കൊച്ചി: ജാമ്യാപേക്ഷകളിൽ ഒരാഴ്ചക്കകം മജിസ്‌ട്രേറ്റുമാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാദം കേൾക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പറയണം. അന്നു തന്നെ പ്രതികൾക്ക് വിധിപ്പകർപ്പ് നൽകണമെന്നും സംഗിൾ ബെഞ്ച് ഉത്തരവിട്ടു.
പതിനെട്ട് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ചതിന് ചെങ്ങന്നൂർ എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശി സന്തോഷ് കുമാറിന് ജാമ്യം അനുവദിച്ച വിധിയിലാണ് മാർഗനിർദേശങ്ങൾ.
സന്തോഷ്‌കുമാർ ജൂലായ് 31നാണ് കീഴ്‌ക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ആഗസ്റ്റ് എട്ടിന് അപേക്ഷയിൽ വാദം കേട്ടെങ്കിലും 22 നാണ് മജിസ്‌ട്രേറ്റ് വിധി പറഞ്ഞത്. മൂന്നു ദിവസം കഴിഞ്ഞ് പകർപ്പ് പ്രതിക്കു നൽകിയതിനെയും ഹൈക്കോടതി വിമർശിച്ചു.
ക്രിമിനൽ കേസുകളിൽ വിചാരണ കഴിഞ്ഞ് നാലു ദിവസത്തിനകം വിധി പറയണമെന്ന് പതിറ്റാണ്ടുകൾ മുമ്പിറക്കിയ സർക്കുലറുണ്ട്. താമസിച്ചാൽ കാരണം പ്രത്യേകം രേഖപ്പെടുത്തണം. മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടിയെങ്കിലും യാന്ത്രികമായ മറുപടിയാണ് ലഭിച്ചത്.
വാദം കേട്ട അന്നോ അടുത്ത ദിവസമോ മജിസ്‌ട്രേറ്റ് വിധി പറയണമായിരുന്നു. ഇക്കാര്യത്തിൽ മജിസ്‌ട്രേറ്റിന് വീഴ്ചയുണ്ടായി. അവർക്ക് മാർഗനിർദേശം നൽകുന്ന കാര്യത്തിൽ ഹൈക്കോടതിയുടെ ഭരണവിഭാഗം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. സുരേഷ്‌കുമാറിന് ജാമ്യവും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |