കോട്ടയം: വേനൽ ശക്തമായതോടെ ഉത്പാദനം കുത്തനെ കുറഞ്ഞിട്ടും റബർ വില കൂടുന്നില്ല. ടയർ കമ്പനികൾ തന്ത്രപരമായി വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് വിലക്കുതിപ്പിന് തടയിടുന്നത്. രാജ്യാന്തര, അഭ്യന്തര വിലകളിലെ അന്തരം കഴിഞ്ഞ വാരം 30 രൂപയായി ഉയർന്നു. ഓഫ് സീസണിൽ ആവശ്യത്തിന് റബർ ലഭ്യമല്ലാത്ത സ്ഥിതി ആയിട്ടും ടയർ വ്യവസായികൾ വില ഇടിക്കാനുള്ള കളികൾ തുടരുകയാണ്. കിലോയ്‌ക്ക് 200 രൂപയിലേക്ക് വില എത്തിക്കാൻ വ്യാപാരികൾ സമ്മതിക്കുന്നില്ല.
രാജ്യാന്തര വിപണിയിലെ വില ഇടിവ് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വില ഉയർത്താതെ നിന്നത്. ആർ.എസ്.എസ് ഫോർ വ്യാപാരി വില 186 രൂപയും റബർ ബോർഡ് വില 194 രൂപയുമാണ്. അന്താരാഷ്ട്ര വില ബാങ്കോക്ക് 206 രൂപയും ചൈന 210 രൂപയും ടോക്കിയോ 212 രൂപയിലുമാണ്.
കുരുമുളക് വിലയിൽ കുതിപ്പ്
ആഗോള തലത്തിൽ കുരുമുളക് വില ഉയർന്നതോടെ ഉത്തരേന്ത്യൻ വ്യാപാരികൾ പരമാവധി ചരക്കു ശേഖരിക്കുകയാണ്. കുംഭമേള ആഘോഷത്തിനിടയിൽ ഉത്തരേന്ത്യയിൽ കുരുമുളക് ഡിമാൻഡ് വർദ്ധിച്ചിരുന്നു. സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗൺ ഏതാണ്ട് കാലിയായതോടെ ആവശ്യകത ഉയർന്നു . മൂന്നു ദിവസത്തിനിടെ കിലോയ്‌ക്ക് അഞ്ചു രൂപ വരെയാണ് കൂടിയത്.
ചൈനയുടെ വാങ്ങൽ കുറഞ്ഞാൽ വില താഴ്‌ത്താൻ വിയറ്റ്നാം നിർബന്ധിതരായേക്കും . വിയറ്റ്‌നാം കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് വൻതോതിൽ എത്തുന്നതാണ് ആഭ്യന്തര വിപണിക്ക് തിരിച്ചടി സൃഷ്‌ടിക്കുന്നത്. ഇന്ത്യയുടെ കയറ്റുമതി വില കൂടുതലായതിനാൽ അമേരിക്ക ഉൾപ്പെടെ പല വിദേശ രാജ്യങ്ങളും മറ്റ് വിപണികളിൽ നിന്നാണ് വാങ്ങുന്നത്. ഇന്ത്യയിൽ ടണ്ണിന് 7900 ഡോളറാണ് കയറ്റുമതി വില. ശ്രീലങ്കയിൽ 7300 ഡോളറും വിയറ്റ്നാം 7425 ഡോളറും ഇന്തോനേഷ്യ 7700 ഡോളറും ബ്രസീൽ 7300 ഡോളറും വില ക്വോട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |