയിൽ ദമ്പതികൾക്കിടയിൽ നടത്തിയ മറ്റൊരു പഠനത്തിൽ 50 ശതമാനം പേർ ഒരുമിച്ച് ഉറങ്ങുന്നതായും. ബാക്കി 50 ശതമാനം പേർ തനിച്ചാണ് ഉറങ്ങുന്നതെന്നും കണ്ടെത്തി.
വേർപിരിഞ്ഞ് ഉറങ്ങുന്നത് ശരിയല്ലെന്ന് തോന്നാമെങ്കിലും ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യത്തിനും ഈ വഴി സ്വീകരിക്കുന്നു. പങ്കാളിയുടെ കൂർക്കംവലി, പങ്കാളിയുടെ ഉച്ചത്തിലുള്ള ശ്വാസമെടുപ്പ്, ഉറക്കത്തിന്റെ ഷെഡ്യൂൾ, കിടക്കയിലെ സ്ക്രീൻ സമയം എന്നിങ്ങനെ നിരവധി കാര്യങ്ങൾ വേർപിരിഞ്ഞ് ഉറങ്ങുന്നതിന് കാരണമാകുന്നു. മുൻ തലമുറയും ഇതേ പോലുള്ള പ്രശ്നങ്ങൾ കാരണം വേർപിരിഞ്ഞ് ഉറങ്ങിയിട്ടുണ്ട്.
എന്നാലും ദമ്പതികൾ ഒരുമിച്ച് ഉറങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പങ്കാളിക്കൊപ്പം കിടക്കുമ്പോൾ ലൗ ഹോർമോൺ എന്ന അറിയപ്പെടുന്ന ഓക്‌സിടോക്സിൻ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നു. ഇത് സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫ്രാണ്ടിയേഴ്സ് നടത്തിയ ഒരു പഠനത്തിൽ പങ്കാളിക്കൊപ്പം ഉറങ്ങുന്നത് റാപ്പിഡ് ഐ മൂവ്മെന്റ് (REM) 10ശതമാനം വർദ്ധിപ്പിക്കുന്നുവെന്നും കണ്ടെത്തി.
ഉറക്കം
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ഉറക്കം വളരെ പ്രധാനപ്പെട്ട ഒരു ഘടമാണെന്ന് എല്ലാവർക്കും അറിയാം. ജോലി, കുടുംബം ആരോഗ്യം എന്നിവ നല്ലപോലെ നിലനിർത്താൻ ഉറക്കം അത്യാവശ്യമാണ്. സമ്മർദ്ദം, ഉത്കണ്ഠ, സാമ്പത്തിക സമ്മർദ്ദങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, റിലേഷൻഷിപ്പിലെ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം കാരണം മോശം ഉറക്കമാണെന്ന് കണ്ടെത്തി. 67 ശതമാനം ഇന്ത്യക്കാരിൽ സമ്മർദ്ദം കൂടുന്നതിന് കാരണം ശരിയായ ഉറക്കം ലഭിക്കാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറക്കത്തിന്റെ പ്രശ്നം തിരിച്ചറിഞ്ഞിട്ടും ഇത് പരിഹരിക്കാൻ 22 ശതമാനത്തോളം ആളുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇത് മാനസികാവസ്ഥ മോശമാക്കുന്നു. കൂടാതെ ശ്രദ്ധ കുറവ്, പിരിമുറുക്കം എന്നിവയ്ക്ക് കാരണമാകും.
ഉറക്കക്കുറവ് എങ്ങനെ ബാധിക്കുന്നു
ഉറക്കക്കുറവ് ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ദീർഘകാലമായി ഉറക്കം ശരിയായില്ലെങ്കിൽ മാനസികപ്രശ്നങ്ങൾ വരെ ബാധിച്ചേക്കാം. കൂടാതെ ഉത്കണ്ഠ, വിഷാദം എന്നിവ ബാധിക്കുന്നുവെന്ന് റെസ്‌മെഡിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കാർലോസ് നുനെസ് മുന്നറിയിപ്പ് നൽകുന്നു. ഇത് സ്ലീപ് അപ്നിയ ഉള്ള വ്യക്തികളിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയസ്തംഭനം, പ്രമേഹം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.
രാത്രി ഒരാൾ ആറ് മണിക്കൂർ എങ്കിലും മിനിമം ഉറങ്ങണമെന്നാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ കമ്മിറ്റി ഓൺ സ്ലീപ്പ് മെഡിസിൻ ആൻഡ് റിസർച്ച് പറയുന്നത്. ജോലി ചെയ്യുന്നവർക്ക് ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഈ കാലഘട്ടത്തിൽ പല ജീവനക്കാരും ഉറക്കത്തിന് പ്രധാന്യം നൽകുന്നില്ല. ശരിയായ ഉറക്കം ലഭിക്കാത്ത 70 ശതമാനം തൊഴിലാളികളിലും അസുഖങ്ങൾ കണ്ടെത്തി. ഉറക്കക്കുറവ് ജോലി സ്ഥലത്തെ മോശം പ്രകടനത്തിന് കാരണമാകുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതും ഉറക്കക്കുറവിന് കാരണമാകുന്നു.
സ്ത്രീകൾ മുന്നിൽ
ഇന്ത്യയിൽ ശരിയായ ഉറക്കം ലഭിക്കാത്തവരിൽ സ്ത്രീകളാണ് മുന്നിൽ. ആഴ്ചയിൽ ശരാശരി 3.83 രാത്രികൾ സ്ത്രീകൾക്ക് നല്ലപോലെ ഉറക്കം ലഭിക്കുമ്പോൾ, പുരുഷന്മാർക്ക് അത് 4.13 രാത്രികളാണ്. 38 ശതമാനം സ്ത്രീകൾ ഉറങ്ങാൻ ബുദ്ധിമുട്ടുന്നു. പുരുഷന്മാരിൽ 29 ശതമാനം പേരാണ് ഉറങ്ങാൻ ബുദ്ധിമുട്ടുന്നത്. ഇന്ത്യയിൽ 17 ശതമാനം സ്ത്രീകളാണ് ഉറക്കക്കുറവ് മൂലം അസുഖം ബാധിച്ച് ലീവ് എടുന്നത്. പുരുഷന്മാരിൽ ഇത് 12 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |