ലോക ബാങ്ക് കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച വാർഷിക യോഗത്തിൽ, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ചകളിൽ പാനലിസ്റ്റ് ആയി ക്ഷണിച്ചത് കേരളത്തെയായിരുന്നു. വനിതകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പാക്കുന്നതിന് കേരളം നടത്തിയ ഇടപെടലുകൾ പരിഗണിച്ചുള്ള ഈ ക്ഷണം വലിയ അംഗീകാരമാണ്. സ്ത്രീസൗഹൃദ കേരളം ലക്ഷ്യമിട്ടുള്ള വനിതാനയം കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള സർക്കാരിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിന് 'വിവാ കേരളം" പദ്ധതിക്കു പുറമേ, കാൻസർ പ്രചാരണവും സംഘടിപ്പിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീപാതിനിദ്ധ്യം കൂട്ടാനുള്ള പദ്ധതികൾ വനിതാ- ശിശു വികസന വകുപ്പ് നടപ്പാക്കി. സ്‌കില്ലിംഗ്, റീസ്‌കില്ലിംഗ്, അപ്‌സ്കില്ലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും, വനിതാ ഹോസ്റ്റലുകളിൽ ചൈൽഡ് കെയർ സെന്ററുകളും തൊഴിലിടങ്ങളിൽ ക്രഷുകളും ആരംഭിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
രാപകൽ ഭേദമില്ലാതെ വിനോദത്തിന്റെ ഇടങ്ങൾ സ്ത്രീകൾക്കു കൂടിയുള്ളതാണ്. ഈ ലക്ഷ്യത്തോടെ, സിനിമാ തിയേറ്ററുകളിൽ സ്ത്രീകൾക്ക് സെക്കൻഡ് ഷോ കാണുന്നതിനുള്ള സജ്ജീകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ തലത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലെ 94 തിയേറ്ററുകളിലായാണ് പ്രദർശനം. വനിതകളായ ജനപ്രതിനിധികൾ, ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, ഹരിത കർമ്മസേന- കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ ഉൾപ്പെടെ പതിനായിരത്തിലധികം പേർ ഈ സിനിമാ പ്രദർശനത്തിനെത്തും.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ വികസനത്തിൽ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന വിധം നമ്മൾ മുൻപന്തിയിലാണ്. മാതൃ- ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. സ്ത്രീ ശാക്തീകരണത്തിനുള്ള ഏറ്റവും പ്രധാന ഘടകമായി വിദ്യാഭ്യാസത്തെ കണക്കാക്കാം. കേരളത്തിൽ എഴുപതു ശതമാനത്തിനു മുകളിലാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് പെൺകുട്ടികളുടെ പങ്ക്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതൽ. ആരോഗ്യരംഗത്തും എഴുപത് ശതമാനത്തിലധികവും സ്ത്രീകളാണ്. അതേസമയം, വിദ്യാഭ്യാസം നേടുന്നവരുടെയും തൊഴിൽ ചെയ്യുന്ന സ്ത്രികളുടെയും എണ്ണത്തിൽ വലിയൊരു വിടവുണ്ട്.
സ്ത്രീകളുടെ സുരക്ഷിതത്വവും ജീവിതനിലവാരവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നതിനായി വനിതാ- ശിശു വികസന വകുപ്പ് കൈക്കൊണ്ട നടപടികൾക്ക് പൊതുസമൂഹത്തിൽ നിന്നും വിവിധ ഏജൻസികളിൽനിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം നേടിയത് സംസ്ഥാന വനിതാ വികസന കോർപറേഷനാണ്. തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തിന് ഈ അംഗീകാരം.
സ്ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ പ്രധാനമാണ് സംരംഭകത്വ വികസന പരിപാടികൾ. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കുന്നതിനായി നടത്തിയ പ്രയത്നത്തിലൂടെ അരലക്ഷത്തിലധികം സ്ത്രീകളാണ് വ്യവസായ സംരംഭകരായത്! 2023 ജനുവരിയിലാണ്, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി, 'പോഷ്" നിയമം (പ്രൊട്ടക്ഷൻ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് ഒഫ് വിമൻ അറ്റ് വർക്ക്പ്ളെയ്‌സ്) അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് പോഷ് പോർട്ടൽ ആരംഭിച്ചത്. ആ ഘട്ടത്തിൽ ആയിരത്തോളം സ്ഥാപനങ്ങളിൽ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികളെങ്കിൽ, ഇപ്പോൾ അത് 24,00-ത്തിൽ അധികം സ്ഥാപനങ്ങളിലുണ്ട്. 95 സർക്കാർ വകുപ്പുകൾക്കു കീഴിലെ 15,000-ത്തോളം ഓഫീസുകളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു.
നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിനും, കുട്ടികളെ സാമൂഹിക ക്രമവുമായി പുനസ്സംയോജിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികളെ സുപ്രീം കോടതി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ 'യു.എൻ വിമണും" അഭിനന്ദിച്ചിരുന്നു. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രാപ്തരാക്കാൻ ഡിജിറ്റൽ പാഠശാലാ പദ്ധതി, സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരിശീലനം, വിദേശത്തു പോകുന്ന നഴ്സുമാർക്കായി പരിശീലന പരിപാടി തുടങ്ങിയവ നടപ്പിലാക്കി.
സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി, എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീധനം സംബന്ധിച്ച പരാതികൾക്കായി ഓൺലൈൻ പോർട്ടൽ സജ്ജമാക്കി. വിവാഹപൂർവ കൗൺസലിംഗ് ആരംഭിച്ചു. ബാല്യത്തിൽത്തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുവാൻ 'ധീര" പദ്ധതി നടപ്പിലാക്കി. പുതിയ 'നിർഭയ" നയം കൊണ്ടുവന്നു. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി 'വനമിത്ര" വനിതാ ശാക്തീകരണ പദ്ധതി നടപ്പാക്കി. ആരോഗ്യവും സുരക്ഷിതത്വവും ആത്മവിശ്വാസവുമുള്ള സ്ത്രീകളാണ് പുരോഗമന നിലപാടുള്ള ഏതു നാടിന്റെയും അടയാളം. ആ ലക്ഷ്യത്തിലേക്ക് രാജ്യത്തിനു മാതൃകയായി മുന്നേറുകയാണ് നമ്മൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |