ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമന്ത്രിമാരിൽ ഒരാളാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷമാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. പ്രധാനമന്ത്രി മോദിയുടെ മാത്രം സെലക്‌ഷനാണ് ജയശങ്കർ. മന്ത്രിയാകാനായി അദ്ദേഹം ഒരു ശ്രമവും നടത്തിയിട്ടില്ലെന്നു മാത്രമല്ല, മന്ത്രിയാകുന്നതിന്റെ തലേന്നാണ് മറ്റുള്ളവർക്കൊപ്പം അദ്ദേഹവും ആ വിവരം അറിയുന്നതുതന്നെ. മന്ത്രിസ്ഥാനത്തെത്തിയ ജയശങ്കർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവിനെപ്പോലെയാണ് നയതന്ത്ര കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതും അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നതും. പഴയ കാലത്തെ വിദേശകാര്യ മന്ത്രിമാർക്കൊന്നും ഇത്ര നിർഭയമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന ഒരു ചോദ്യത്തിന്, അത് ആ സ്ഥാനങ്ങൾ വഹിച്ചിരുന്നവരുടെ കുറ്റമല്ലെന്നും, ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം മുൻനിരയിലേക്ക് ഉയർന്നതാണ് ഇപ്പോൾ ധൈര്യമായും ചങ്കൂറ്റത്തോടെയും സത്യസന്ധതയോടെയും കാര്യങ്ങൾ പറയാനുള്ള പ്രേരണ പകർന്നതെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യങ്ങളിലിരുന്ന് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വിഘടനവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സ്ഥാനപതി കാര്യാലയങ്ങൾ വഴി അതത് രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ജയശങ്കർ വിജയം വരിച്ചിരുന്നു. പാകിസ്ഥാൻ, കാനഡ, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലിരുന്ന് മതമൗലിക തീവ്രവാദികളും ഖാലിസ്ഥാൻ തീവ്രവാദികളുമൊക്കെ ഇന്ത്യയിൽ വിദ്ധ്വംസക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ഫണ്ട് നൽകുകയും ചെയ്യുന്നത് തടസപ്പെടുത്താനും ഇതിൽ ചിലരെ അജ്ഞാതർ കൊലപ്പെടുത്താനും ഇടയാക്കിയത് ജയശങ്കർ വിദേശകാര്യമന്ത്രി പദവിയിൽ തുടരുന്ന ഇക്കാലത്താണ്. ഇത് സ്വാഭാവികമായും ജയശങ്കറിനെ അവരുടെ കണ്ണിലെ കരടാക്കി മാറ്റിയതിൽ അത്ഭുതപ്പെടാനില്ല. ഇംഗ്ളണ്ടും കാനഡയുമൊക്കെ അനുവദിക്കുന്ന പൗരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ് ഇക്കൂട്ടർ. അതിന്റെ ഭാഗമായി വേണം ലണ്ടനിൽ ജയശങ്കറിന്റെ സുരക്ഷാവലയം ഭേദിച്ച് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ച സംഭവത്തെ വീക്ഷിക്കാൻ.
ലണ്ടനിലെ ചാത്തം ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തശേഷം കാറിലേക്കു പ്രവേശിക്കുമ്പോഴാണ് ഖാലിസ്ഥാൻ അനുകൂലികൾ ജയശങ്കറിന്റെ കാറിനു മുന്നിലെത്തി മുദ്രാവാക്യങ്ങൾ മുഴക്കുകയും ത്രിവർണ പതാക വലിച്ചുകീറുകയും ചെയ്തത്. പ്രാഥമികമായും ഈ സംഭവത്തിന് ഇടയാക്കിയത് ബ്രിട്ടണിലെ സുരക്ഷാ അധികാരികൾക്കും ഇന്റലിജൻസ് വൃത്തങ്ങൾക്കും സംഭവിച്ച വീഴ്ചയാണ്. അക്രമികൾക്കെതിരെ എന്തു നടപടിയാണ് അവർ സ്വീകരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവരുടെ ആത്മാർത്ഥത വിലയിരുത്താനാകൂ. ഇത് നടക്കാൻ പാടില്ലാത്തതും ഒഴിവാക്കേണ്ടതുമായിരുന്നു. സുരക്ഷാവലയം ഭേദിച്ച് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ യു.കെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഭീഷണിയോടു പുലർത്തുന്ന നിസംഗതയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ഒഴികെ മറ്റെല്ലാ രാജ്യങ്ങളുമായും സവിശേഷമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ലോക സമാധാനത്തിനുവേണ്ടി എന്നും വാക്കിലും പ്രവൃത്തിയിലും ഒന്നുപോലെ നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. പല രാജ്യങ്ങളും തമ്മിലുള്ള ഇന്ത്യയുടെ വ്യാപാര നിക്ഷേപ ബന്ധങ്ങളും നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ധനശക്തികളിലൊന്നായും ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഇത് സഹിക്കാനാവാത്ത വിഘടന ഗ്രൂപ്പുകളാണ് ശത്രുരാജ്യങ്ങളുടെ പരോക്ഷമായ സഹായത്തോടെ ഇന്ത്യയ്ക്കെതിരെ ദുഷ്‌പ്രവൃത്തികൾ ചെയ്യാൻ ഒരുമ്പെടുന്നത്. ഇതൊന്നും പഴയതുപോലെ ഇനി വിലപ്പോവില്ല എന്നത് തിരിച്ചറിഞ്ഞ് ഇംഗ്ളണ്ടും കാനഡയും ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |