വികസനമാണ് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രഖ്യാപിത ലക്ഷ്യമെങ്കിലും വികസനത്തിന് ഇടങ്കോലിടുന്നതും ഇതേ രാഷ്ട്രീയക്കാർ തന്നെയാണ്. ഭരണത്തിലിരിക്കുമ്പോൾ സ്വീകാര്യമായ നയസമീപനങ്ങൾ ഭരണത്തിൽ നിന്നിറങ്ങി പ്രതിപക്ഷത്തേക്കു മാറുമ്പോൾ ഒട്ടും സ്വീകാര്യമല്ലാതാകുന്നു. ഭരണം ഇങ്ങനെ മാറിമാറി വരുന്നതനുസരിച്ച് സംസ്ഥാനത്തായാലും തദ്ദേശ സ്ഥാപനങ്ങളിലായാലും ഏറ്റവുമധികം ചേതം സംഭവിക്കുന്നത് വികസന പ്രവർത്തനങ്ങൾക്കു തന്നെയാകും. തദ്ദേശ സ്ഥാപനങ്ങളിലെ അമിതമായ രാഷ്ട്രീയം ഫലത്തിൽ ആ നാടിന്റെ വളർച്ച തന്നെ മുരടിപ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഈ ദു:സ്ഥിതി ഒഴിവാക്കാൻ വേണ്ടിയാണ് പഞ്ചായത്ത് - നഗരപാലികാ നിയമം കൊണ്ടുവന്നപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ രാഷ്ട്രീയത്തിനതീതമായി വേണം പ്രവർത്തിക്കാനെന്ന് അതിന്റെ ഉപജ്ഞാതാക്കൾ എഴുതിവച്ചത്.
എന്നാൽ, ഈ നിബന്ധന ഒട്ടും വൈകാതെ കാറ്റിൽപ്പറന്നു. പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പോലും പൂർണമായും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലായി. കൂറുമാറ്റം വഴി തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിരന്തരം അട്ടിമറിക്കപ്പെടാൻ തുടങ്ങിയതോടെ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നു. അതിന്റെ ബലത്തിലാണ് തദ്ദേശ ഭരണ സമിതികൾ പലേടത്തും പിടിച്ചുനിൽക്കുന്നത്. രാജ്യത്ത് പഞ്ചായത്ത് - നഗരപാലിക നിയമം നിലവിൽ വന്നത് 1993-ലാണ്. ഭരണപക്ഷവും പ്രതിപക്ഷവുമില്ലാത്ത ഭരണ സംവിധാനമാണ് നിയമത്തിൽ വിഭാവനം ചെയ്തിരുന്നത്. എന്നാൽ കേരളം, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ആദ്യം തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം കടത്തിവിട്ടു. പിന്നീട് പല സംസ്ഥാനങ്ങളും അത് അനുകരിച്ചു. ഇപ്പോൾ പാർലമെന്റ് - നിയമസഭാ തിരഞ്ഞെടുപ്പുകളിലെന്ന പോലെ തദ്ദേശ തിരഞ്ഞെടുപ്പും രാഷ്ട്രീയാടിസ്ഥാനത്തിലായി.
അതതു പ്രദേശത്തെ ജനങ്ങൾക്കും നാടിനും അനുയോജ്യമായ വികസനം സാദ്ധ്യമാക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതല. സ്വാഭാവികമായും ഇതിൽ രാഷ്ട്രീയം കടന്നുവരേണ്ട കാര്യമില്ല. പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ നഗരസഭയിലോ പ്രധാന പരിഗണനാ വിഷയങ്ങളായി വരേണ്ടത് അതതു പ്രദേശത്തിന്റെ വികസനം തന്നെയാണ്. ജനജീവിതം എങ്ങനെ ഗുണമേന്മയുള്ളതാക്കാമെന്നതും തദ്ദേശ സ്ഥാപനങ്ങൾ പരിഗണിക്കേണ്ട വിഷയമാണ്. എന്നാൽ ഭരണസമിതി അംഗങ്ങൾക്കിടയിലെ കടുത്ത രാഷ്ട്രീയ ചേരിതിരിവ് പലപ്പോഴും വികസനവുമായി ബന്ധപ്പെട്ട ചർച്ചകളെത്തന്നെ അലങ്കോലമാക്കുന്നു. ഒട്ടുമിക്ക തദ്ദേശ ഭരണ സമിതി യോഗങ്ങളിലും വാക്കേറ്റവും പരസ്പരമുള്ള വെല്ലുവിളികളും ഇറങ്ങിപ്പോക്കും മാത്രമല്ല, കൈയാങ്കളിയോളം എത്തുന്ന സംഘർഷവും പതിവായിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന സമിതിയെ എങ്ങനെ തള്ളിത്താഴെയിടാമെന്നാകും മറുപക്ഷത്തിരിക്കുന്നവർ നോക്കുന്നത്.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും രണ്ടു സ്ഥാപനങ്ങളുടെ പഠന റിപ്പോർട്ട് തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയം സംസ്ഥാനത്തിന്റെ വികസനത്തിന് എത്രമാത്രം വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് നന്നായി വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുകയാണെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നാട്ടിൽ നല്ലതോതിൽ വികസനം നടപ്പാക്കാനാകുമെന്നതിൽ സംശയമില്ല. നിർഭാഗ്യവശാൽ അധികാരത്തിലിരിക്കുന്നവർ കൊണ്ടുവരുന്ന നല്ല നിർദ്ദേശങ്ങൾക്കു പോലും പലപ്പോഴും മറുപക്ഷത്തുനിന്ന് വേണ്ട പിന്തുണ ലഭിച്ചെന്നുവരില്ല. ഭരണപക്ഷത്തെ ഇകഴ്‌ത്തിയാലേ അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഭരണം പിടിക്കാനാവൂ എന്നാകും നോട്ടം. ഇപ്പോൾ എതിർക്കുന്ന നയപരിപാടികൾ അവർ ഭരണത്തിൽ വരുമ്പോൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യും. അപ്പോൾ അപ്പുറത്തിരിക്കുന്നവർ അതിനെ എതിർക്കും. ഇത്തരത്തിൽ പരസ്പരം ഭിന്നിച്ചുനിന്ന് മുടക്കുന്നത് നാടിന്റെ പുരോഗതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |